വിഴിഞ്ഞം: വളർത്തുനായയെ യുവാക്കൾ അടിച്ച് കൊന്ന സംഭവത്തിൽ മൃഗസ്നേഹികൾ പ്രതിഷേധത്തിൽ.
സംഭവത്തെക്കുറിച്ച് അന്വേഷിച്ച് പോലീസ് സ്റ്റേഷനിലേക്കും പഞ്ചായത്തിലേക്കും ഫോൺ വിളിക്കാരുടെ നീണ്ട നിരയെത്തി. കിട്ടിയ രീതിയിൽ പറഞ്ഞൊപ്പിച്ച് മൃഗ സ്നേഹികളെ സമാധാനപ്പെടുത്തി അധികൃതർ.
ലണ്ടലിൽ നിന്നും യൂറോപ്പിൽ നിന്നും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമായി കാര്യങ്ങൾ അന്വേഷിച്ച് വിഴിഞ്ഞം സ്റ്റേഷനിലേക്ക് ഇന്നലെ മാത്രം നൂറോളം കോളുകളെത്തി.
മൃഗസ്നേഹികൾക്കും സംഘടനക്കാർക്കും പറ്റുന്ന രീതിയിൽ മറുപടി നൽകി പോലീസുകാരും വശംകെട്ടു .
സാമൂഹ്യ മാധ്യമങ്ങളിൽ നായയെ കൊല്ലുന്ന വീഡിയോ പ്രചരിച്ചതോടെ ഗൂഗിളിൽ നിന്ന് വിഴിഞ്ഞം സ്റ്റേഷന്റെയും കോട്ടുകാൽ പഞ്ചായത്തിന്റെയും ഫോൺ നമ്പറുകൾ തപ്പിയെടുത്താണ് ലോകത്തുള്ളവരുടെ വിളി.
ഇംഗ്ലീഷിലും ഹിന്ദിയിലും മറ്റിതരഭാഷകളിലും എത്തിയ കോളുകൾക്ക് തങ്ങളാൽ കഴിയുന്ന തരത്തിൽ മറുപടി നൽകിയതായി കോട്ടുക്കാൽ പഞ്ചായത്ത് പ്രസിഡന്റ് ജെറോം ദാസ് പറയുന്നു.
പ്രതികൾക്കെതിരെയുള്ള പോലീസിന്റെയും പഞ്ചായത്തിന്റെയും നടപടികളെക്കുറിച്ച് വിവരിക്കണമെന്നു വരെ നീണ്ടു പ്രസിഡന്റിനോടുള്ള മൃഗ സ്നേഹികളുടെ ചോദ്യം.
തെരുവ് നായ ശല്യം ഏറ്റവും കൂടുതൽ രൂക്ഷമായ മേഖലയാണ് അടിമലത്തുറ .കഴിഞ്ഞ ദിവസം വളർത്തുനായയെ തല്ലിക്കൊല്ലുന്ന സംഭവം പ്രതികളുടെ സുഹൃത്താണ് ചിത്രികരിച്ചത്.
സ്റ്റേഷനിലെത്തി മൊഴി നൽകണമെന്ന് നായയുടെ ഉടമ ക്രിസ്തുരാജനോട് പോലീസ് ആവശ്യപ്പെട്ടെങ്കിലും ഹാജരായില്ല. ഇനി ഇയാളെ കണ്ടു പിടിച്ച് മൊഴിയെടുക്കേണ്ടി വരുമെന്ന് വിഴിഞ്ഞം പോലീസ് അറിയിച്ചു.
പ്രതികളായ മൂന്ന് പേരെയും കഴിഞ്ഞ ദിവസം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചെങ്കിലും തുടർ നടപടിയും അന്വേഷണവും തുടരുമെന്നും പോലീസ് അറിയിച്ചു.