തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെഎം ബഷീറിന്റെ അപകട മരണത്തെക്കുറിച്ച് അന്വേഷിക്കാൻ സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം ഉടൻ യോഗം ചേരും.
എഡിജിപി ഷെയ്ക് ദർവേഷ് സാഹിബിന്റെ നേതൃത്വത്തിൽ ക്രൈംബ്രാഞ്ച് എസ്പി ഷാനവാസ്, സിറ്റി നർക്കോട്ടിക് സെൽ അസി കമ്മീഷണർ ഷീൻ തറയിൽ, വിഴിഞ്ഞം കോസ്റ്റൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എ അജിചന്ദ്രൻനായർ,ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർ എസ് സുരേഷ്ബാബു എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. ഷീൻ തറയിലാണ് മുഖ്യ അന്വേഷണ ഉദ്യോഗസ്ഥൻ.
യോഗം ചേർന്നശേഷം അന്വേഷണ സംഘം വിപുലീകരിക്കും. ഇതുവരെ കേസ് അന്വേഷിച്ച ലോക്കൽ പോലീസിൽ നിന്ന് കേസ് ഡയറി പ്രത്യേക അന്വേഷണ സംഘം ഏറ്റെടുക്കും. ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ സർവേ ഡയറക്ടർ ശ്രീ റാം വെങ്കിട്ടരാഘവന്റെ ജാമ്യാപേക്ഷയിൽമേൽ ഇന്നു കോടതി വാദം കേൾക്കും. പ്രോസിക്യൂഷൻ ശ്രീറാമിനെ കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
ശ്രീറാമിന്റെ മുടി,രക്തം, നഖം എന്നിവയുടെ സാന്പിൾ ശേഖരിക്കാനാണ് പ്രോസിക്യൂഷൻ കസ്റ്റഡി ആവശ്യപ്പെട്ടിരിക്കുന്നത്. ജാമ്യാപേക്ഷ പരിഗണിക്കുന്നതിനാൽ അതിനു ശേഷമായിരിക്കും പ്രത്യേക അന്വേഷണ സംഘം അന്വേഷണം ആരംഭിക്കുക.