മുക്കം : ഒരു വർഷം മുൻപ് പ്രളയം വീടും വീട്ടുകാരേയും തകർത്തെറിഞ്ഞപ്പോൾ മുതൽ വളർത്തുനായ ടുട്ടു അനാഥനായി അലയുകയായിരുന്നു. കൂമ്പാറ-കല്‍പിനിയിലെ തയ്യില്‍തൊടി പ്രകാശനും ഭാര്യയും രണ്ട് മക്കളും അച്ഛനും അമ്മയും താമസിച്ചിരുന്ന വീട് കഴിഞ്ഞ വർഷത്തെ പെരുമഴയിലെ ഉരുൾപൊട്ടൽ തകർത്തെറിയുകയായിരുന്നു.
പ്രകാശന്റേയും മകൻ പ്രബിന്റേയും ജീവൻ ദുരന്തം തട്ടിയെടുത്തു. എല്ലാത്തിനും മൂകസാക്ഷിയായിരുന്നു വളർത്തുനായയായിരുന്നു ടുട്ടു . സര്‍വം തകര്‍ന്ന ആ വീട്ടില്‍ പട്ടിക്കൂട് മാത്രം അവശേഷിച്ചു. ദുരന്തത്തിൽ അവശേഷിച്ച വരെ രക്ഷാപ്രവർത്തകർ കൊണ്ടുപോയി. പക്ഷെ ടുട്ടു തകർന്ന കൂട്ടിൽ പുറത്തിറങ്ങാതെ കഴിഞ്ഞു.
കൂട്ടിൽ കഴിയുന്ന ടുട്ടുവിന്റെ ചിത്രം ഫ്രീലാന്‍സ് ഫോട്ടോഗ്രാഫർ സാലിം ജി.റോഡ് പകർത്തിയത് ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. പ്രകാശന്റെ അച്ഛൻ ഗോപാലനും അവശേഷിച്ച കുടുംബാംഗങ്ങളും ദുരിതാശ്വാസ ക്യാമ്പിലും പിന്നീട് വാടക വീട്ടിലും അഭയം തേടി. ടുട്ടു കാവൽക്കാരനായി അവിടെത്തുടർന്നു.
ഒരു വര്‍ഷം അങ്ങനെ കഴിഞ്ഞുകൂടി. ഇടക്കൊക്കെ ഗോപാലൻ സ്വന്തം സ്ഥലത്തേക്ക് വരുമ്പോള്‍ ടുട്ടു കൂടെക്കൂടും. തൊട്ടുരുമ്മിയും വാലാട്ടിയും സ്നേഹം പ്രകടിപ്പിക്കും. തിരികെപ്പോകുമ്പോൾ വാടകവീട് വരെ ടുട്ടു കൂടെ പോവും. ഒടുവിൽ ഗോപാലൻ സര്‍ക്കാര്‍ സഹായത്താല്‍ കഴിഞ്ഞ മാസം നാല് സെന്റ് സ്ഥലം വാങ്ങിച്ചു.
വീടിനു വേണ്ടിയുള്ള കാത്തിരിപ്പ് അനിശ്ചിതമായി നീളുന്ന സാഹചര്യത്തിൽ ആ സ്ഥലത്ത് നാട്ടുകാര്‍ താല്‍ക്കാലിക ഷെഡ് നിര്‍മിച്ചു നല്കി. ഇപ്പോള്‍ ഗോപാലനും ഭാര്യയും താല്‍ക്കലിക ഷെഡിലേക്ക് താമസം മാറി. ഇതറിഞ്ഞ ടുട്ടുവും അവിടേക്ക് തിരിച്ചെത്തിയിരിക്കുന്നു. ഒരു പ്രളയത്തിനും തകർക്കാനാവാത്ത ആ സ്നേഹ ബന്ധത്തിന്റെ പുനസമാഗമം.