സ്വന്തം ലേഖകൻ
പേരാമംഗലം: “എങ്ങനെ പഠിപ്പിക്കാനാ സാറേ… കുട്ടേ്യാൾടെ സംശ്യം ഞങ്ങൾക്കു പറഞ്ഞോടുക്കാനാവില്ലല്ലോ’ ഇൗ ചോദ്യത്തിന് ഉത്തരമായാണു വരടിയം ഇത്തപ്പാറ കോളനി നിവാസികൾക്കു മുന്പിൽ കുട്ടോൾടെ സ്വന്തം ട്യൂഷൻ ടീച്ചർ സുജിത ടീച്ചർ കടന്നു വന്നത്. അതിന് അവസരമൊരുക്കിയത് പേരാമംഗലം പോലീസും.
അവണൂർ പോസ്റ്റ് ഒാഫീസിലെ താത്കാലിക ജോലികൾ കഴിഞ്ഞ് ഭർത്താവും രണ്ടു മക്കളുമടങ്ങുന്ന കുടുംബത്തിലെ പണികൾക്കിടയിലാണ് സുജിത ടീച്ചർ ഇൗ സൗജന്യ സേവനത്തിനു സമയം കണ്ടെത്തുന്നത്.
കോളനിയിൽ സന്ദർശനം നടത്താറുള്ള ജനമൈത്രി പോലീസ് ബീറ്റ് ഓഫീസർമാരായ എ.ടി. വിനേഷ്, എസ്. സുമേഷ് എന്നിവരോടാണു കോളനി നിവാസികളായ വീട്ടമ്മമാർ ഇങ്ങനെയൊരു ആവശ്യം മുന്നോട്ടുവച്ചത്.
തങ്ങളുടെ കുട്ടികൾ പഠനത്തിൽ പിറകിലാണ്. അവർക്കു നന്നായി പഠിക്കാനുള്ള സാഹചര്യം ഒരുക്കണം. കുട്ടികൾ സംശയം ചോദിച്ചാൽ ഞങ്ങൾക്കു പറഞ്ഞുകൊടുക്കാനാകുന്നില്ല.
ഇതായിരുന്നു അവരുടെ പരാതി. ബീറ്റ് ഓഫീസർമാർ ഇക്കാര്യം ഇൻസ്പെക്ടർ വി. അശോക് കുമാറിനെ ധരിപ്പിച്ചു. അങ്ങനെയാണ് ട്യൂഷൻ കൊടുക്കാമെന്ന ആശയമുണ്ടായത്.
ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽതന്നെ ട്യൂഷൻ നടത്തിപ്പിനു സ്ഥലം കണ്ടെത്തി. ഉചിതരായ അധ്യാപികയെ കണ്ടെത്താനുള്ള ശ്രമത്തിനിടെയാണു വരടിയം വടക്കേ വളപ്പിൽ വി.കെ. ഉണ്ണികൃഷ്ണന്റെ ഭാര്യ സുജിത സൗജന്യമായി ക്ലാസെടുക്കാമെന്ന വാഗ്ദാനവുമായി സ്വമേധയാ മുന്നോട്ടു വന്നത്.
സൗജന്യ ട്യൂഷൻ ക്ലാസ് കഴിഞ്ഞ ദിവസം ഇത്തപ്പാറ നെയ്ത്തുശാല ഹാളിൽ ആരംഭിച്ചു. ഇതോടനുബന്ധിച്ച് എല്ലാ കുട്ടികൾക്കും ജനമൈത്രി പോലീസിന്റെ വക പഠനോപകരണങ്ങൾ വിതരണം ചെയ്തു.
ആദ്യ ദിവസംതന്നെ എൽകെജി മുതൽ പത്താം ക്ലാസുവരെയുള്ള അമ്പതിലധികം വിദ്യാർഥികളാണു ട്യൂഷൻ ക്ലാസിലെത്തിയത്.ട്യൂഷൻ ടീച്ചറായ സുജിത ബിഎസ്സി സുവോളജി, കെടെറ്റ്, ബിഎഡ് ബിരുദങ്ങൾക്കുടമയാണ്.