വ്യാജ വിഷം കുടി ലൈവ്! കര്‍ഷക ആത്മഹത്യ ചിത്രീകരിക്കാന്‍ ചാനല്‍ റിപ്പോര്‍ട്ടറുടെ കുറുക്കുവിദ്യ, ലോകം കണ്ടപ്പോള്‍ പ്രതിഷേധപ്പെരുമഴ

newwവാര്‍ത്ത ചാനലുകള്‍ കൂണുപോലെ വളര്‍ന്നപ്പോള്‍ എക്‌സ്ക്ലൂസീവ് വാര്‍ത്തകള്‍ക്കായുള്ള ഓട്ടവും തുടങ്ങി. അങ്ങനെ ആര്‍ക്കും കിട്ടാത്ത വാര്‍ത്തയ്ക്കായി ഒരു ചാനല്‍ റിപ്പോര്‍ട്ടറുടെ തലയില്‍ ഉദിച്ച ബുദ്ധി ഇപ്പോള്‍ ലോകമറിഞ്ഞു. നാണക്കേടാകുകയും ചെയ്തു. കര്‍ണാടകയിലെ ബെല്ലാരി താലൂക്കിലെ കുര്‍ഗലഗുണ്ടിയില്‍ ചിത്രീകരിച്ചെന്ന് പറയപ്പെടുന്ന വീഡിയോ ഇപ്പോള്‍ ഓണ്‍ലൈനില്‍ വൈറലായിരിക്കുകയാണ്. ജലക്ഷാമം മൂലം ആറേക്കറിലെ മുളകു കൃഷി നശിപ്പിക്കേണ്ടി വന്നുവെന്ന കര്‍ഷകന്റെ പരാതിക്ക് വലിയ മാധ്യമ ശ്രദ്ധ ലഭിക്കുകയാണ് ഈ ഉദ്ദ്യമത്തിന് പിന്നിലെ ലക്ഷ്യം. കര്‍ഷക നേതാക്കള്‍ തന്നെയാണ് മാധ്യമപ്രവര്‍ത്തകരെ സ്ഥലത്തേക്ക് വിളിപ്പിച്ചതെന്ന് അറിയുന്നു. സംഭവം വിവാദമായതോടെ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

ചാനല്‍ റിപ്പോര്‍ട്ടറുടെ നേതൃത്വത്തില്‍ പരിശീലനം നല്കിയ ശേഷമാണ് വിഷംകുടി അരങ്ങേറുന്നത്. പത്തു പതിനഞ്ചോളം പേര്‍ ചുറ്റും നിരന്നുനില്‍പ്പുണ്ട്. കര്‍ഷകന്‍ വിഷം വായിലേക്ക് കമത്താന്‍ ശ്രമിക്കുമ്പോള്‍ ചുറ്റുമുള്ളവര്‍ തടയാന്‍ ശ്രമിക്കുന്നു. മികച്ച ഷോട്ട് കിട്ടാന്‍ ഇതിനിടെ വീണ്ടും ചിത്രീകരിക്കാമെന്നും പറയുന്നു. വിഷം കുടിക്കുമ്പോള്‍ കാമറയിലേക്ക് നോക്കരുതെന്നും ഉപദേശവും തൊട്ടുപിന്നാലെ ക്യാമറമാന്‍ നല്‍കുന്നുണ്ട്. വീഡിയോ പകര്‍ത്തല്‍ കഴിഞ്ഞോയെന്നു കര്‍ഷകന്‍ കാമറാമാനോട് ചോദിക്കുന്നതോടെയാണ്. സംഭവം വിവാദമായതോടെ വ്യാപക പ്രതിഷേധവും ഉയര്‍ന്നിട്ടുണ്ട്. റിപ്പോര്‍ട്ടര്‍ക്കെതിരേ നടപടി വേണമെന്ന ആവശ്യം ശക്തമാണ്.

Related posts