തിരുവനന്തപുരം: മഴയുടെ ദ്രുതതാളത്തില്‍ നെഞ്ചിടിപ്പേറിയ തിരുവനന്തപുരം, ടീം ഇന്ത്യയുടെ വിജയത്തില്‍ കുടചൂടി. കാര്യവട്ടം സ്പോര്‍ട്സ് ഹബ് സ്റ്റേഡിയത്തില്‍ ആദ്യമായി വിരുന്നിനെത്തിയ അന്താരാഷ്്ട്ര ക്രിക്കറ്റ് മത്സരം മഴയില്‍ കുതിര്‍ന്നെങ്കിലും വിജയത്തേരിലേറി ടീം ഇന്ത്യ.
ന്യൂസിലന്‍ഡിനെതിരായ ട്വന്റി-20 പരമ്പരയിലെ മൂന്നാമത്തേതും അവസാനത്തേതുമായ മത്സരത്തില്‍ ഇന്ത്യക്ക് ആറു റണ്‍സ് ജയം. എട്ടോവറാക്കി ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 67 റണ്‍സെടുത്തു. അനായാസ വിജയം സ്വപ്നം കണ്ട് മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലന്‍ഡിന് എട്ടോവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 61 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ഇന്ത്യന്‍ ബൗളര്‍മാരുടെയും ഫീല്‍ഡര്‍മാരുടെയും ഉജ്വല പ്രകടനമാണ് ഇന്ത്യക്ക് ജയമൊരുക്കിയത്. ഇതോടെ മൂന്നു മത്സരങ്ങളുടെ പരമ്പര 2-1ന് ഇന്ത്യ നേടി. മാൻ ഓഫ് ദ മാച്ചും മാൻ ഓഫ് ദ സീരീസും ജസ്പ്രീത് ബുംറ
മഴമാറി, ടോസ് കിവീസിന്
ടോസ് നേടിയ ന്യൂസിലന്‍ഡ് പിച്ചിലെ ആനുകൂല്യം മുതലാക്കാന്‍ ആദ്യം ഫീല്‍ഡ് ചെയ്യാന്‍ തീരുമാനിച്ചു. പതിവിനു വിപരീതമായി ദേശീയ ഗാനമില്ലാതെയാണ് മത്സരം ആരംഭിച്ചത്. ട്രെന്റ് ബോള്‍ട്ട് എറിഞ്ഞ ആദ്യപന്തില്‍ത്തന്നെ കാര്യവട്ടത്തെ ആദ്യ റണ്‍ രോഹിത് ശര്‍മയിലൂടെ പിറന്നു. ആദ്യ ബൗണ്ടറി അതേഓവറിലെ അഞ്ചാം പന്തില്‍ ശിഖര്‍ ധവാന്റെ ബാറ്റില്‍നിന്ന് പിറന്നപ്പോള്‍ അത് ചരിത്രത്തില്‍ രേഖപ്പെടുത്തുകയായിരുന്നു.
എന്നാല്‍, ടിം സൗത്തി പന്തെറിയാനെത്തിയതോടെ കഥ മാറി. മൂന്നാം ഓവറിലെ രണ്ടാം പന്തില്‍ ശിഖര്‍ ധവാന് ഔട്ട്. സൗത്തിയുടെ ഓഫ് കട്ടറില്‍ സാന്റ്നര്‍ പിടിച്ചാണ് ആറു റണ്‍സെടുത്ത ധവാന് പുറത്തായത്. തൊട്ടടുത്ത പന്തില്‍ രോഹിത് ശര്‍മയും പുറത്ത്. അതേ പോലെയുള്ള ഓഫ് കട്ടറില്‍ അതേ സാന്റ്നര്‍ പിടിച്ച് എട്ടു റണ്‍സുമായി രോഹിത് പുറത്തേക്ക്. നായകന് വിരാട് കോഹ്്ലിയുടെ ഊഴമായിരുന്നു പിന്നീട്. മൂന്നാം ഓവറില്‍ സൗത്തിയുടെ അവസാന പന്തില്‍ ഒരു റണ്‍ എടുത്ത് സ്ട്രൈക്ക് കാത്ത കോഹ്്ലി തൊട്ടടുത്ത ഓവറില്‍ ചരിത്രത്തിന്റെ ഭാഗമായി.
സ്പോര്‍ട്സ് ഹബിലെ ആദ്യ സിക്സര്‍ ഇന്ത്യന്‍ നായകന് വിരാട് കോഹ്്ലിയുടെ ബാറ്റില്‍നിന്നാണ് പിറന്നത്. ഇഷ് സോധിയെറിഞ്ഞ നാലാം ഓവറിലെ രണ്ടാം പന്തിലായിരുന്നു വിരാടിന്റെ ലോംഗ് ഓണിലെ സിക്സ്. ഇതേ ഓവറിലെ ആദ്യപന്തില്‍ ബൗണ്ടറി നേടാനും കോഹ്്ലിക്കായി.
