നന്മനിറഞ്ഞ പ്രവര്‍ത്തിയുടെ പേരില്‍ തൃശൂര്‍ കളക്ടര്‍ ടി വി അനുപമയുടെ പേര് വീണ്ടും വാര്‍ത്തകളില്‍. കളക്ടറില്‍ നിറഞ്ഞുനില്‍ക്കുന്ന ഈ നന്മയും ആത്മാര്‍ത്ഥതയും അവര്‍ക്ക് എവിടെ നിന്നാണ് കിട്ടിയിരിക്കുന്നതെന്നും വ്യക്തമാക്കുന്നു, ഈ സംഭവം.
സുഹൃത്തുക്കളുമായി ചേര്‍ന്ന് സമാഹരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ടി വി രമണി മന്ത്രിമാരായ വി.എസ്.സുനില്‍ കുമാറിനും സി.രവീന്ദ്രനാഥിനും നല്‍കുമ്പോള്‍ അരികില്‍ തൃശൂര്‍ കളക്ടറായി മകള്‍ ടി വി അനുപമയുമുണ്ടായിരുന്നു.
ആറുലക്ഷം രൂപയുടെ ചെക്കാണ് ടി വി രമണിയും സുഹൃത്തുക്കളും ചേര്‍ന്ന് സമാഹരിച്ചത്. തുക സ്വീകരിച്ച ശേഷം മന്ത്രി വി എസ് സുനില്‍ കുമാര്‍ ഔദ്യോഗിക നടപടിക്രമങ്ങള്‍ക്കായി ചെക്ക് അമ്മയുടെ മുന്നില്‍വച്ചു തന്നെ മകള്‍ക്ക് കൈമാറുന്ന അപൂര്‍വങ്ങളില്‍ അപൂര്‍വമായ സംഭവത്തിനും കളക്ടറേറ്റ് സാക്ഷ്യം വഹിച്ചു.
ടി വി രമണി നിലവില്‍ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡില്‍ അസി. എക്സിക്യൂട്ടീവ് എന്‍ജിനീയറായി ജോലി ചെയ്ത് വരികയാണ്. മഹാരാജ ടെക്നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സിവില്‍ എന്‍ജിനീയറിങ് ബാച്ചില്‍ പഠിച്ചവര്‍ ചേര്‍ന്ന് സമാഹരിച്ച തുക നല്‍കുന്നതിനാണ് രമണിയും സുഹൃത്തുക്കളും എത്തിയത്. രമണിയുടെ സഹപാഠികളായ അബ്ദുല്‍ ലത്തീഫ്, വില്‍സണ്‍ പൗലോസ്, ഡയസ്, സതീശന്‍, പുഷ്പരാജ്, സുലൈമാന്‍, ഫ്രാന്‍സിസ്, പത്മരാജന്‍ എന്നിവരും ധനസഹായം നല്‍കുന്നതിന് കളക്ടറേറ്റില്‍ എത്തിയിരുന്നു.