കൊച്ചി: വാറന്റി കാലയളവില് പ്രവര്ത്തനരഹിതമായ ടിവി റിപ്പയര് ചെയ്തു നല്കുന്നതില് വീഴ്ച വരുത്തിയ ടിവി നിര്മാതാക്കള് ക്കെതി രേ 8000 രൂപ പിഴ വിധിച്ച് എറണാകുളം ജില്ലാ ഉപഭോക്തൃ തര്ക്കപരിഹാര കമ്മീഷന് ഉത്തരവിട്ടു.
5,000 രൂപ നഷ്ടപരിഹാരവും 3,000 രൂപ കോടതി ചെലവും 45 ദിവസത്തിനകം ഉപഭോക്താവിന് നല്കണമെന്നാണ് ഉത്തരവ്. കോതമംഗലം സ്വദേശി സൗരവ് കുമാര് സാംസംഗ് ഇന്ത്യ ലിമിറ്റഡിനെതിരെ സമര്പ്പിച്ച പരാതിയിലാണ് കമ്മീഷന്റെ ഇടപെടല്.
15,200 രൂപ നല്കിയാണ് പരാതിക്കാരന് എല്ഇഡി ടിവി വാങ്ങിയത്. മൂന്നു വര്ഷത്തിനുള്ളില് തന്നെ ടിവി പ്രവര്ത്തനരഹിതമായതിനെ തുടര്ന്നാണ് എതിര്കക്ഷിയെ സമീപിച്ചത്.
എന്നാല് വാറന്റി കാലയളവിനുള്ളില് തകരാര് ആയിട്ടും ടിവി റിപ്പയര് ചെയ്തു നല്കാന് കമ്പനി വിസമ്മതിച്ചു. തുടര്ന്നാണ് ടിവിയുടെ വില, നഷ്ടപരിഹാരം, കോടതി ചെലവ് എന്നിവ ആവശ്യപ്പെട്ടു പരാതിക്കാരന് കമ്മീഷനെ സമീപിച്ചത്.
വാറന്റി കാലയളവിനുള്ളില് ടിവി പ്രവര്ത്തനരഹിതമായിട്ടും അത് പരിഹരിക്കാന് തയാറാകാതിരുന്നത് സേവനത്തിലെ ന്യൂനതയും അധാര്മികമായ വ്യാപാര രീതിയുമാണെന്ന് ഡി.ബി. ബിനു അധ്യക്ഷനും വി. രാമചന്ദ്രന്, ടി.എന്. ശ്രീവിദ്യ എന്നിവര് അംഗങ്ങളുമായ ബെഞ്ച് നിരീക്ഷിച്ചു. പരാതിക്കാരന് വേണ്ടി അഡ്വ. ടോം ജോസഫ് ഹാജരായി.