വെള്ളറട: പട്ടാപ്പകല്‍ വീട്ടമ്മയുടെ കൈയില്‍ നിന്ന് പണമടങ്ങിയ ബാഗ് പിടിച്ചു വാങ്ങി കത്തികാട്ടി രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ നാട്ടുകാര്‍പിടികൂടി പോലീസിൽ ഏൽപ്പിച്ചു.
കാഞ്ഞിരംകുളം ചാവടി മണല്‍ത്തട്ട് കാനാന്‍ കോട്ടേജില്‍ ഷിബു എസ്. നായര്‍(42)ആണ് അറസ്റ്റിലായത്.ഇന്നലെ രാവിലെ 11 ന് പനച്ചമൂട് ജംഗ്ഷനില്‍ വച്ചായിരുന്നു സംഭവം.
പനച്ചമൂട്ടിലെ സ്വകാര്യ പണമിടപാടു സ്ഥാപനത്തില്‍ നിന്ന് പണവുമായിവന്ന വേങ്കോട് സ്വദേശിയായ വീട്ടമ്മയുടെ 13000 രൂപായടങ്ങിയ ബാഗ് തട്ടിപ്പറിച്ചു ബൈക്കില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ മറ്റൊരു ബൈക്കില്‍ ഇടിച്ച് നിലത്തു വീണ ഇയാള്‍ നാട്ടുകാരെ കത്തികാട്ടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാർ പിടികൂടുകയായിരുന്നു.
നിരവധി പിടിച്ചു പറിക്കേസിലെ പ്രതിയായ ഇയാള്‍ വീടു നിര്‍മാണത്തിന് വായ്പതരപ്പെടുത്തിക്കൊടുക്കാമെന്ന് വാഗ്ദാനം ചെയ്ത് നിരവധിപേരെ പറ്റിച്ച് ലക്ഷങ്ങള്‍ തട്ടിയ കേസിലും പ്രതിയാണ്.
കഴിഞ്ഞ ബുധനാഴ്ച കത്തിപ്പാറയിലെ കോളനിയിലെത്തി ലീലയെന്ന വീട്ടമ്മയുടെ വീട്ടിൽ വൈദിക വേഷത്തിലെത്തി 13000 രൂപ നല്കിയാല് ഒരു മാസത്തിനുള്ളില്‍ വീട് നിര്‍മാണത്തിനായി അഞ്ച് ലക്ഷം രൂപ സൗജന്യമായി തരപ്പെടുത്തി നല്‍കാമെന്ന് ഉറപ്പ് നല്കി പണം വാങ്ങിയെന്നും പരാതിയുണ്ട്.
വീട്ടമ്മ ആനപ്പാറയിലെ സ്വകാര്യപണമിടപാട് സ്ഥാപനത്തില്‍ സ്വർണം പണയം വച്ച് 13000 രൂപ നല്കി.യുവാവിനെയും കൊണ്ട് പോലീസ് പണമിടപാട് സ്ഥാപനത്തിലെത്തിച്ച് തെളിവെടുപ്പ് നടത്തി.
ആശുപത്രിയിലെത്തിച്ച് കോറോണാ പരിശോധന നടത്തിയശേഷം കോടതിയില്‍ ഹാജരാക്കും. സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ ശ്രീകുമാർ അറസ്റ്റിനു നേതൃത്വം നൽകി.