തിരുവനന്തപുരം: അന്പലത്തറ മിൽമ സ്റ്റാഫ് സഹകരണ സംഘം ഓഫീസ് കുത്തിതുറന്ന് ആറ് ലക്ഷം രൂപ മോഷ്ടിച്ചതുൾപ്പെടെ കാട്ടാക്കട, ഉരൂട്ടന്പലം, വീരണകാവ്, പൂങ്കുളം തുടങ്ങിയ പ്രദേശങ്ങളിൽ വൻ മോഷണ പരന്പര നടത്തിയ കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ.
തിരുവല്ലം മേനിലം കീഴേപാലറകുന്ന് വീട്ടിൽ നിന്നും ഇപ്പോൾ പൂഴനാട് ചാനൽ പാലത്തിന് സമീപം വിഷ്ണുഭവനിൽ താമസിക്കുന്ന ഉണ്ണികൃഷ്ണൻ (49, തിരുവല്ലം ഉണ്ണി ) നെയാണ് സിറ്റി ഷാഡോ പോലീസ് പിടികൂടിയത്. വിഴിഞ്ഞം പോലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.
നഗരത്തിൽ അടുത്തിടെ നടന്ന മോഷണങ്ങളുമായി ബന്ധപ്പെട്ട് സിറ്റി പോലീസ് കമ്മീഷണർ സഞ്ജയ് കുമാർ ഗുരുദിന്റെ നിർദേശ പ്രകാരം സ്പെഷൽ ബ്രാഞ്ച് ഏസി പ്രമോദ് കുമാറിന്റെ നേതൃത്വത്തിൽ രൂപികരിച്ച പ്രത്യേക ഷാഡോ പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്.
കഴിഞ്ഞ കുറച്ച് മാസങ്ങളായി ജില്ലയിലെ വിവിധ ഭാഗങ്ങളിൽ മോഷണ പരന്പര നടത്തി ജനങ്ങളെ ഭീതിയിലാഴ്ത്തിയ തിരുവല്ലം ഉണ്ണിയെ സിറ്റി ഷാഡോ പോലീസ് പിടികൂടി ചോദ്യം ചെയ്തതിൽ അൻപത്തിരണ്ടോളം മോഷണങ്ങൾ നടത്തിയതായി സമ്മതിച്ചു. രാത്രി സമയത്ത് ഓട്ടോറിക്ഷയിൽ കറങ്ങി നടന്നാണ് ഇയാൾ മോഷണം നടത്തിയിരുന്നത്.
പോലീസിന് തന്റെ വിവരങ്ങൾ കൈമാറിയതിന് ഇയാൾ താമസിച്ചിരുന്ന വീടിന് സമീപത്തെ അയൽവാസികളുടെ കിണറുകളിൽ വിഷം കലക്കിയതിനെ തുടർന്ന് ആര്യങ്കോട് പോലീസ് എടുത്ത കേസിലും മറ്റു ചില മോഷണക്കേസിലുൾപ്പെട്ടും ജയിലിലായി ജാമ്യം ലഭിച്ച് പുറത്തിറങ്ങി കഴിഞ്ഞ ആറ് മാസത്തിനിടെയാണ് ഇയാൾ ഇത്രയധികം മോഷണം നടത്തിയത്.
അന്പലത്തറ മിൽമ കോ -ഓപ്പറേറ്റീവ് സൊസൈറ്റിയുടെ മുൻവശത്തെ വാതിൽ കുത്തിപ്പൊളിച്ച് അഞ്ച് ലക്ഷത്തി എഴുപത്തി അയ്യായിരം രൂപ കവർന്ന കേസ്, സമീപത്തെ നിരക്കട കുത്തിപ്പൊളിച്ച് പണം കവർന്ന് കേസ്, കാലടി നന്ദന കമ്യൂണിക്കേഷൻ എന്ന സ്ഥാപനത്തിൽ നടത്തിയ മോഷണം, ഐരാണിമുട്ടം പരമേശ്വരൻ അസോസിയേറ്റ്സിന്റെ പെപ്സി ഗോഡൗണ് കുത്തി പൊളിച്ച് പതിനായിരം രൂപ കവർന്ന കേസ്, പൂങ്കുളം ജംഗ്ഷനിലെ മാതാ ഹോട്ടൽ പൊളിച്ച് ഇരുപത്തിയേഴായിരം രൂപ കവർന്ന കേസ്, തൊട്ടടുത്തെ ലക്ഷമി ഹോട്ടലിൽ നിന്നും എണ്ണായിരം രൂപ കവർന്നത്, സമീപത്തെ രണ്ട് ചിക്കൻ സ്റ്റാളുകളിൽ നിന്നായി പണം കവർന്നത്, വിഴിഞ്ഞം ഓട്ടോറിക്ഷ സ്പെയർ പാർട്സ് കടയിൽ മോഷണം നടത്തിയ കേസ്, മലയിൻകീഴ് കുളക്കോട് കല്യാണി റസ്റ്റോറന്റിനു മുൻവശത്തെ പൂട്ട് പൊളിച്ച് ഇരുപത്തി അയ്യായിരം രൂപയും സിസിടിവി ഹാർഡ് ഡിസ്ക്കും മോഷ്ടിച്ചത്, മലയിൻകീഴ് ആൽത്തറ സുമാ ദേവി ഓട്ടോമൊബൈൽസിൽ നിന്ന് ഉപകരണങ്ങളും പണവും കവർന്നത്, തൊട്ടടുത്തുള്ള വീടിന്റെ ഓട് പൊളിച്ചിറങ്ങി ഒരു ലക്ഷം വിലയുള്ള കാമറ മോഷ്ടിച്ചത് ഉൾപ്പെടെ കാട്ടാക്കട പ്രദേശത്ത് രണ്ട് ദിവസങ്ങളിലായി പതിനാറ് മോഷണങ്ങളും മാറനല്ലൂർ ഉൗരൂട്ടന്പലം ഭാഗങ്ങളിൽ പതിനാറ് മോഷണങ്ങളും നടത്തി.