എന്നാല്‍, അതേ ഓവറിലെ അഞ്ചാം പന്തില്‍ കോഹ്്ലി പുറത്ത്. ആറു പന്തില്‍ 13 റണ്‍സായിരുന്നു കോഹ്്ലിയുടെ സംഭാവന. ട്രെന്റ് ബോള്‍ട്ട് ഡീപ് മിഡ് വിക്കറ്റില്‍ കോഹ്്ലിയെ പിടിച്ചു പുറത്താക്കുകയായിരുന്നു. മൂന്നു മുന്‍നിര ബാറ്റ്സ്മാന്മാര് പുറത്തായതോടെ അനന്തപുരി നിശബ്ദമായി. പിന്നീട് മനീഷ് പാണ്ഡെയും പാതി മലയാളി ശ്രേയസ് അയ്യരും ക്രീസില്‍ ഒത്തു ചേര്‍ന്നു. നേരിട്ട രണ്ടാം പന്തില്‍ത്തന്നെ ബൗണ്ടറി നേടിയ പാണ്ഡെ ആഗമനോദ്ദേശ്യം വ്യക്തമാക്കി.
സോധിയുടെ പന്തില്‍ ലോംഗ് ഓണിലേക്കായിരുന്നു പാണ്ഡെയുടെ മനോഹര സിക്സ്. അധികം താമസിയാതെ ആറു റണ്‍സുമായി ശ്രേയസ് അയ്യരും പുറത്ത്. സോധിയുടെ പന്തില്‍ മാര്ട്ടിന് ഗപ്ടില്‍ പിടിച്ച് അയ്യര്‍ പുറത്താവുകയായിരുന്നു. ആറോവര്‍ പൂര്‍ത്തിയാകുമ്പോള്‍ ഇന്ത്യ നാലു വിക്കറ്റിന് 50 റണ്‍സ് എന്ന നിലയിലേക്കു കൂപ്പുകുത്തി. പിന്നീടുള്ള രണ്ടോവറില്‍ കൂറ്റന്‍ അടികളിലൂടെ റണ്‍സ് കണ്ടെത്താനുള്ള ശ്രമമായിരുന്നു. എന്നാല്‍, സാന്റ്നറും ട്രെന്റ് ബോള്‍ട്ടും ഒപ്പം അവരുടെ ഫീല്‍ഡര്‍മാരും കാര്യങ്ങള്‍ കിവീസിന് അനുകൂലമാക്കി.
ഞെട്ടിയ ക്യാച്ച്
11 പന്തില്‍ 17 റണ്‍സെടുത്ത ഇന്ത്യന്‍ ടോപ് സ്കോററായ മനീഷ് പാണ്ഡെയെ ഗ്രാന്‍ഡ്ഹോമും സാന്റ്നറും ചേര്‍ന്ന് പുറത്താക്കിയത് അവിശ്വസനീയ ക്യാച്ചിലൂടെയായിരുന്നു. ബോള്‍ട്ടിന്റെ പന്തില്‍ സിക്സെന്നുറപ്പിച്ച് തൊടുത്ത ലോംഗ് ഓണ്‍ ഷോട്ടില്‍ സാന്റ്നര്‍ ഇടതുവശത്തേക്ക് ഓടി പിടിക്കാനുള്ള ശ്രമത്തിലായിരുന്നു. എന്നാല്‍, ബൗണ്ടറി ലൈനിനു തൊട്ടരികില്‍ വച്ച് കാലിന്റെ ബാലന്‍സ് തെറ്റിയ സാന്റ്നര്‍ പന്ത് മുകളിലേക്ക് തട്ടി. ഓടിയെത്തിയ ഗ്രാന്‍ഡ് ഹോം പന്ത് അനായാസം കൈക്കലാക്കി. ഈ ക്യാച്ചിനു തിരുവനന്തപുരത്തിന്റെ അഭിനന്ദനവും ലഭിച്ചു.
പിന്നീടെല്ലാം ചടങ്ങു മാത്രമായി. ഒടുവില്‍ ഇന്ത്യയുടെ പോരാട്ടം എട്ടോവറില്‍ 67 റണ്‍സില്‍ അവസാനിച്ചു. 10 പന്തില്‍ 14 റണ്‍സെടുത്ത ഹര്‍ദിക് പാണ്ഡ്യയും റണ്ണൊന്നുമെടുക്കാതെ ധോണിയുമായിരുന്നു ക്രീസില്‍. കിവീസിനു വേണ്ടി ടിം സൗത്തിയും ഇഷ് സോധിയും രണ്ടു വിക്കറ്റ് വീതം നേടി. ട്രെന്റ് ബോള്‍ട്ടിന് ഒരു വിക്കറ്റും ലഭിച്ചു.
