എല്ലാവരും വോട്ട് ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ചും പോസ്റ്ററുകള്‍ ഒട്ടിച്ചും കളക്ടര്‍ ടി.വി. അനുപമ! തൃശൂരില്‍ സ്ഥാനാര്‍ത്ഥികളേക്കാള്‍ ഉത്സാഹത്തില്‍ വോട്ട് ചോദിച്ച് കളക്ടറെത്തിയപ്പോള്‍ സംശയിച്ച് ജനങ്ങള്‍; ഒടുവില്‍ കളക്ടര്‍ തന്നെ കാര്യം വ്യക്തമാക്കി

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ പോസ്റ്റര്‍ ഒട്ടിക്കാനും വോട്ടര്‍മാരെ കണ്ട് വോട്ട് ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കാനുമൊക്കെ ചൂടും വെയിലുമൊക്കെ മറന്ന് ഓടിപ്പാഞ്ഞ് നടക്കുക സ്ഥാനാര്‍ത്ഥികളും പാര്‍ട്ടി പ്രവര്‍ത്തകരുമൊക്കെയാണ് . എന്നാല്‍ തൃശൂര്‍ മണ്ഡലത്തില്‍ വോട്ടര്‍മാരോട് വോട്ടഭ്യര്‍ത്ഥിച്ചും പോസ്റ്റര്‍ ഒട്ടിച്ചുമെല്ലാം മടക്കുന്നത് ജില്ലാ കളക്ടറാണ്. മറ്റാരുമല്ല, മലയാളികളുടെ ഇഷ്ടക്കാരിയായ സാക്ഷാല്‍ പി.വി. അനുപമ.

ട്രാന്‍സ്‌പോര്‍ട്ട് സ്റ്റാന്റില്‍ പാര്‍ക്ക് ചെയ്ത ബസുകളില്‍ സ്റ്റിക്കര്‍ പതിച്ചും അകത്തുകയറി ചുറുചുറുക്കോടെ യാത്രാക്കാരുടെ വോട്ടുറപ്പാക്കിയും ‘തൃശൂര്‍ മണ്ഡലത്തില്‍’ സജീവമാണ് അനുപമയിപ്പോള്‍. സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിടത്ത് എല്ലാവരും വോട്ട് ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ചാണ് കളക്ടര്‍ എത്തിയത്. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ കളക്ടര്‍ ആരും വോട്ട് ചെയ്യാനുള്ള അവസരം പാഴാക്കരുതെന്ന് പറയാനുള്ള പ്രചാരണത്തിലാണ്.

കളക്ടറെ കണ്ട് ആദ്യം ആളുകള്‍ സംശയിച്ചെങ്കിലും അധികം സമയം നല്‍കാതെ കളക്ടര്‍ തന്നെ കാര്യം പറഞ്ഞു. ‘വോട്ട് നമ്മുടെ അവകാശം’. വോട്ടവകാശം ഓര്‍മിപ്പിച്ചുള്ള ബോധവത്കരണത്തിന്റെ ഭാഗമായിട്ടായിരുന്നു കളക്ടറെത്തിയത്. കളക്ടര്‍ അനുപമയും അസി.കളക്ടര്‍ പ്രേം കൃഷ്ണയും ഇലക്ഷന്‍ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ വിജയനും ബസുകളില്‍ കയറിയിറങ്ങി വോട്ടവകാശം വിനിയോഗിക്കേണ്ടത് യാത്രക്കാരെ ഓര്‍മ്മിപ്പിച്ചു.

ബസുകളില്‍ ഇലക്ഷന്‍ സ്വീപ്പിന്റെ ഭാഗമായി സ്വീപ് ലോഗോ അടങ്ങിയ സ്റ്റിക്കറുകളും പതിച്ചു. വോട്ടവകാശവും, ഹരിത തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ പാലിക്കുന്നതിന്റെ അവബോധമുണ്ടാക്കുന്നതിനുമാണ് ജില്ലാ ഭരണകൂടത്തിന്റെ വേറിട്ടൊരു പ്രചാരണ രീതി. ബസിനുള്ളില്‍ കയറിയ കളക്ടറെ ആദ്യം ആര്‍ക്കും മനസിലായില്ല. പിന്നീടാണ് പലരും തിരിച്ചറിഞ്ഞത്. ഇതിനിടെ കളക്ടര്‍ക്കൊപ്പം സെല്‍ഫിയെടുക്കാനും യാത്രക്കാര്‍ തിരക്ക് കൂട്ടി. ഏറെ സമയം ഇവിടെ ചിലവിട്ട കളക്ടര്‍ വോട്ടിന്റെ പ്രാധാന്യം ഓര്‍മിപ്പിച്ചാണ് മടങ്ങിയത്.

Related posts