നിരവധി തവണ വിവിധ പ്രവര്‍ത്തനങ്ങളിലൂടെ പൊതുജനത്തിന്റെ കയ്യടി നേടിയിട്ടുള്ള ഐഎഎസ് ഉദ്യോഗസ്ഥയാണ് നിലവിലെ തൃശൂര്‍ കളക്ടര്‍ ടി. വി. അനുപമ. ഇപ്പോഴിതാ വീണ്ടും ലാളിത്യത്തിന്റെ പര്യായമായി മാറിക്കൊണ്ട് കളക്ടര്‍ വീണ്ടും അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങുന്നു.
പോളിങ് സ്റ്റേഷനുകളില്‍ വോട്ടിങ് സാമഗ്രികള്‍ വന്നുതുടങ്ങിയതിന്റെയും അതു സുരക്ഷിതമായി വയ്ക്കുന്നതിന്റെയും ദൃശ്യങ്ങളിലൊന്നിലാണ് കളക്ടറുടെ ലാളിത്യം വ്യക്തമായിരിക്കുന്നത്. വാഹനത്തില്‍ നിന്ന് വോട്ടിങ് സാമഗ്രികള്‍ പോളിങ് സ്റ്റേഷനിലേക്ക് വയ്ക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെ കൂട്ടത്തിലുള്ള ആളെ വിഡിയോ കണ്ടവര്‍ തിരിച്ചറിഞ്ഞതോടെയാണ് ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായത്. ഭാരമേറിയ വോട്ടിങ് സാമഗ്രികള്‍ പോളിങ് ബൂത്തിലേക്ക് മാറ്റാന്‍ പോലീസുകാരെയും മറ്റ് ഉദ്യോഗസ്ഥരെയും സഹായിക്കുന്ന കളക്ടറുടെ വീഡിയോ പലര്‍ക്കും അത്ഭുതവുമായിരുന്നു.
കളക്ടറുടെ പ്രവര്‍ത്തിക്ക് കൈയടിച്ചുകൊണ്ടാണ് ആളുകള്‍ ഈ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നത്. സാധാരണക്കാരുടെ കളക്ടര്‍ എന്ന പേര് വീണ്ടും ഊട്ടിയുറപ്പിച്ചിരിക്കുകയാണ് കളക്ടര്‍.