തുടക്കം തകര്‍ച്ചയോടെ
മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലന്‍ഡിന്റെ തുടക്കവും തകര്‍ച്ചയോടെയായിരുന്നു. ഒമ്പതു പന്തുകള്‍ എറിഞ്ഞു തീരുമ്പോഴേക്കും അവരുടെ രണ്ടു വിക്കറ്റുകള്‍ നിലം പൊത്തി. ആദ്യഓവറിലെ അവസാന പന്തില്‍ മാര്ട്ടിന് ഗപ്ടിലിനെ ഭുവനേശ്വര്‍ കുമാര്‍ ബൗള്‍ഡാക്കിയപ്പോള്‍ ജസ്പ്രീത് ബുംറയുടെ പന്തില്‍ രോഹിത് ശര്‍മയുടെ ഉജ്വല ക്യാച്ചില്‍ രണ്ടാം ടി-20യിലെ സെഞ്ചുറി വീരന് കോളിന് മുണ്‍റോ പുറത്ത്. ലോംഗ് ഓണിനു മുന്നില്‍ സര്‍ക്കിളില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന രോഹിത് പിന്നോട്ടോടിയാണ് മുണ്റോയെ പിടികൂടിയത്.
പിന്നീട് ക്രീസില്‍ ഒത്തു ചേര്‍ന്ന ഫിലിപ്സും നായകന് കെയ്ന്‍ വില്യംസണും ചേര്‍ന്ന് കിവീസിനെ മുന്നോട്ടു നയിച്ചു. എന്നാല്‍, റണ്‍സ് വഴങ്ങുന്നതില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ പിശുക്കു കാട്ടി. നാലോവറില്‍ രണ്ട വിക്കറ്റു നഷ്ടത്തില്‍ 26 റണ്‍സ് മാത്രമായിരുന്നു അവരുടെ സ്കോര്‍. അഞ്ചാം ഓവറില്‍ മികച്ച ഒരു ഫീല്‍ഡിംഗിലൂടെ ഹര്‍ദിക് പാണ്ഡ്യ വില്യംസണെ പുറത്താക്കി. കുല്‍ദീപ് യാദവിന്റെ പന്തില്‍ മിഡ് ഓണില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന പാണ്ഡ്യ ഉജ്വല ഏറിലൂടെ വിക്കറ്റ് തെറിപ്പിച്ചു. തൊട്ടടുത്ത പന്തില്‍ ഫിലിപ്സും (11) പുറത്ത്. കുല്‍ദീപിനെ ബൗണ്ടറിക്കപ്പുറത്തേക്കു പായിക്കാന്‍ ശ്രമിച്ച ഫിലിപ്സ് മിഡ് വിക്കറ്റില്‍ ധവാന്റെ കൈകളിലൊതുങ്ങി.
മികച്ച ഫോമിലുള്ള ഗ്രാന്‍ഡ് ഹോമിന്റെ വരവായിരുന്നു പിന്നീട്. അഞ്ചാം ഓവറിലെ അവസാന പന്തില്‍ കുല്‍ദീപിനെതിരേ സിക്സര്‍ നേടിയ ഗ്രാന്‍ഡ്ഹോം കിവീസിന്റെ സമ്മര്‍ദം കുറച്ചു. അഞ്ചോവര്‍ അവസാനിക്കുമ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 36 റണ്‍സെന്ന നിലയിലായിരുന്നു കിവീസ്. ആറാം ഓവര്‍ എറിയാനെത്തിയ യുസ് വേന്ദ്ര ചാഹലിനെതിരേ റണ്‍സ് കണ്ടെത്താന്‍ കിവീസ് ബാറ്റ്സ്മാന്മാര് വിഷമിച്ചു. ഈ ഓവറില്‍ മൂന്നു റണ്‍സ് മാത്രമാണ് കിവീസിനു നേടാനായത്.
