തൃശൂർ: ഇന്നലെ പതിവുപോലെ ഫേസ് ബുക്ക് നോക്കുന്പോഴാണ് ശരണംവിളികൾ നിറഞ്ഞ ഒരു കമന്റ് കണ്ടത്. നോക്കിയപ്പോൾ അതിനുതാഴെ നല്ല അസ്സല് ചീത്തവിളി. തൊട്ടുപിന്നാലെ കളക്ടർ സ്ഥാനം രാജിവച്ചോണം എന്ന ശാസന… അവിടന്നങ്ങോട്ട് മേളം തന്നെ…പിന്നെയാണ് കാര്യം മനസിലായത്.
എനിക്കെതിരെയല്ല, എന്റെയും കൂടി കളക്ടറായ ടി.വി.അനുപമയ്ക്കെതിരെയുള്ള കമന്റുകളാണ് ആളുമാറി എന്റെ ഫേസ്ബുക്കിൽ ആളുകൾ പോസ്റ്റു ചെയ്യുന്നതെന്ന് – തന്റെ ഫേസ് ബുക്കിൽ വന്നു നിറയുന്ന കമന്റുകൾ വായിച്ചും കാണിച്ചും നടി അനുപമ പരമേശ്വരൻ രാഷ്ട്രദീപികയോടു പറഞ്ഞു.
ഇന്നലെ മുഴുവൻ ഞാനും അമ്മയും അനുജനും കൂടി ഇതെല്ലാം വായിച്ച് ചിരിച്ച് ചിരിച്ച് വയ്യാതായി. എന്നെ കളക്ടറാക്കി കൊന്നു കൊലവിളിക്കുകയല്ലേ എല്ലാവരും കൂടി. എങ്ങനെ ചിരിക്കാതിരിക്കും – അനുപമ ചിരിച്ചുകൊണ്ട് തന്നെ പറഞ്ഞു.
ഇന്നു രാവിലെ ഹൈദരാബാദിലേക്ക് പോകാനുള്ളതുകൊണ്ടു ഫേസ് ബുക്ക് തുറന്ന് വായിക്കാൻ പറ്റിയിട്ടില്ല. നിറഞ്ഞുകിടക്കുന്നുണ്ടാകും, എനിക്കുറപ്പാണ് – സൂപ്പർഹിറ്റ് സിനിമയായ രാക്ഷസന്റെ തെലുങ്കുപതിപ്പിൽ അഭിനയിക്കാൻ ഹൈദരാബാദിലേക്ക് പോകാനുള്ള ഒരുക്കങ്ങൾക്കിടെ അനുപമ പറഞ്ഞു.ഒരു കാര്യമറിയാമോ എന്ന് അനുപമ തിരിച്ചു ചോദിച്ചു.
ഇത് പുതിയ സംഭവമല്ല. തൃശൂർ ജില്ലാ കളക്ടറായി ടി.വി.അനുപമ ചാർജെടുത്തപ്പോൾ എന്റെ ഫേസ്ബുക്കിൽ എന്നെ അഭിനന്ദിച്ച് ചിലർ പോസ്റ്റിട്ടിരുന്നു- അനുപമ പരമേശ്വരൻ പറഞ്ഞു.