വടകര: അങ്കണവാടി ജീവനക്കാരി പുറങ്കരയിലെ ആനാടിക്കല് ശാന്തയുടെ മരണത്തിലെ ദുരൂഹത അകറ്റണമെന്ന ആവശ്യം ഉയരുന്നു. ഇക്കഴിഞ്ഞ ഞായറാഴ്ച പകല്‍ പതിനൊന്നോടെയാണ് ശാന്തയെ വീട്ടിനുള്ളില്‍ അബോധാവസ്ഥയില്‍ ബന്ധുക്കളും പരിസരവാസികളും കണ്ടെത്തിയത്. ഏക മകള്‍ അഞ്ജിത കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ നേഴ്സിംഗ് വിദ്യാര്‍ഥിനിയാണ്.
ഞായറാഴ്ച രാവിലെ മുതല്‍ അമ്മയെ നിരന്തരം ഫോണില്‍ വിളിച്ചപ്പോള്‍ ഫോണ്‍ എടുക്കാത്തത് കൊണ്ട് അയല്‍വാസിയെ വിളിച്ച് പറയുകയായിരുന്നു. തുടര്‍ന്നാണ് ബന്ധുക്കളും നാട്ടുകാരും ശാന്തയെ അബോധാവസ്ഥയില്‍ വീട്ടിനുള്ളില്‍ കണ്ടത്. ഉടന്‍ വടകര ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇന്നലെയാണ് മരിച്ചത്.
ഇടത് കണ്ണിന് കീഴിലായി ആഴത്തിലുള്ള മുറിവും ഇടത് വാരിഭാഗം ഭാഗികമായി പൊള്ളലേല്‍ക്കുകയും ചെയ്തിട്ടുണ്ട്. വയറിന്റെ ഇടത് ഭാഗത്ത് പോറലേറ്റതായും കാണപ്പെട്ടു. വീടിനുള്ളില്‍ അടിവസ്ത്രം ധരിച്ച രീതിയിലാണ് ബന്ധുക്കള്‍ ശാന്തയെ അബോധാവസ്ഥയില്‍ കണ്ടത്. മരണത്തില്‍ ദുരൂഹത ഉണ്ടെന്ന് കാണിച്ച് ബന്ധുക്കള്‍ വടകര പോലീസില്‍ പരാതി നല്കി. സംഭവത്തിലെ ദുരൂഹത അകറ്റണമെന്ന് ഡിവൈഎഫ്ഐ വടകര നോര്‍ത്ത് മേഖല കമ്മറ്റി ആവശ്യപ്പെട്ടു.