തിരുവനന്തപുരം: ശബരിമലയിൽ യുവതികൾ പ്രവേശിച്ചതായുള്ള വാർത്തകൾ പുറത്തുവന്നതിനെത്തുടർന്നു സംസ്ഥാനം സം ഘർഷപൂരിതമായി.
തിരുവനന്തപുരത്ത് ഇന്നലെ ഉച്ചയോടെയാണ് സെക്രട്ടേറിയറ്റിനു മുന്നിൽ സംഘർഷം ആരംഭിച്ചത്. സെക്രട്ടേറിയറ്റിനു മുന്നിൽ വനിതാ മതിലിന് അഭിവാദ്യം അർപ്പിച്ച് സ്ഥാപിച്ചിരുന്ന ഫ്ളക്സ് ബോർഡുകൾ തകർത്തതോടെയാണ് പ്രശ്നങ്ങൾക്കു തുടക്കം. ഇതു ചിത്രീകരിക്കാനെത്തിയ മാധ്യമപ്രവർത്തകർക്കുനേരേ ബിജെപിക്കാർ തിരിഞ്ഞു.
ബിജെപി പതാകകൾ സിപിഎം പ്രവർത്തകരും സിപിഎം സ്ഥാപിച്ച ഫ്ളക്സുകൾ ബിജെപിക്കാരും കൂട്ടിയിട്ടു കത്തിച്ചു. പിന്നീട് ഇരുപക്ഷവും കല്ലും കുപ്പികളും കമ്പുകളുമായി നേർക്കുനേർ എത്തി. ഇതേത്തുടർന്ന് പോലീസ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചാണ് ഇവരെ പിരിച്ചുവിട്ടത്.
കൊല്ലം ജില്ലയിൽ ശബരിമല കർമസമിതി നിർബന്ധിപ്പിച്ച് കടകൾ അടപ്പിച്ചു. ഇവിടങ്ങളിലടക്കം നിരവധി സ്ഥലങ്ങളിൽ പ്രതിഷേധ പ്രകടനവും വാഹനഗതാഗതം തടയലും നടന്നു. കരുനാഗപ്പള്ളിയിൽ പ്രതിഷേധ പ്രകടനം അക്രമാസക്തമായതിനെ തുടർന്ന് അഞ്ച് പോലീസുകാർക്ക് പരിക്കേറ്റു, പ്രതിഷേധക്കാർ പോലീസ് ജീപ്പ് തകർത്തു, നിരവധി കടകൾക്കുനേരേ കല്ലേറുണ്ടായി.
എറണാകുളം പട്ടിമറ്റത്തു റോഡ് ഉപരോധിച്ച ബിജെപി-ശബരിമല കർമസമിതി പ്രവർത്തകരും പോലീസും ഏറ്റുമുട്ടി.
പാലക്കാട് നഗരത്തിൽ നടന്ന പ്രകടനം അക്രമാസക്തമായതിനെതുടർന്ന് പോലീസ് ലാത്തിവീശി. ഇതിനിടെ മന്ത്രി എ. കെ. ബാലൻ ക്യാന്പു ചെയ്തിരുന്ന കെ എസ്ഇബി ഐബിയിലേക്കു സ്റ്റേഡിയം ബസ് സ്റ്റാൻഡിൽനിന്നും പ്രവർത്തകർ നടത്തിയ മാർച്ച് അക്രമാസക്തമായി. പോലീസ് ലാത്തിവീശിയതോടെ നിരവധി പ്രവർത്തകർക്കു പരിക്കേറ്റു.
തൊടുപുഴയിൽ നടത്തിയ പ്രതിഷേധത്തിനിടെയിലും സംഘർഷം. പോലീസ് ലാത്തി വീശി. മണക്കാട് റോഡിലുള്ള ദേശാഭിമാനി ഓഫീസ് പ്രവർത്തിക്കുന്ന എം. ജിനദേവൻ സ്മാരക ഓഫീസിന്റെ ജനാലച്ചില്ലുകൾ കല്ലെറിഞ്ഞു തകർത്തു.
മാവേലിക്കരയിൽ സംഘപരിവാറിന്റെ അപ്രതീക്ഷിത ഹർത്താലിൽ ജനം വലഞ്ഞു. ഉച്ചയ്ക്ക് 12ഓടെ തകഴി ശ്രീധർമശാസ്താ ക്ഷേത്രത്തിന്റെയും അന്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെയും ദേവസ്വം ഓഫീസുകൾ അടപ്പിച്ചു.
ചെങ്ങന്നൂരിൽ പ്രതിഷേധക്കാർ രണ്ടു തവണ റോഡ് ഉപരോധിച്ചു. മുൻ മന്ത്രി വി.എസ്. ശിവകുമാറിന്റെ കാർ തടഞ്ഞു. കുട്ടനാട്ടിൽ എസി റോഡ് ഉപരോധിച്ചായിരുന്നു സമരം.