കാട്ടാക്കട : സാമൂഹ്യ മാധ്യമം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച എട്ടുപേർ അറസ്റ്റിൽ.
മലവിളവീട്ടിൽ ലാൽ കൃഷ്ണ (23 ) ,പുന്നാവൂർ എസ്ടി ഭവനിൽ വിജിത് (ചിക്കു, 20 ), പുന്നാവൂർ മോനിഷ ഭവനിൽ മോനിഷ് (20 )തൂങ്ങാമ്പാറ വിഷ്ണു നിവാസിൽ സഹോദരങ്ങളായ അനന്തു (20 ),വിഷ്ണു (22 ) അരുമാളൂർ കോണത്തുവിളകത്തു അമൽ (22 )വണ്ടന്നൂർ ആരാധന ഭവനിൽ അനൂപ് ( ജിബിൻ,24 ) ഒരു പ്രായപൂർത്തിയാകാത്തയാൾ എന്നിവരാണ് പിടിയിലായത്.
2019 മുതൽ പെൺകുട്ടി പീഡനത്തിനിരയായെന്നും കൗൺസിലിംഗിലൂടെയാണ് സംഭവം പുറത്തറിഞ്ഞതെന്നും പോലീസ് പറഞ്ഞു. കേസിൽ ഉൾപ്പെട്ട വിഷ്ണു (ജിമ്മൻ വിഷ്ണു) പിടിയിലാകാനുണ്ടെന്നു പോലീസ് പറഞ്ഞു.
ഇയാക്കെതിരെ മാറനല്ലൂർ,മലയിൻകീഴ് പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ കേസുകൾ നിലവിലുണ്ടെന്നും പെൺകുട്ടിയുമായി ഫോൺ മുഖേന സൗഹൃദത്തിലായ പ്രതികളിലൊരാൾ കുട്ടിയുടെ ചിത്രം പകർത്തുകയും ഇൗ ചിത്രം ഉപയോഗിച്ച് ബ്ലാക്ക്മെയിൽ ചെയ്തെന്നും പോലിസ് പറഞ്ഞു.
മൂന്നു കേസുകളാണ് സംഭവവുമായി ബന്ധപ്പെട്ടു മാറനല്ലൂർ പോലീസ് രജിസ്റ്റർ ചെയ്തത്. ഒരു പോസ്കോ കേസും രണ്ടു കേസ് ബലാത്സംഗത്തിനുമാണ് എടുത്തിട്ടുള്ളത്.
ലോക് ഡൗൺ സമയത്തു പെൺകുട്ടിയുടെ മൊബൈൽ ഫോൺ മാതാവ് തകർത്തിരുന്നു. തുടർന്ന് ഓൺലൈൻ ക്ലാസുകൾക്കായി സ്കൂളധ്യാപിക ബന്ധപ്പെടുകയും ഫോൺ മാതാവ് തകർത്തതായും കുട്ടി പറഞ്ഞു .
സംശയം തോന്നിയ ടീച്ചർ വിവരം ചൈൽഡ് വെൽഫയർ കമ്മിറ്റിയെ അറിയിച്ചു. തുടർന്ന് കുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സഹായത്തോടെ ചൈൽഡ് ഫോമിലേക്ക് മാറ്റുകയും ഇവിടെ നടത്തിയ കൗൺസിലിങ്ങിലാണ് പീഡന വിവരങ്ങൾ അറിയുന്നത്.
ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലാകുന്നത്.തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി പി.കെ. മധുവിന്റെ നിർദേശാനുസരണം കാട്ടാക്കട ഡിവൈഎസ്പി ഷാജിയുടെ നേതൃത്വത്തിൽ മാറനല്ലൂർ എസ്എച്ച്ഒ ജഗദീഷ്, സബ് ഇൻസ്പെക്ടർ നൗഷാദ്, എഎസ്ഐ അശോകൻ, ഷാഡോ പോലീസ് ഇൻസ്പെക്ടർ പോൾവിൻ, എഎസ്ഐ സുനിലാൽ,സീനിയർ സിപിഒ നേവിൻരാജ്, സിപിഒ വിജേഷ് എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.