നെടുമങ്ങാട്: സ്കൂൾ വിട്ട് വീട്ടിലേക്ക് പോകുകയായിരുന്ന അഞ്ചാം ക്ലാസുകാരിയെ ഓട്ടോറിക്ഷയിൽ ബലമായി കയറ്റി കൊണ്ട് പോയി. കുട്ടി ബഹളം വച്ചതോടെ വഴിക്ക് ഇറക്കി വിട്ട് രക്ഷപ്പെട്ട ഓട്ടോ ഡ്രൈവറെ അരുവിക്കര പോലീസ് അറസ്റ്റ് ചെയ്തു.
വിഴിഞ്ഞം ചൊവ്വര ഓട്ടോ സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറായ ചൊവ്വര അയണികുറ്റിയിൽ വീട്ടിൽ കുഞ്ഞുമോൻ (36) ആണ് അറസ്റ്റിലായത്. ബുധനാഴ്ച വൈകുന്നേരം 4.15 ഓടെ സ്കൂൾ വിട്ട് വീട്ടിലേക്ക് പോകുകയായിരുന്ന പത്ത് വയസുകാരിയേട് കാച്ചാണി പോസ്റ്റ് ഓഫീസ് ജംഗ്ഷനു സമീപം ഓട്ടോറിക്ഷ നിർത്തി കയറാൻ ആവശ്യപ്പെട്ടു. എന്നാൽ ഓട്ടോയിൽ കയറാൻ കൂട്ടാക്കാതെ ഇരുന്ന കുട്ടിയെ ബലമായി പിടിച്ച് കയറ്റി കൊണ്ടുപോകവേ കുട്ടി ബഹളം വച്ചപ്പോൾ അടുത്ത ജംഗ്ഷനു സമീപം ഇറക്കിവിട്ടു രക്ഷപ്പെടുകയായിരുന്നു കുഞ്ഞുമോൻ എന്ന് പോലീസ് അറിയിച്ചു.
കാച്ചാണി ഭാഗത്തു നിന്നു ലഭിച്ച ഫോൺ സന്ദേശത്തെ തുടർന്ന് പോലീസെത്തി സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഓട്ടോറിക്ഷയുടെ ദൃശ്യം ലഭിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞുമോൻ അറസ്റ്റിലായത്. ഇയാളെ കോടതിയിൽ ഹാജരാക്കും എന്ന് പോലീസ് അറിയിച്ചു.