തിരുവനന്തപുരം: മൃഗശാലയിലെ അന്തേവാസികൾക്ക് ഇനി ബീഫ് കൊടുക്കില്ല. പകരം കോഴിയിറച്ചിയും ആട്ടിറച്ചിയും നൽകും. ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ കുളന്പു രോഗം പടർന്നു പിടിക്കുന്നുവെന്ന മൃഗസംരക്ഷണ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടർന്നാണ് തീരുമാനമെന്ന് മൃഗശാല സൂപ്രണ്ട് ടി.വി. അനിൽകുമാർ പറഞ്ഞു.
നിലവിൽ മൃഗശാലയിലെ മൃഗങ്ങളുടെ ആരോഗ്യനില തൃപ്തികരമാണെങ്കിലും പുറത്തു നിന്നു കൊണ്ടുവരുന്ന മാംസത്തിൽ നിന്ന് മറ്റു മൃഗങ്ങളിലേക്കു വൈറസ് പടരാൻ സാധ്യതയുണ്ട്. ഈ സാഹചര്യം മുന്നിൽ കണ്ടാണ് ബീഫിനു നിയന്ത്രണം ഏർപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
കെപ്കോയിൽ നിന്നു ദിവസേന 80 കിലോ കോഴിയിറച്ചിയാണ് വാങ്ങുക. ഇപ്പോൾ എല്ലാ മൃഗങ്ങൾക്കുമായി 150 കിലോ ബീഫാണ് ദിവസേന മൃഗശാലയിൽ വാങ്ങിയിരുന്നത്. മിക്ക മൃഗങ്ങൾക്കു പുതിയ മെനു ഇഷ്ടമായെങ്കിലും കഴുകന്മാർക്ക്, പ്രത്യേകിച്ച് കരിങ്കഴുകനു പുതിയ പരിഷ്കാരം അത്രയ്ക്കങ്ങ് ഇഷ്ടമായിട്ടില്ല.
മൃഗശാലയിലെ നാലു കഴുകന്മാരിൽ മൂന്നു പേരും കോഴിയിറച്ചി കഴിക്കുന്പോൾ കരിങ്കഴുകന്‍ ആട്ടിറച്ചി തന്നെ വേണം എന്നത് നിർബന്ധമാണ്. നാലു കഴുകന്മാർക്കും കൂടി ദിവസേന ഒരു കിലോ ആട്ടിറച്ചിയാണ് ആവശ്യമായി വരുന്നത്.
മുൻകരുതലിന്റെ ഭാഗമായി എല്ലാ മൃഗങ്ങൾക്കും പ്രതിരോധ കുത്തിവയ്പ്പുകൾ എടുക്കുകയും ദിവസവും കൂടും പരിസരവും വൃത്തിയാക്കുന്നതിനായി പ്രത്യേകം ജീവനക്കാരെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്.