കോവളം ഭാഗത്ത് ഒളിവിൽ കഴിഞ്ഞിരുന്ന വീട്ടിൽ നിന്നുമാണ് ഇയാളെ ഷാഡോ പോലീസ് പിടികൂടിയത്. ഈ വീട്ടിൽ നിന്നും നിരവധി മോഷണ വസ്തുക്കളാണ് പോലീസ് കണ്ടെത്തിയത്.
വർഷങ്ങൾക്ക് മുൻപ് സ്പിരിറ്റ് കടത്തുന്നതിനായി വാഹനങ്ങൾ മോഷ്ടിച്ച് മോഷണ ജീവിതം ആരംഭിച്ച തിരുവല്ലം ഉണ്ണിക്ക് കാർ, ടെന്പോ, പിക്കപ്പ് വാൻ തുടങ്ങിയ അൻപതോളം വാഹനങ്ങൾ മോഷ്ടിച്ചതിന് കേസുകളുണ്ട്.
വീട് മോഷണം, വ്യാപാര സ്ഥാപനങ്ങളിലെ മോഷണം, വാഹന ങ്ങളുടെ ബാറ്ററി മോഷണം, റബർഷീറ്റ് മോഷണം തുടങ്ങി നിരവധി മോഷണങ്ങളും നടത്തി പോലീസ് പിടിയിലായിട്ടുണ്ട്. ജില്ലയിലെ നേമം, കരമന, തിരുവല്ലം, മ്യൂസിയം, വഞ്ചിയൂർ ,പൂന്തുറ, തന്പാനൂർ, ഫോർട്ട്, പൂജപ്പുര, കോവളം, മെഡിക്കൽ കോളജ്, വിഴിഞ്ഞം, നെയ്യാറ്റിൻകര, കാട്ടാക്കട, ആര്യങ്കോട്, വെള്ളറട, കഠിനംകുളം, വട്ടപ്പാറ ,മാറനല്ലൂർ, വെഞ്ഞാറമൂട്, കൊല്ലം പുനലൂർ, ഇരവിപുരം, കൊട്ടാരക്കര, എന്നിവിടങ്ങളിലായി ഇരുന്നൂന്നോളം മോഷണക്കേസുകളിൽ പ്രതിയാണ്.
ഇരുപത്തിയേഴ് വർഷത്തോളം മോഷണ രംഗത്തുള്ള ഇയാൾ രണ്ട് തവണ കരുതൽ തടങ്കൽ ശിക്ഷ ഉൾപ്പെടെ ചില മോഷണക്കേസുകളിൽ ശിക്ഷിക്കപ്പെട്ട് പത്ത് വർഷത്തോളം ജയിൽ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്.
സിറ്റി പോലീസ് കമ്മീഷണർ സഞ്ജയ് കുമാർ ഗരുദിൻ, ഡെപ്യൂട്ടി കമ്മീഷണർ ആദിത്യ, സ്പെഷൽ ബ്രാഞ്ച് ഏസി പ്രമോദ് കുമാർ, ഫോർട്ട് ഏസി പ്രതാപൻ നായർ, വിഴിഞ്ഞം സിഐ പ്രവീണ്, എസ് ഐമാരായ സജി, രഞ്ജിത്ത്, ഷാഡോ എഎസ്ഐമാരായ യശോധരൻ, അരുണ്കമാർ, ഷാഡോ ടീം അംഗങ്ങൾ എന്നിവരാണ് അറസ്റ്റിനും അന്വേഷണത്തിനും നേതൃത്വം നല്കിയത്.