അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ട്വന്റി-20 ക്രിക്കറ്റ് പോരാട്ടത്തിന് ഇന്ത്യ ഇന്ന് ഇറങ്ങുന്പോൾ ആശങ്കകൾ അവസാനിക്കുന്നില്ല.
രണ്ടാം മത്സരത്തിൽ അരങ്ങേറ്റക്കാരനായ ഇഷാൻ കിഷന്റെയും ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെയും മികവിൽ ഇന്ത്യ ഏഴ് വിക്കറ്റ് ജയം നേടിയെങ്കിലും ഓപ്പണിംഗിലെ പ്രശ്നം ഗുരുതരമായി തുടരുന്നു.
ആദ്യ രണ്ട് മത്സരത്തിലും ഓപ്പണർ കെ.എൽ. രാഹുലിനു ഫോം കണ്ടെത്താൻ സാധിച്ചിട്ടില്ല.രണ്ടാം മത്സരത്തിൽ ശിഖർ ധവാനു പകരമായി ഇഷാൻ കിഷനെ പ്ലേയിംഗ് ഇലവണിലെടുത്ത തീരുമാനം തെറ്റിയില്ല.
32 പന്തിൽ 56 റണ്‍സ് അടിച്ചെടുത്ത് ഇന്ത്യയെ ജയത്തിലേക്ക് നയിച്ചത് ഇഷാൻ ആയിരുന്നു. രണ്ടാം മത്സരത്തിൽ സൂര്യകുമാർ യാദവിനെ ടീമിലെടുത്തെങ്കിലും ബാറ്റിംഗിന് അവസരം ലഭിച്ചില്ല.
ഋഷഭ് പന്ത്, കോഹ്ലി, ശ്രേയസ് അയ്യർ എന്നിവർ ഇറങ്ങിയതോടെയാണ് സൂര്യകുമാറിന് ക്രീസിലെത്താൻ അവസരം ലഭിക്കാതിരുന്നത്.
രണ്ടാം മത്സരത്തിൽ ആദ്യ 10 ഓവറിൽ നടത്തിയ ആക്രമണ ബാറ്റിംഗ് പിന്നീടു തുടരാൻ സാധിക്കാതിരുന്നതാണ് ഓയിൻ മോർഗനും കൂട്ടർക്കും രണ്ടാം മത്സരത്തിൽ കാലിടറാൻ കാരണമായത്.
ഇന്നത്തെ മത്സരത്തിൽ ജയിച്ച് അഞ്ച് മത്സര പരന്പരയിൽ 2-1ന്റെ ലീഡ് സ്വന്തമാക്കുകയാണ് ഇരു ടീമുകളുടെയും ലക്ഷ്യം.