കോഴിക്കോട്: സിറ്റിപോലീസിന് കളങ്കമായി മാറിയ ടിവി മോഷണ കേസില്‍ നാലുപേരെ കുറിച്ച് പോലീസ് അന്വേഷിക്കുന്നു. മൊഫ്യൂസില്‍ ബസ്റ്റാന്‍ഡ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നാല് ഡ്രൈവര്‍മാരാണ് സംശയനിഴലിലുള്ളത്. സംശയത്തിലുള്ളവരുടെ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. ഇവര്‍ നിരീക്ഷണത്തിലാണുള്ളത്.
ബസ്, ഓട്ടോ, അതിരാവിലെ സാധനങ്ങള്‍ കയറ്റാനും ഇറക്കാനുമായി എത്തുന്ന സ്വകാര്യ വാഹനങ്ങള്‍ എന്നിങ്ങനെ എല്ലാ മേഖലകളിലുള്ളവരുടെ വിവരങ്ങള്‍ ശേഖരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് സംശയാസ്പദമായ നാലുപേരിലേക്ക് അന്വേഷണം കേന്ദ്രീകരിച്ചത്. മോഷണം നടക്കുന്നതിന് തലേദിവസം തന്നെ പദ്ധതി ആസൂത്രണം ചെയ്തിരിക്കാമെന്നാണ് പോലീസ് സംശയിക്കുന്നത്.
മോഷണത്തില്‍ ഒരാള്‍ക്കു മാത്രമാണ് പങ്കുള്ളതെങ്കിലും മോഷ്ടിച്ച ടിവി കൊണ്ടുപോവുന്നതിന് സഹായികളുണ്ടാവാനുള്ള സാധ്യതയും പോലീസ് പരിശോധിക്കുന്നുണ്ട്. അതേസമയം മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ സിസിടിവില്‍ പതിഞ്ഞിരുന്നു. എന്നാല്‍ കൂടുതല്‍ വ്യക്തമായിരുന്നില്ല. സമീപത്തുണ്ടായിരുന്നു ഏതാനും ചുമട്ടുതൊഴിലാളികൾ സിസിടിവിലെ ദൃശ്യങ്ങളോട് രൂപസാദൃശ്യമുള്ള യുവാവിനെ കണ്ടതായി പോലീസിനെ അറിയിച്ചിട്ടുണ്ട്.
ആവശ്യമെങ്കില്‍ സിസിടിവി ദൃശ്യങ്ങളും ചുമട്ട്തൊഴിലാളി നല്കുന്ന വിവരങ്ങളും അടിസ്ഥാനമാക്കി രേഖാചിത്രം തയാറാക്കാനും തീരുമാനിച്ചിട്ടുണ്ട്. സംശയമുള്ള ഒരാളുടെ വീട് കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചു.
മൊഫ്യൂസില്‍ ബസ്റ്റാന്‍ഡില്‍ റോഡ് സുരക്ഷാ വാരത്തോടനുബന്ധിച്ച് ട്രാഫിക് പോലീസ് സ്ഥാപിച്ച പവിലിയനിലെ 55 ഇഞ്ച് എല്‍ഇഡി ടിവിയാണ് ഞായറാഴ്ച പുലര്‍ച്ചെ മോഷ്ടിച്ചത്.
പോലീസ് വാടകക്കെടുത്ത ടിവിയാണ് മോഷ്ടിച്ചത്. പുലര്‍ച്ചെ മൂന്നിനാണ് മോഷ്ടാവ് അകത്തേക്ക് കയറുന്നത്. പിന്നീട് പുറത്തെ ബഞ്ചില്‍ ചുമട്ട്തൊഴിലാളികള്‍ വന്നിരുന്നു. ഇവര്‍ പോവുന്നത് വരെ മോഷ്ടാവ് പവിലിയനുള്ളില്‍ തന്നെ ഒളിച്ചിരുന്നു.
ആറു മണിയോടെ ചുമട്ട്തൊഴിലാളികള്‍ പോയെന്ന് ഉറപ്പ്വരുത്തിയ മോഷ്ടാവ് ടിവിയുമായി പുറത്തേക്ക് കടക്കുകയായിരുന്നു. കാക്കി ഷര്‍ട്ടും കറുത്തപാന്റ്സും ധരിച്ചയാളാണ് സംഭവത്തിന് പിന്നിലെന്നാണ് പോലീസ് പറയുന്നത്. കസബ പോലീസാണ് കേസ് അന്വേഷിക്കുന്നത്.