കോട്ടയം: പുതുതായി രൂപീകരിച്ച മഞ്ഞള്‍ ബോര്‍ഡിൽ കേരളത്തിലെ കര്‍ഷകര്‍ക്ക് പ്രതീക്ഷ. റബര്‍ ഒഴിവാക്കി മഞ്ഞള്‍ നടുന്ന ചെറുകിട കര്‍ഷകര്‍ ഏറെപ്പേരാണ്. ഇടവിളയായി മഞ്ഞള്‍ നടുന്നവരും കുറവല്ല.
മഞ്ഞളിന് കാര്യമായ വളപ്രയോഗമോ പരിചരണമോ നല്കേണ്ടെന്നതും കീടബാധ കുറവുണ്ടെന്നതും മെച്ചം. മാത്രവുമല്ല കാട്ടുമൃഗങ്ങള്‍ കൃഷി നശിപ്പിക്കുമെന്ന ആശങ്കയും വേണ്ട. ഇഞ്ചികൃഷിയേക്കാള് മഞ്ഞളിന് പ്രചാരം വര്‍ധിക്കാന്‍ ഇതിടയാക്കി.
ഇക്കൊല്ലം ഉണക്കമഞ്ഞള്‍ കിലോയ്ക്ക് 200 രൂപയും പൊടിക്ക് 350 രൂപയുമുണ്ട്. മരുന്ന്, സൗന്ദര്യസാമഗ്രികള്‍, സോപ്പ്, പാചകം എന്നിവയില്‍ മഞ്ഞളിന് ആവശ്യമേറുന്ന സാഹചര്യത്തില്‍ വിലയിടിയാനുള്ള സാധ്യതയില്ലെന്ന് വിപണി വൃത്തങ്ങള്‍ പറയുന്നു.
മഞ്ഞള്‍ സത്ത് അഥവാ കുര്ക്കുമിന് മരുന്ന്, ദാഹശമിനി എന്നിവയില്‍ വലിയ തോതില്‍ പ്രയോജനപ്പെടുത്തുന്നു.കേരളത്തില്‍ നിന്നുള്ള കസ്തൂരി മഞ്ഞള്‍ ഉള്‍പ്പെടെയുള്ള ഇനങ്ങള്‍ക്ക് യൂറോപ്പിലും ഗള്‍ഫിലും ആവശ്യക്കാരേറെയാണ്. വൈകാതെ മഞ്ഞള്‍കൃഷിക്ക് കേന്ദ്രം സബ്സിഡി പ്രഖ്യാപിക്കുമെന്നാണ് സൂചന.
തെലങ്കാനയിലെ നിസാമാബാദ് ആസ്ഥാനമായാണ് ദേശീയ മഞ്ഞള്‍ ബോര്‍ഡ് പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്. കോഴിക്കോട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസര്‍ച്ച് ഡയറക്ടറേറ്റും അംഗമാണ്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം രാജ്യത്ത് 3.05 ലക്ഷം ഹെക്ടറിലാണ് മഞ്ഞള്‍ കൃഷി നടന്നത്. ഇതില്‍ 15 ശതമാനം മാത്രമാണ് കേരളത്തിന്റെ വിഹിതം. 1.62 ലക്ഷം ടണ്‍ മഞ്ഞളും മൂല്യവര്‍ധിത ഉത്പന്നങ്ങളുമാണ് ഇന്ത്യ കയറ്റിയയച്ചത്. കേരളത്തില്‍ പാലക്കാട്, വയനാട്, തൃശൂര്‍ ജില്ലകളാണ് മഞ്ഞള്‍ കൃഷിയില്‍ മുന്നിലുള്ളത്.