മൗലാനയുടെ പ്രകോപിപ്പിക്കുന്ന ചോദ്യങ്ങള്‍ക്കുമുന്നില്‍ അടിപതറാതെ സംയമനം പാലിച്ച ടെലിവിഷന്‍ അവതാരകയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ താരമായിരിക്കുന്നത്. ദംഗലിലെ അഭിനേത്രി ഫാത്തിമ സന ബിക്കിനി ധരിച്ചതിന് നേരിടുന്ന ട്രോളുകളെക്കുറിച്ചുള്ള ചാനല്‍ ചര്‍ച്ചയിലാണ് മൗലാന യാസൂബ് അബ്ബാസിന്റെ പ്രകോപ്പിക്കുന്ന ചോദ്യങ്ങള്‍ക്ക് വിവേകത്തോടെ മറുപടി പറഞ്ഞ് അവതാരക ഫായെ ഡിസൂസ കൈയ്യടി വാങ്ങിയത്. ഫോട്ടോഷൂട്ടിനിടയില്‍ ബിക്കിനി ധരിച്ചതിന് വിമര്‍ശനം നേരിടേണ്ടിവന്ന ഫാത്തിമ സനയെ അനുകൂലിച്ച് സ്ത്രീകള്‍ക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ അവകാശമുണ്ടെന്നായിരുന്നു ഡിസൂസ ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞത്.
അവതാരകയുടെ വാദത്തിന് മറുപടിയായി മൗലാന പറഞ്ഞത് എങ്കില്‍ നിങ്ങള്‍ നിങ്ങളുടെ ജോലിസ്ഥലത്ത് അടിവസ്ത്രം ധരിച്ച് വരണം അങ്ങനെയെങ്കില്‍ പുരുഷനെയും സ്ത്രീയേയും തുല്യമായി പരിഗണിക്കാം എന്നായിരുന്നു. മൗലാനയുടെ പ്രതികരണത്തിനു ശേഷം ചര്‍ച്ചയില്‍ പങ്കെടുത്ത എല്ലാവരും ഒരു നിമിഷം നിശ്ബ്ദരായെങ്കിലും വാദങ്ങള്‍ക്കെതിരെ അവര്‍ ആഞ്ഞടിച്ചു. ഈ സമയത്തായിരുന്നു അവതാരകയുടെ അവസരോചിതമായ ഇടപെടല്‍. ഉറച്ച ശബ്ദത്തില്‍ അവര്‍ പറഞ്ഞു. ഞാന്‍ പ്രകോപിതയാകുമെന്നാണ് അദ്ദേഹം കരുതിയത്. ഒരു തര്‍ക്കത്തിനു തന്നെ താന്‍ മുതിരും എന്നും അദ്ദേഹം കരുതിയിട്ടുണ്ടാകും. ബാലിശമായ അദ്ദേഹത്തിന്റെ ഈ വാദം കേട്ട് താന്‍ കോപിച്ച് വിറച്ച് ജോലി എന്താണെന്ന് മറുന്നുപോകുമെന്നും അദ്ദേഹം കരുതിയിട്ടുണ്ടാകും. എങ്കില്‍ ഞാന്‍ താങ്കളോട് പറയട്ടെ ഇതുപോലെ പലരെയും കണ്ടിട്ടുണ്ട്. നിങ്ങള്‍ എന്നെ ഭയപ്പെടുത്തിയിട്ടില്ല, ഞാന്‍ നിങ്ങളെ ഭയക്കുന്നുമില്ല. അവതാരക പറഞ്ഞു.
ചില പുരുഷന്മാര് കരുതുന്നത് ജോലി ചെയ്യുന്ന സന ഫാത്തിമയെ അപമാനിച്ചാല്‍, അതല്ലെങ്കില്‍ സാനിയ മിര്‍സയെ അപമാനിച്ചാല്‍ അവര്‍ ജോലി നിര്‍ത്തി ഭയന്ന് വിറച്ച് അവര്‍ കീഴടക്കിവച്ചിരിക്കുന്ന പൊതു ഇടങ്ങള്‍ ഉപേക്ഷിച്ച് അടുക്കളയിലേക്ക് ഓടി പോകുമെന്നാണ്. എന്നാല്‍ ഞാന്‍ പറയട്ടെ മൗലാനാജി നിങ്ങള്‍ക്ക് തെറ്റി. ഞങ്ങള്‍ എവിടെയും പോകുന്നില്ല ഞങ്ങള്‍ ഇവിടെ തന്നെയുണ്ടാകും. അവതാരക കൂട്ടിച്ചേര്‍ത്തു. ചര്‍ച്ചയിലുടനീളം സന ഫാത്തിമയ്ക്ക് അവര്‍ക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ അവകാശം ഉണ്ട് എന്ന കാര്യത്തില്‍ ഉറച്ചു നിന്നാണ് അവതാരക സംസാരിച്ചത്. ഫോട്ടോ ഷൂട്ടിനിടയില്‍ സന ഫാത്തിമ ബിക്കിനി ധരിച്ചതിനെതിരെ റമദാന് മാസമെങ്കിലും ഇത്തരത്തിലുള്ള വസ്ത്രം ഒഴിവാക്കികൂടേ എന്ന തരത്തില്‍ വിമര്‍ശനങ്ങളും ട്രോളുകളും സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു. ഏതായാലും ഇത്തരത്തില്‍ സ്ത്രീകളെ അവരുടെ വസ്ത്രംകൊണ്ട് മാത്രം വിലയിരുത്തുന്ന സമുഹത്തിന് ഒരു തിരിച്ചടിയായിരിക്കുകയാണ് ഈ അവതാരകയുടെ വാക്കുകള്‍.