ആലപ്പുഴ: യഥാര്‍ഥ ജീവിതകഥയുടെ തീഷ്ണത സിനിമയുടെ ഫാന്റസിയെ പലപ്പോഴും കടത്തിവെട്ടാറുണ്ട്. രണ്ട് വര്‍ഷം മുന്‍പ് കാണാതായ അമ്മയെ തേടി അലഞ്ഞ മക്കള്‍ക്ക് ഒരു സ്വകാര്യ ചാനല്‍ തുണയായ സംഭവവും ഇത്തരമൊരു യാഥാര്‍ഥ്യമാണ്. സിനിമയില്‍ മാത്രം കണ്ടിരുന്ന അനശ്ചിതത്വങ്ങളുടെ ശുഭപര്യവസാനം ഇത്തവണ സംഭവിച്ചത് തിരുവല്ല സ്വദേശികളായ ബാഹുലേയന്റെയും ലക്ഷ്മിയുടെയും ജീവിതത്തിലാണ്. ഈ സഹോദരങ്ങള്‍ക്ക് ജീവിതനാടകങ്ങള്‍ക്കൊടുവില്‍ തിരിച്ചുകിട്ടിയത് അവരുടെ അമ്മയെയാണ്.തലവടി ആനപ്രാമ്പാല്‍ സ്നേഹഭവനില്‍ സ്‌കൂള്‍ കുട്ടികളുടെ നേതൃത്വത്തില്‍ നടന്ന ക്രിസ്മസ് ആഘോഷപരിപാടിയുടെ മനോരമ ന്യൂസ് റിപ്പോര്‍ട്ടിലാണ് രണ്ട് വര്‍ഷം മുന്‍പ് കാണാതായ കൊല്ലം പന്മന മുല്ലക്കേരി ശാന്താലയത്തില്‍ ശാന്തമ്മയെ (74) യുടെ മുഖം മകന്‍ ബാഹുലേയന്‍ വീട്ടിലിരുന്നു കണ്ടത്. പെറ്റമ്മയെ കണ്ടയുടന്‍ ബാഹുലേയന്‍ തിരിച്ചറിയുകയും ചെയ്തു.
ഭര്‍ത്താവിനും ഇളയ മകനുമൊപ്പം ശാന്തമ്മ കുടുംബ വീട്ടില്‍ താമസിക്കുമ്പോഴാണ് രണ്ടു വര്‍ഷം മുന്‍പ് ഭര്‍ത്താവ് ദാമോദരന്‍ നായര്‍ മരിച്ചത്. ഇതോടെ മാനസികമായി തകര്‍ന്ന ശാന്തമ്മ മാവേലിക്കരയിലുള്ള മകളുടെ വീട്ടിലേക്ക് യാത്രതിരിച്ചതാണ്. എന്നാല്‍, ഓര്‍മക്കുറവ് വിനയായി. ഇറങ്ങേണ്ട സ്ഥലം മാറിയിറങ്ങി. പിന്നീട് എല്ലാം താറുമാറായി. വീട്ടിലേക്കുള്ള വഴിയും മറന്നു. കുറച്ചു ദിവസം ഓച്ചിറ ക്ഷേത്രത്തില്‍ തങ്ങുകയും പിന്നീട് അറുനീറ്റി മംഗലത്തുള്ള ദയഭവനിലും നാലു മാസം മുന്‍പ് സ്നേഹ ഭവനിലും എത്തുകയായിരുന്നു. കേരളത്തിന് പുറത്തുള്ളതും അകത്തുള്ളതുമായി ക്ഷേത്രങ്ങളില്‍ അടക്കം അമ്മയെ തേടിയുള്ള യാത്രയിലായിരുന്നു മക്കള്‍. രണ്ടുവര്‍ഷം ശാന്തമ്മയെ തിരയാത്ത സ്ഥലമില്ല. പന്മന പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. പക്ഷെ ഗുണമുണ്ടായില്ല. എന്നാല്‍ ഇപ്പോള്‍ ടിവി ചാനല്‍ തുണയായി അമ്മയെ തേടി അലഞ്ഞ മക്കള്‍ക്ക് അമ്മയ്ക്കൊപ്പം പുതുവര്‍ഷം ആഘോഷിക്കാം.