അതേ, ഇത് വെറുമൊരു തമാശയല്ല, ഇത്തരത്തിലൊരു നിയമനിര്‍മാണത്തിനൊരുങ്ങുകയാണ് തുര്‍ക്കി. ഒരു സ്ത്രീയെ ബലാത്സംഗം ചെയ്താല്‍ അവളെ വിവാഹം ചെയ്താല്‍ പ്രതിക്ക് ശിക്ഷയില്‍നിന്ന് ഒഴിവാകാം. ഭീഷണിപ്പെടുത്തി പെണ്‍കുട്ടികളെ ലൈംഗികബന്ധത്തിന് ഇരയാക്കുന്ന വ്യക്തികളെ സംരക്ഷിക്കുന്ന നിയമത്തിന് എംപിമാര്‍ അംഗീകാരം നല്‍കിക്കഴിഞ്ഞു. രണ്ടുദിവസത്തിനുള്ളില്‍ നിയമമാക്കണമോ എന്ന കാര്യം വോട്ടിംഗിലൂടെ തീരുമാനിക്കും. നിയമം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യാന്‍ പരസ്യമായി അനുവദിക്കുന്നതാണെന്ന കടുത്ത വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.
കഴിഞ്ഞ ഒരു ദശകത്തിനിടയില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍കൂടിയിരിക്കെയാണ് ബലാത്സംഗത്തിന് നിയമപരിരക്ഷ കൂടി നല്കാന് തുര്‍ക്കി സര്‍ക്കാര്‍ ആലോചിക്കുന്നത്. ബില്ലിനെതിരേ വന്‍ പ്രതിഷേധം ഉയര്‍ന്നിരിക്കെ ഇത് ബലാത്സംഗത്തിന് നിയമ പരിരക്ഷ നല്കുകയല്ല മറിച്ച് ഇരകള്‍ക്ക് പുനരധിവാസത്തിന് സഹായകരമാകുന്ന നിയമമാണെന്നാണ് സര്‍ക്കാരിന്റെ ന്യായവാദം. എന്നാല്‍, കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമത്തെയും ബലംപ്രയോഗിച്ചുള്ള ശൈശവ വിവാഹങ്ങളെയും പ്രോത്സാഹിപ്പിക്കുന്ന നിയമമാണിതെന്ന് വിമര്‍ശകര്‍ പറയുന്നു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വന്‍തോതില്‍ വര്‍ധിച്ചുവരുന്നുവെന്ന ആരോപണം തുര്‍ക്കി നേരിടുന്നതിനിടെയാണ് ഈ നിയമം പാസാകുന്നത്. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ 40 ശതമാനത്തോളമാണ് വര്‍ധിച്ചത്.
കടുത്ത നിയമങ്ങളുണ്ടെങ്കിലും തുര്‍ക്കിയില്‍ 40 ശതമാനം സ്ത്രീകളും ബലാത്സംഗത്തിനോ കയ്യേറ്റത്തിനോ ഇരയാകുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. 2003 നും 2010 നും ഇടയില്‍ സ്ത്രീകള്‍ക്കെതിരേയുള്ള കൊലപാതകം 1,400 ശതമാനം വര്‍ദ്ധനവും ഉണ്ടായിട്ടുണ്ട്. തുര്‍ക്കിയിലെ ദരിദ്രമേഖലയില്‍ ചെറു പ്രായത്തില്‍ തന്നെ പെണ്‍കുട്ടികള്‍ വിവാഹം കഴിക്കുന്നതും ലൈംഗിക ചൂഷണത്തിന് വിധേയമാകുകയും കൂടുതലാണ്. ഭരണകക്ഷിയായ ജസ്റ്റിസ് ആന്‍ഡ് ഡെവലപ്മെന്റ് പാര്‍ട്ടിയാണ് പാര്‍ലമെന്റില്‍ വിവാദ ബില്‍ അവതരിപ്പിച്ചത്. പ്രതിപക്ഷം ശക്തമായി എതിര്‍ത്തെങ്കിലും ബില്‍ പാസാവുകയായിരുന്നു.