തൃശൂർ: അയ്യപ്പന്റെ പേരിൽ വോട്ടഭ്യർഥിച്ച തൃശൂരിലെ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപിക്കു ജില്ലാ കളക്ടറുടെ നോട്ടീസ്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നു കാട്ടിയാണ് ജില്ലാ കളക്ടർ ടി.വി. അനുപമ നോട്ടീസ് നല്‍കിയത്. 48 മണിക്കൂറിനകം വിശദീകരണം നല്‍കാനും നിർദേശിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച തേക്കിൻകാട് മൈതാനത്തു നടന്ന എൻഡിഎയുടെ കണ്‍വൻഷനിലായിരുന്നു സുരേഷ് ഗോപിയുടെ വിവാദ പ്രസംഗം. ശബരിമലയുടെ പശ്ചാത്തലത്തിലാണ് താൻ വോട്ടിനുവേണ്ടി അപേക്ഷിക്കുന്നത്. ശബരിമല വിഷയം അയ്യപ്പഭക്തർ കേരളത്തിൽ മാത്രമല്ല ഭാരതത്തിൽ മുഴുവൻ അലയടിപ്പിച്ചിരിക്കും. പ്രചാരണ വേളകളിൽ ശബരിമല ചർച്ചയാക്കില്ലെന്നു താൻ പ്രതിജ്ഞ ചെയ്യുന്നു തുടങ്ങിയവയായിരുന്നു പ്രസംഗത്തിലെ പ്രസക്തഭാഗങ്ങൾ. പ്രസംഗത്തിലെ വിവാദഭാഗം നോട്ടീസിൽ പരാമർശിച്ചിട്ടുണ്ട്.
മാതൃകാ പെരുമാറ്റച്ചട്ടമനുസരിച്ച് ജാതിയുടെയും സാമുദായിക വികാരങ്ങളുടെയും പേരിൽ വോട്ടുചോദിക്കാൻ പാടില്ല. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പുറപ്പെടുവിച്ച നിർദേശങ്ങളിൽ ശബരിമല തെരഞ്ഞെടുപ്പു വിഷയമാക്കരുതെന്ന് പരാമർശിച്ചിരുന്നു. ഈ നിർദേശങ്ങൾക്കു വിരുദ്ധമാണ് സുരേഷ് ഗോപിയുടെ വാക്കുകൾ എന്നു കാണുന്നതായി കളക്ടർ നോട്ടീസിൽ പറയുന്നുണ്ട്.