തിരുവനന്തപുരം: മെഡിക്കൽ കോളജിലെ ഐസൊലേഷൻ വാർഡിൽ രണ്ട് കോവിഡ് രോഗികൾ ജീവനൊടുക്കിയ സംഭവത്തിൽ മെഡിക്കൽ കോളജ് അധികൃതർക്ക് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ശൈലജയുടെ ശാസന.
അധികൃതരുടെ ഭാഗത്തുണ്ടായ വീഴ്ചയാണ് ഇത്തരം സംഭവങ്ങൾക്ക് കാരണമെന്നും ജീവനക്കാരുടെ ഭാഗത്ത് നിന്നും ജാഗ്രത കുറവുണ്ടായത് ശരിയായില്ലെന്നും മന്ത്രി ശാസിച്ചു.
സംഭവ്്ത്തിൽ മന്ത്രി അടിയന്തിര റിപ്പോർട്ട് തേടി. ആരോഗ്യവകുപ്പ് പ്രിൻസിപ്പൾ സെക്രട്ടറിയോട് ഇതേക്കുറിച്ച് അന്വേഷിച്ച്് അടിയന്തിര റിപ്പോർട്ട് നൽകാനാണ് മന്ത്രിയുടെ നിർദേശം.
കോവിഡ് രോഗമുക്തനായി ഡിസ്ചാർജ് ചെയ്യാനിരുന്ന ആനാട് സ്വദേശി ഉണ്ണി(33), ചൊവ്വാഴ്ച കോവിഡ് രോഗലക്ഷണങ്ങളുമായി ആശുപത്രിയിലെത്തിയ നെടുമങ്ങാട് സ്വദേശി മുരുകേശൻ(38) എന്നിവരാണ് കോവിഡ് ഐസൊലേഷൻ വാർഡിൽ ഇന്നലെ തൂങ്ങിമരിച്ചത്.
സർക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ ഇത്തരം സംഭവങ്ങൾ പ്രതികൂലമായി ബാധിക്കുന്നുവെന്നും പ്രതിഛായക്ക് കോട്ടം സംഭവിക്കുന്നുവെന്ന വിലയിരുത്തലിലാണ് മന്ത്രി ഈ വിഷയത്തിൽ റിപ്പോർട്ട് തേടിയത്.
നേരത്തെ വൈദികൻ മരിച്ചത് കോവിഡ് ബാധിച്ചാണെന്ന് സ്ഥിരികരണം വന്നപ്പോഴും മെഡിക്കൽ കോളജ് അധികൃതരുടെ ഭാഗത്ത് നിന്നും വീഴ്ച സംഭവിച്ചതായി ആക്ഷേപം ഉയർന്നിരുന്നു. വൈദികന് കോവിഡ് പരിശോധന നടത്താൻ വൈകിയതിനെതിരെയായിരുന്നു ആക്ഷേപം ഉയർന്നിരുന്നത്.