കോട്ടയം: കോട്ടയത്തും എത്തി ട്വന്റി-20 കോട്ടയം ടീം. കോട്ടയം നഗരസഭാ പ്രദേശത്തെ ജനകീയ പ്രശ്നങ്ങൾക്കു പരിഹാരം കാണാനും തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുമാണ് ട്വന്റി-20 കോട്ടയം എന്ന പേരിൽ ജനകീയ കൂട്ടായ്മ രൂപീകരിച്ചത്.
അധികാരം ജനങ്ങളിലേക്ക് എന്ന മുദ്രാവാക്യമുയർത്തിയാണു കൂട്ടായ്മ രൂപം കൊണ്ടിരിക്കുന്നത്. സുതാര്യവും ജനാധിപത്യപരവുമായ രീതിയിൽ പൊതുസമ്മതരും കഴിവുള്ളതുമായ സ്ഥാനാർഥികളെ കണ്ടെത്തി നഗരസഭയിലെ 52 വാർഡുകളിലും മത്സരിക്കാനാണ് ട്വന്റി-20 കോട്ടയം ലക്ഷ്യമിടുന്നത്.
ഇതിനായി ആരംഭിച്ച വിവിധ വാട്സ് ആപ്പ്, ഫെയ്സ്ബുക്ക് ഗ്രൂപ്പുകളിൽ നൂറുകണക്കിന് ആളുകളാണ് എല്ലാ ദിവസവും ചർച്ചകളിൽ പങ്കെടുക്കുന്നതെന്ന് സംഘാടകർ അവകാശപ്പെട്ടു. നഗരസഭയിലെ എല്ലാ വാർഡുകളിലും ജനകീയ കൂട്ടായ്മയ്ക്ക് പ്രവർത്തകരായി.
അഴിമതി പൂർണമായും ഇല്ലാതാക്കിയും നഗരസഭയുടെ വരുമാനം വർധിപ്പിക്കാനുള്ള കർമ പദ്ധതികൾ ആവിഷ്കരിച്ചും വികസന പ്രവർത്തനങ്ങൾക്ക് ആവശ്യമായ പണം കണ്ടെത്താനാണു കൂട്ടായ്മ ലക്ഷ്യമിടുന്നത്. നഗരസഭയിലെ ജനങ്ങളുടെ ക്ഷേമവും ജീവിത നിലവാരവും ഉയർത്തുന്നതിനോടൊപ്പം പരിസ്ഥിതി സൗഹാർദ്ദ വികസനവും ഉറപ്പു വരുത്തും.
ഇതിനായി ജനങ്ങൾ ആഗ്രഹിക്കുന്ന പ്രകടന പത്രിക തയാറാക്കും. തുടർന്നു കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു വാർഡുകളിൽ പ്രചാരണ പരിപാടികൾ ആരംഭിക്കും. അതാതു വാർഡിലെ ആളുകൾ ചേർന്നാകും സ്ഥാനാർഥിയെ തീരുമാനിക്കുക.
നഗരസഭയ്ക്കു കിട്ടേണ്ട വരുമാനം കൃത്യമായി ഈടാക്കുകയും കൂടുതൽ വരുമാന മാർഗങ്ങൾ കണ്ടെത്തുകയും പദ്ധതികളിലെ അഴിമതി ഇല്ലാതാക്കുകയും ചെയ്താൽ കിഴക്കന്പത്ത് വന്നതുപോലെയുള്ള മാറ്റം കോട്ടയത്തും സാധ്യമാകുമെന്ന് ഭാരവാഹികളായ ഫിലിപ്പുകുട്ടി, മഹേഷ് വിജയൻ എന്നിവർ പറഞ്ഞു. വാട്സ് ആപ് നന്പർ 9497695596.