വെമ്പുവ: ബിരുദാനന്തര ബിരുദ പരീക്ഷയിൽ ഒന്നാം റാങ്കും നാലാം റാങ്കും കരസ്ഥമാക്കി ഇരട്ട സഹോദരിമാർ.
പയ്യാവൂർ വെമ്പുവയ്ക്ക് സമീപം മൈക്കുന്നിലെ നരിതൂക്കിൽ ജോണി – ഷൈനി ദമ്പതികളുടെ മക്കളായ ഡോണയും ഡെൽനയുമാണ് അപൂർവ നേട്ടത്തിനുടമകളായത്.
കേരള ആരോഗ്യ സർവകലാശാലയുടെ മോസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലൈഡ് ഹെൽത്ത് സർവീസിൽനിന്ന് മാസ്റ്റർ ഓഫ് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷനിലാണ് ഡോണ ജോണി ഒന്നാം റാങ്കും ഡെൽന ജോണി നാലാം റാങ്കും നേടിയത്.
പൂപ്പറമ്പ് ഫുസ്കോ സീനിയർ സെക്കൻഡറി സ്കൂളിൽനിന്ന് പത്താം ക്ലാസ് വിജയിച്ചശേഷം പൈസക്കരി ദേവമാതാ ഹയർ സെക്കൻഡറി സ്കൂളിൽ പഠനം തുടർന്ന ഇരുവരും പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം കൈവരിക്കുകയുണ്ടായി. അങ്കമാലി ഡിപോൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലായിരുന്നു ബിരുദപഠനം.
മികച്ച ഗായകർകൂടിയായ രണ്ടുപേരും വെമ്പുവ മാർ സ്ലീവ പള്ളിയിലെ ക്വയർ ഗ്രൂപ്പിൽ സജീവമാണ് ഇപ്പോഴും. സംഗീതത്തിനുപുറമേ തയ്യലിലും പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട്.
‘ട്വിൻ റോസ് മീഡിയാസ് ‘ എന്നപേരിൽ ഇവർക്ക് സ്വന്തമായി യുട്യൂബ് ചാനലുമുണ്ട്. പാചകം, ചിത്രകല തുടങ്ങിയവയാണ് ചാനലിൽ കൂടുതലായും വിഷയങ്ങളാക്കുന്നത്.
വ്യത്യസ്തങ്ങളായ നിരവധി സങ്കരയിനം നാണ്യവിള-ഫലവൃക്ഷ തൈകൾ കർഷകരിലെത്തിക്കാൻ മലയോരമേഖലയിലെ വിവിധ പ്രദേശങ്ങളിൽ പ്രവർത്തിച്ചുവരുന്ന നരിതൂക്കിൽ നഴ്സറി ഉടമകളായ കുടിയേറ്റ കർഷകകുടുംബത്തിലെ അംഗമാണ് റാങ്ക് ജേതാക്കളുടെ പിതാവ് ജോണി.
അമ്മ ഷൈനി വടക്കേക്കര കുടുംബാംഗമാണ്. ഓസ്ട്രേലിയയിൽ ബിഎസ്ഡബ്യു വിദ്യാർഥിയായ റോസാണ് ദന്പതികളുടെ മൂന്നാമത്തെ മകൾ.