കാട്ടാക്കട: അഞ്ചുതെങ്ങിന്മൂടില് ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുത്തുകൊണ്ടിരുന്ന വിദ്യാര്‍ഥികളോട് കൊടും ക്രിമിനലുകളോടുപോലും കാട്ടാത്ത ക്രൂരതയാണ് പോലീസ് കാട്ടിയതെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്.
ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ മൊബൈല്‍ റെഞ്ച് ഇല്ലാത്തതിനാല്‍ സമീപത്തെ യോഗേശ്വര ക്ഷേത്രത്തിലെ പടിക്കെട്ടില്‍ പഠിച്ചു കൊണ്ടിരുന്ന കുട്ടികളെ ലോക്ഡൗണിന്റെ പേരില്‍ മര്‍ദിച്ചത് സമാനതകളില്ലാത്ത ക്രൂരതയാണ്.
കേബിള്‍ വയര്‍കൊണ്ട് അടിക്കുകയും നിലത്തിട്ട് ചവിട്ടി മെതിക്കുകയും വാഹനത്തില്‍ കയറ്റി മര്‍ദിക്കുകയും ചെയ്തത് കേരളത്തിന്റെ സമൂഹ മനസാക്ഷിയെ ഞെട്ടിപ്പിച്ചിരിക്കുകയാണ്.
പ്ലസ് വണ്‍ ക്ലാസില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് നേരെ ഉണ്ടായ പോലീസ് അതിക്രമം ഒരിക്കലും നീതികരിക്കാനാകില്ല. കോവിഡിന്റെ പേരില്‍ പിണറായി സര്‍ക്കാര്‍ പോലീസിനെ എന്തും ചെയ്യാന്‍ കയറൂരി വിട്ടിരിക്കുന്നു എന്നതിന്റെ തെളിവാണിത്.
മര്‍ദനം കണ്ട് ഓടിയെത്തിയ കുട്ടികളുടെ മാതാപിതാക്കളെ പോലീസുകാര്‍ അസഭ്യം വിളിച്ച് ആട്ടിയോടിച്ചു. വിദ്യാര്‍ഥികളെ സ്റ്റേഷനില്‍ എത്തിക്കാതെ മണിക്കൂറുകളോളം പോലീസ് വാഹനത്തില്‍ കയറ്റി വിവിധ സ്ഥലങ്ങളില്‍ കൊണ്ടു പോയി മര്‍ദിച്ചു.
തല്ലിച്ചതച്ച് അവശരാക്കിയ ശേഷമാണ് കുട്ടികളെ രക്ഷകര്‍ത്താക്കള്‍ക്ക് പോലീസ് വിട്ടുനല്‍കിയത്. അതിക്രൂരവും പൈശാചികവുമാണിത്.
വിദ്യാര്‍ഥികളെ മര്‍ദിച്ച കാട്ടാക്കട സിഐ ഉള്‍പ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത് നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നും അല്ലാത്തപക്ഷം പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്നും പി.കെ. കൃഷ്ണദാസ് പറഞ്ഞു.
പോലീസ് അതിക്രമത്തിന് ന്യായീകരണമില്ല: ബാലാവകാശ കമ്മീഷൻ
കാട്ടാക്കട: കുട്ടികൾക്കെതിരേയുള്ള പോലീസ് അതിക്രമത്തിന് ന്യായീകരണമില്ലെന്ന് ബാലാവകാശ കമ്മീഷൻ കുട്ടികളുടെ വീട്ടിലെത്തി തെളിവെടുപ്പ് നടത്തിയ ശേഷം മാധ്യമങ്ങളോട് പറഞ്ഞു.
മർദനം നടന്നുവെന്ന് തന്നെയാണ് കമ്മീഷൻ മനസിലാക്കുന്നത്. ഇത്തരം നടപടി പോലീസിന്റെ ഭാഗത്തുനിന്ന് പ്രത്യേകിച്ച് കുട്ടികളോട് ഉണ്ടാകാൻ പാടില്ല.കുട്ടികളുടെ പരാതി ലഭിച്ചിട്ടുണ്ട്.
പോലീസിൽ നിന്നും വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും മർദന കാരണമെന്തെന്ന് പോലീസ് തന്നെ വിശദീകരിക്കണമെന്നും കമ്മീഷൻ കെ.വി.മനോജ് കുമാർ പറഞ്ഞു.
കുട്ടികളുടെ ശരീരത്തിൽ മർദനത്തിന്റെ പാടുകൾ കമ്മീഷൻ കണ്ട തെളിവുകളാണ്. പോലീസിന്റെ വിശദീരണത്തിനുശേഷം കർശനമായ നടപടി സ്വീകരിക്കുമന്നും കമ്മീഷൻ പറഞ്ഞു.
ഇതിനിടയിൽ കുട്ടികളെ കൊണ്ടുപോയ സർക്കിൾ ഇൻസ്പെക്ടറുടെ വാഹനത്തിൽ നിന്നും കമ്മീഷൻ തന്നെ കുട്ടികളെ മർദിക്കാനുപയോഗിച്ചതെന്നു കരുതുന്ന ഫൈബർ കേബിൾ വയറും തെളിവായി കണ്ടെടുത്തു.
ഈ തെളിവും കമ്മീഷൻ സൂക്ഷിക്കുമെന്ന് അറിയിച്ചു. കുട്ടികളെ ഇതിന്റെ പേരിൽ പോലീസ് പീഡിപ്പിക്കാൻ ശ്രമിക്കുകയാണെങ്കിൽ ഉടൻ തന്നെ അറിയ്ക്കണമെന്ന് പറഞ്ഞ് മൊബൈൽ നമ്പറും കുട്ടികൾക്കും രക്ഷിതാക്കൾക്കും കമ്മീഷൻ കൈമാറി.
ഗവൺമെന്റ് നയത്തിനെതിരായി പ്രവർത്തിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് മർദനമേറ്റ കുട്ടികളുടെ വീട്ടിൽ സന്ദർശനം നടത്തിയ ശേഷം ഐ.ബി.സതീഷ് എംഎൽഎ അറിയിച്ചു.