തിരുവനന്തപുരം: വീട്ടിൽ ആളില്ലാത്ത തക്കം നോക്കി സ്ത്രീകളെ ആക്രമിച്ച് മാല പിടിച്ചുപറിക്കുന്ന കള്ളനെ സിറ്റി ഷാഡോ പോലീസ് പിടികൂടി. നെയ്യാറ്റിൻക്കര ഓലതാന്നി തിരുപ്പുറം സ്വദേശി “പ്രേതം’ എന്ന ആനന്ദ് സൈമൻ (26) ആണ് പിടിയിലായത്.
പട്ടാപകൽ തിരുമല തൃക്കണ്ണാപുരം സ്വദേശിനിയായ വീട്ടമ്മയെ വീട്ടിൽ കയറി ആക്രമിച്ച് നാല് പവന്റെ സ്വർണമാല പൊട്ടിച്ച കേസ്, കാട്ടാക്കട മാറനല്ലൂരിലെ വീട്ടിൽ കയറി എണ്പത് വയസുള്ള വയോധികയുടെ രണ്ടര പവന്റെ സ്വർണമാല കവർന്ന കേസ്, കോട്ടയം ചെങ്ങമനാട് ഹോസ്പിറ്റലിൽ കയറി ഉദ്യോഗസ്ഥന്റെ ലാപ്ടോപ്പ് കവർന്നത് ഉൾപ്പടെ നിരവധി കേസുകൾ ഇയാൾ പോലിസിനോട് സമ്മതിച്ചിട്ടുണ്ട്.
മോഷണം നടത്തിയതിൽ നിന്നും ലഭിച്ച രൂപ കൊണ്ട് വാങ്ങിയ ബുള്ളറ്റിൽ കറങ്ങി മറ്റാളുകൾ ഇല്ലാത്ത സമയം നോക്കി വീടുകളിൽ എത്തിയ ശേഷം വീട്ടിലെ സ്ത്രീകളോട് മകന്റെ സുഹൃത്താണ് എന്ന് പരിചയപ്പെടുത്തി സൗഹൃദം സ്ഥാപിക്കുകയും കുടിവെള്ളം വേണമെന്ന് ആവശ്യപ്പെടും ചെയ്യും.
വെള്ളം എടുക്കാൻ അകത്ത് കയറുന്ന സ്ത്രീകളുടെ പിന്നാലെ ചെന്ന് സ്വർണമാല തട്ടിപ്പറിച്ച് ബുള്ളറ്റിൽ രക്ഷപ്പെടുന്നതാണ് ഇയാളുടെ രീതി. 2009 ൽ ചാലയിലെ സ്വർണ കടയുടമയുടെ കണ്ണിൽ മുളക് പൊടി എറിഞ്ഞ് മാല പൊട്ടിച്ചതിനും ആലുവയിൽ നിന്നും ബൈക്ക് മോഷ്ടിച്ചതിനും ഇയാൾക്ക് എതിരെ കേസുകൾ ഉണ്ട്.
തിരുവനന്തപുരം സിറ്റി പോലിസ് കമ്മീഷണർ സഞ്ജയ കുമാർ ഗുരുദിന്റെ നിർദേശ പ്രകാരം എസി പി എ. പ്രമോദ് കുമാറിന്റെ മേൽനോട്ടത്തിൽ പുജപ്പുര എസ്ഐ ഉമേഷ്, ഷാഡോ എഎസ്ഐമാരായ യശോധരൻ, ലഞ്ചുലാൽ, ഷാഡോ ടിം അംഗങ്ങൾ എന്നിവർ ഉൾപ്പെട്ട ടീം ആണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നല്കിയത്.