തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിനു കൈമാറിയതിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വിമാനത്താവള കൈമാറ്റം വികസനത്തിനല്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
വിമാനത്താവളം കൈമാറിയത് കുത്തകകളുടെ താൽപര്യം സംരക്ഷിക്കാനാണെന്നും മുഖ്യമന്ത്രി വിമർശിച്ചു. കേന്ദ്രം സംസ്ഥാനത്തിന് നൽകിയ ഉറപ്പ് ലംഘിച്ചു. സുപ്രീംകോടതിയിൽ അപ്പീൽ നിലനിൽക്കെയാണ് വിമാനത്താവളം കൈമാറിയത്. സ്വകാര്യവത്കരണത്തിനെതിരെ സർക്കാർ സാധ്യമായതെല്ലാം ചെയ്യുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
തിരുവനന്തപുരം ഉൾപ്പെടെ രാജ്യത്തെ മൂന്ന് വിമാനത്താവളങ്ങളുടെ നടത്തിപ്പു ചുമതല അദാനി ഗ്രൂപ്പിനു നൽകികൊണ്ടുള്ള കരാറിൽ ഒപ്പുവച്ചതായി എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യ ചൊവ്വാഴ്ച അറിയിച്ചിരുന്നു. അൻപതു വർഷത്തേക്കാണ് കരാർ കാലാവധി.
തിരുവനന്തപുരത്തിനു പുറമേ ജയ്പുർ, ഗോഹട്ടി വിമാനത്താവളങ്ങളുടെ നടത്തിപ്പിനുള്ള കരാറിലാണ് ഒപ്പുവച്ചത്. ഈ വിമാനത്താവളങ്ങളുടെ നടത്തിപ്പു ചുമതല,
ഓപ്പറേഷൻസ്, വികസനം എന്നിവയെല്ലാം ഇനി അദാനി എയർപോർട്ട്സ് ലിമിറ്റഡ് എന്ന സ്വകാര്യകന്പനിക്കാകും. മൂന്നു വിമാനത്താവളങ്ങളുടെയും നടത്തിപ്പുചുമതലയ്ക്കുള്ള കരാറുകളിൽ ഒപ്പിട്ടതായി അദാനി ഗ്രൂപ്പും അറിയിച്ചു.
അദാനി ഗോഹട്ടി ഇന്റർ നാഷണൽ എയർപോർട്ട്, അദാനി ജയ്പുർ ഇന്റർ നാഷണൽ എയർപോർട്ട് ലിമിറ്റഡ്, തിരുവനന്തപുരം ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് എന്നീ കന്പനികളാണ് കരാറിൽ ഒപ്പിട്ടത്.
തിരുവനന്തപുരം വിമാനത്താവള സ്വകാര്യവത്കരണത്തിനെതിരേ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. ഇതിനിടെയാണ് വിമാനത്താവള നടത്തിപ്പ് കരാർ അദാനി ഗ്രൂപ്പിന് കൈമാറിയത്.
വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറാനുള്ള തീരുമാനം ചോദ്യംചെയ്ത് സർക്കാർ നൽകിയ ഹർജി കേരള ഹൈക്കോടതി തള്ളിയിരുന്നു. ഇതു ചോദ്യം ചെയ്താണ് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്.
വിമാനത്താവള നടത്തിപ്പ് കൈമാറുന്നതിനുള്ള ലേലനടപടികളിൽ പാളിച്ചകളുണ്ട്. സംസ്ഥാന സർക്കാരിനെ ബോധപൂർവം ഒഴിവാക്കിയെന്നും പൊതുതാത്പര്യത്തിനും ഫെഡറൽ തത്വങ്ങൾക്കും വിരുദ്ധമായാണ് വിമാനത്താവള നടത്തിപ്പ് കൈമാറിയതെന്നും സംസ്ഥാന സർക്കാരിന്റെ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.