നിലന്പൂർ: ഒന്പതു കോടി തൊണ്ണൂറു ലക്ഷം രൂപയുടെ നിരോധിത തുർക്കി നോട്ടുകളുമായി അഞ്ചു പേരെ നിലന്പൂർ പോലീസ് പിടികൂടി. പെരിന്തൽമണ്ണ കരിങ്കല്ലത്താണി തെക്കേക്കരയിൽ അബ്ദുൾസലാം (45), കായംകുളം കമലാലയത്തിൽ ശ്രീജിത്ത് കൃഷ്ണൻ (35), എറണാകുളം വൈപ്പിൻ പള്ളിപ്പറന്പൻ സലീം (53), കായംകുളം സന്തോഷ് നിവാസിൽ സന്തോഷ്കുമാർ (45), പാലക്കാട് മുണ്ടൂർ പാറക്കൽ ജംഷീർ (29) എന്നിവരെയാണ് നിലന്പൂർ വെളിയന്തോട് വച്ച് ഇന്നലെ വൈകുന്നേരം നാലരയോടെ നിലന്പൂർ സിഐ കെ.എം. ബിജുവും സംഘവും അറസ്റ്റു ചെയ്തത്.
രഹസ്യവിവരത്തെ തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ വെളിയന്തോട് വച്ച് കാറിൽ വരികയായിരുന്ന അഞ്ചംഗസംഘത്തെ പിടികൂടുകയായിരുന്നു. തുർക്കിയിൽ ഒരു കറൻസിക്ക് അഞ്ചു ലക്ഷം രൂപ വിലയുള്ള 198 കറൻസികളാണ് ഇവരിൽ നിന്നു പിടികൂടിയത്. ഇന്ത്യൻ രൂപയുടെ മൂല്യവുമായി കണക്കാക്കുന്പോൾ ഇവിടെ ഇതിനു 110 കോടി രൂപ ലഭിക്കും. കാസർഗോഡു നിന്നു 25 ലക്ഷം രൂപ വില നൽകിയാണ് ഇവർ ഈ നിരോധിത കറൻസികൾ സ്വന്തമാക്കിയത്.
നിലന്പൂർ, പെരിന്തൽമണ്ണ എന്നിവയടക്കം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കൈമാറുന്നതിനാണ് സംഘം നോട്ടുകൾ എത്തിച്ചത്. പോലീസ് വിശദമായി പ്രതികളെ ചോദ്യം ചെയ്ത് വരുന്നു.