ഏഴാം ഓവറിലെ ആദ്യ പന്തില്‍ നിക്കോള്‍സ് പുറത്തായി. ബുംറയുടെ പന്തില്‍ ശ്രേയസ് അയ്യര്‍ പിടിച്ചാണ് രണ്ട്് റണ്‍സെടുത്ത നിക്കോള്‍സ് പുറത്തായത്. സ്വീപ്പ് ചെയ്യാന്‍ ശ്രമിച്ച നിക്കോള്‍സ് ഫൈന്‍ ലെഗില്‍ അയ്യരുടെ കൈയിലൊതുങ്ങി. താമസിയാതെ ഹര്‍ദിക് പാണ്ഡ്യയുടെ ഉജ്വല ത്രോയില്‍ ബ്രൂസ് പുറത്ത്. രണ്ടാമത്തെ റണ്ണിനോടിയ ബ്രൂസിനെ പാണ്ഡ്യയുടെ ത്രോയില്‍ ധോണി പുറത്താക്കി. മൂന്നാം അമ്പയറുടെ തീരുമാനത്തിലായിരുന്നു ബ്രൂസിന്റെ പുറത്താകല്‍.
അവസാന ഓവറില്‍ 19 റണ്‍സ് വേണമെന്ന അവസ്ഥയില്‍ പാണ്ഡ്യയെ കോഹ്്ലി പന്തേല്പിച്ചു. ആദ്യ രണ്ടു പന്തില്‍നിന്ന് ഒരു റണ്‍ മാത്രമാണ് കിവീസിനു നേടാനായത്. എന്നാല്‍, മൂന്നാം പന്തില്‍ ഗ്രാന്‍ഡ് ഹോം സിക്സ് നേടിയതോടെ ഇന്ത്യയുടെ നെഞ്ചിടിപ്പ് കൂടി. നാലാം പന്ത് വൈഡുമായി. അവസാന രണ്ടു പന്തില്‍ കിവീസിനു ജയിക്കാന്‍ 10 റണ്‍സ്. എന്നാല്‍, മൂന്നു റണ്‍സ് മാത്രമാണ് അവര്‍ക്കു നേടാനായത്. ഇന്ത്യക്ക് ആറു റണ്‍സ് ജയം. ഇന്ത്യക്കു വേണ്ടി ബുംറ രണ്ടു വിക്കറ്റും ഭുവനേശ്വര്‍ കുമാർ, കുല്‍ദീപ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റും നേടി. 17 റണ്‍സ് നേടിയ ഗ്രാന്‍ഡ് ഹോമാണ് കിവീസിന്റെ ടോപ് സ്കോറര്‍.
സ്കോര്‍ബോര്‍ഡ്
ഇന്ത്യ
രോഹിത് ശര്‍മ സി സാന്റ്നര്‍ ബി സൗത്തി 8, ധവാന് സി സാന്റ്നര്‍ ബി സൗത്തി 6, കോഹ്ലി സി ബോള്‍ട്ട് ബി ഇഷ് സോധി 13, ശ്രേയസ് അയ്യര്‍ സി ഗപ്ടില്‍ ബി ഇഷ് സോധി 6, മനീഷ് പാണ്ഡെ സി ഡി ഗ്രാന്‍ഡ്ഹോം ബി ബോള്‍ട്ട് 17, പാണ്ഡ്യ നോട്ടൗട്ട് 14, ധോണി നോട്ടൗട്ട് 0, എക്സ്ട്രാസ് 3, ആകെ 8 ഓവറില്‍ അഞ്ചു വിക്കറ്റിന് 67.
ബൗളിംഗ്
ബോള്‍ട്ട് 2-0-13-1, സാന്റ്നര്‍ 2-0-16-0, സൗത്തി 2-0-13-2, സോധി 2-0-23-2
ന്യൂസിലന്‍ഡ്
ഗപ്ടില്‍ ബി ഭുവനേശ്വര്‍ 1, കോളിന് മുണ്‍റോ സി രോഹിത് ബി ബുംറ 7, വില്യംസണ് റണ്‍ഔട്ട് 8, ഫിലിപ്സ് സി ധവാന് ബി കുല്‍ദീപ് യാദവ് 11, കോളിന് ഡി ഗ്രാന്‍ഡ്ഹോം നോട്ടൗട്ട് 17, നിക്കോള്‍സ് സി ശ്രേയസ് അയ്യര്‍ ബി ബുംറ 2, ബ്രൂസ് റണ്‍ ഔട്ട് 4, മിച്ചല്‍ സാന്റ്നര്‍ നോട്ടൗട്ട് 3, എക്സ്ട്രാസ് 8, ആകെ എട്ട് ഓവറില്‍ ആറു വിക്കറ്റിന് 61.
ബൗളിംഗ്
ഭുവനേശ്വര്‍ കുമാര്‍ 2-0-18-1, ബുംറ 2-0-9-2, ചാഹല്‍ 2-0-8-0, കുല്‍ദീപ് 1-0-10-1, പാണ്ഡ്യ 1-0-11-0
സി.കെ. രാജേഷ്കുമാര്‍