മുംബൈ: ഓസ്ട്രേലിയയ്ക്കെതിരായ മൂന്നു മത്സരങ്ങളുടെ ട്വന്റി-20 പരമ്പരയ്ക്കുള്ള പതിനഞ്ചംഗ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. വെറ്ററൻ പേസർ ആശിഷ് നെഹ്റ, ദിനേഷ് കാർത്തിക് എന്നിവർ ഏറെ കാലത്തിന് ശേഷം ടീമിൽ തിരിച്ചെത്തി. ഓപ്പണർ ശിഖർ ധവാൻ മടങ്ങിയെത്തിയതോടെ അജിങ്ക്യ രഹാനെയ്ക്ക് ടീമിൽ സ്ഥാനം നഷ്ടമായി.
ഏകദിന പരന്പരയിൽ മിന്നും പ്രകടനം കാഴ്ചവെച്ച രഹാനെയെ സ്ഥിരം ഓപ്പണറായ ധവാനു ടീമിൽ ഇടംനൽകാൻ സെലക്ടർമാർ ഒഴിവാക്കുകയായിരുന്നു. പരന്പരയിൽ നാലു അർധ സെഞ്ചുറി അടക്കം 244 റൺസ് നേടിയ ശേഷമാണ് രഹാനെ ഒഴിവാക്കിയത്. ഏകദിന ടീമിലുണ്ടായിരുന്ന ഷർദുൽ താക്കൂറിനെയും ട്വന്റി-20യിൽ ഒഴിവാക്കി. രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ എന്നിവരെ പരിഗണിച്ചതേയില്ല.
ഒക്ടോബർ ഏഴിനാണ് റാഞ്ചിയിലാണ് ആദ്യ ട്വന്റി-20 മത്സരം. ഒക്ടോബർ പത്തിന് ഗുവഹാത്തിയിലും പതിമൂന്നിന് ഹൈദരാബാദിലുമാണ് അടുത്ത രണ്ടു മത്സരങ്ങൾ നടക്കുക.
ഇന്ത്യൻ ടീം: വിരാട് കോഹ്ലി(ക്യാപ്റ്റന്‍), രോഹിത് ശര്‍മ, ശിഖര്‍ ധവാന്, കെ.എൽ. രാഹുൽ, മനീഷ് പാണ്ഡേ, കേദാർ യാദവ്, ദിനേഷ് കാർത്തിക്, മഹേന്ദ്രസിംഗ് ധോണി, ഹർദിക് പാണ്ഡ്യ, കുൽദീപ് യാദവ്, യുസ്വേന്ദ്ര ചാഹല്‍, ജസ്പ്രീത് ബുമ്റ, ഭുവനേശ്വര്‍ കുമാര്‍, ആശിഷ് നെഹ്റ, അക്സർ പട്ടേൽ.