സ്വന്തം ലേഖകൻ
തൃശൂർ: മുൻ മന്ത്രി തോമസ് ചാണ്ടിയുടെ ലേക്ക് പാലസ് റിസോർട്ടിനു മുന്നിലുള്ള പാർക്കിംഗ് സ്ഥലവും അപ്രോച്ച് റോഡും പൊളിക്കണമെന്ന നോട്ടീസിൽ ഒപ്പിട്ട് ആലപ്പുഴ ജില്ലയിൽനിന്നും ടി.വി.അനുപമ തൃശൂരിലേക്കെത്തി. തൃശൂർ ജില്ലയുടെ പുതിയ കളക്ടറായി അനുപമ ഇന്നു ചുമതലയേറ്റു. തൃശൂരിലെ കളക്ടറായിരുന്ന ഡോ.എ.കൗശിഗൻ തൽസ്ഥാനമൊഴിഞ്ഞ് വാട്ടർ അഥോറിറ്റി എംഡിയായി കഴിഞ്ഞദിവസം മാറിയതോടെയാണ് അനുപമ തൃശൂരിലെത്തിയത്.
കേരളത്തിലെ യുവ ഐഎഎസ് ഉദ്യോഗസ്ഥരിൽ പ്രമുഖയാണ് ടി.വി.അനുപമ. നോക്കുകൂലി, പച്ചക്കറികളിലെ കീടനാശിനികളുടെ അമിത സാന്നിധ്യം, ഭക്ഷ്യവസ്തുക്കളിലെ മായം കലർത്തൽ, അനധികൃത ഭൂമി കയ്യേറ്റത്തിനെതിരെയുള്ള കർശന നടപടികൾ എന്നിവയിലൂടെ അനുപമ ഏറെ ജനപ്രീതി പിടിച്ചുപറ്റിയിട്ടുണ്ട്.
കോഴിക്കോട് അസിസ്റ്റന്റ് കളക്ടർ, കാസർഗോഡ് സബ് കളക്ടർ, തലശേരി സബ് കളക്ടർ, ആറളം ട്രൈബൽ ഡെവലപ്മെന്റ് മിഷൻ സ്പെഷൽ ഓഫീസർ, ഭക്ഷ്യസുരക്ഷ കമ്മീഷണർ, ടൂറിസം ഡയറക്ടർ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്.
2002 ൽ പൊന്നാനി വിജയമാതാ കോണ്വെന്റ് ഹൈസ്കൂളിൽ നിന്നും പതിമൂന്നാം റാങ്കോടെ പത്താംക്ലാസ് പഠനം പൂർത്തിയാക്കി. തുടർന്ന് തൃശൂർ സെന്റ് ക്ലെയേഴ്സ് ഹയർ സെക്കൻഡറി സ്കൂളിൽനിന്നും മൂന്നാം റാങ്കോടെ പ്ലസ് ടു വിജയിച്ചു.
രാജ്യത്തെ പ്രമുഖ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നായ ഗോവയിലെ ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസിൽ (ബിറ്റ്സ്) നിന്ന് 92 ശതമാനം മാർക്കോടെ ബിഇ (ഓണേഴ്സ്) വിജയിച്ചു. 2008 ജൂലൈ മുതൽ സിവിൽ സർവീസ് പരീക്ഷയ്ക്കുള്ള തയാറെടുപ്പിലായി.
തിരുവനന്തപുരത്തെ സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമി, പാലാ സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ട്, ഡൽഹി എഎൽഎസ് എന്നിവിടങ്ങളിലായിരുന്നു പരിശീലനം. ജ്യോഗ്രഫിയും മലയാള സാഹിത്യവുമായിരുന്നു ഇഷ്ടവിഷയങ്ങളായി അനുപമ തെരഞ്ഞെടുത്തത്. 2009 ൽ നാലാം റാങ്കോടെ ഇന്ത്യൻ സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം നേടി.
മലപ്പുറം പൊന്നാനി മാറാഞ്ചേരി സ്വദേശിയായ അനുപമ പോലീസ് ഉദ്യോഗസ്ഥനായിരുന്ന പരേതനായ പനന്പാട് പറയേരിക്കൽ കെ.കെ.ബാലസുബ്രമണ്യത്തിന്റെയും ഗുരുവായൂർ ദേവസ്വം ബോർഡ് അസിസ്റ്റന്റ് എൻജിനീയറായ ടി.വി.രമണിയുടെയും മൂത്ത മകളാണ്. സഹോദരി നിഷ.
ജനപക്ഷത്തുനിന്ന് നിലപാടുകൾ കൈക്കൊള്ളുന്ന പബ്ലിക് സെർവന്റ് എന്ന വിശേഷണം ചുരുങ്ങിയ കാലം കൊണ്ട് നേടിയെടുത്ത അനുപമ ഇനി പഠിച്ച നാടിനെ സേവിക്കാനാണ് എത്തിയിരിക്കുന്നത്.