ചെങ്ങന്നൂർ: കേരളത്തിൽ ഇടതുപക്ഷ ഗവണ്മെന്റ് അധികാരത്തിലെത്തി 20 മാസങ്ങൾ പിന്നിട്ടപ്പോൾ 22പേരെ കൊലപ്പെടുത്തിയതാണ് പിണറായി സർക്കാരിന്റെ നേട്ടമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുനമ്മനം രാജശേഖരൻ. ചെങ്ങന്നൂരിൽ നടത്തിയ വികാസ് യാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ചുരുങ്ങിയ കാലയളവിൽ ഇത്രയും ആളുകൾ കൊലചെയ്യപ്പെടണമെങ്കിൽ കേരളത്തിൽ ക്രമസമാധാനില ഭദ്രമാണ് എന്ന് എങ്ങനെപറയും. ഇടത് വലത് മുന്നണികൾ തമ്മിൽ കൊടിയുടെ നിറത്തിലല്ലാതെ എന്ത് വ്യത്യാസമാണുള്ളത്. കമ്യൂണിസ്റ്റ് പാർട്ടി എന്ത് പ്രത്യയശാത്രത്തിനായാണോ ചെങ്കൊടി പിടിച്ചുകൊണ്ട് സമരങ്ങൾ നടത്തിയത് അതിൽ നിന്ന് വ്യതിചലിച്ച് ഇവിടുത്തെ മുതലാളിത്ത്വത്തിന് വേണ്ടി വാദിക്കുന്ന പാർട്ടിയായി മാറിയിരിക്കുന്നു.
അതുകൊണ്ട് മുതലാളിത്ത പാർട്ടിയായ കോണ്‍ഗ്രസിനോട് അവർ കൈകോർക്കുന്നു. മൂന്നാറിൽ ഭൂമി കൈയേറുന്ന കാര്യത്തിൽ കോണ്‍ഗ്രസിനും കമ്യൂണിസ്റ്റ് പാർട്ടിക്കും ഒരു വ്യത്യാസവുമില്ല. കേരളത്തെ നശിപ്പിച്ചവർ ഒന്നായാൽ വലിയ അതിശയമൊന്നുമില്ല. ഈ നാടിനെ രക്ഷിക്കണമെന്ന് ആഗ്രഹിക്കുന്നവർക്ക് അവർ വെല്ലുവിളിയാണ്.
പ്രതിപക്ഷത്തിരിക്കുന്പോൾ ആരോപണങ്ങൾ ഉന്നയിക്കുകയും ഭരണപക്ഷത്ത് എത്തുന്പോൾ ഉന്നയിച്ച ആരോപണങ്ങളിൽ ഒരു നടപടിയും സ്വീകരിക്കാതെ കൂടുതൽ അഴിമതി നടത്തുവാൻ ശ്രമിക്കുകയും വികസനത്തിന് പകരം ഖജനാവ് കൊള്ളയടിക്കുകയും ചെയ്യുന്ന നിലപാടാണ് ഇടത് വലത് ഭരണത്തിലൂടെ കേരളത്തിൽ നടക്കുന്നത്.
ഒത്തുതീർപ്പ് രാഷ്ട്രീയവും അഴിമതിയും വികസന മുരടിപ്പും കണ്ടുമടുത്ത ജനങ്ങൾ മാറ്റത്തിന് ആഗ്രഹിക്കുന്നു. ചെങ്ങന്നൂരിൽ എൻഡിഎ സ്ഥാനാർഥി വിജയിച്ചാൽ അത് കേരളത്തിൽ സംഭവിക്കാൻ പോകുന്നത് വലിയ രാഷ്ട്രീയ വ്യതിയാനമാണെന്നും കുമ്മനം പറഞ്ഞു.വിവിധ പാർട്ടികളിൽ നിന്നും ബിജെപിയിലേക്ക് വന്ന പുതിയ പ്രവർത്തകരെ കുമ്മനം സ്വീകരിച്ചു.
ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമൻ ചടങ്ങിൽ അധ്യക്ഷനായി. ദേശിയ നിർവാഹക സമിതി അംഗം പി.എസ്. ശ്രീധരൻപിള്ള, സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ, ദക്ഷിണമേഖലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരൻ, കോട്ടയം ജില്ലാ പ്രസിഡന്റ് എൻ.ഹരി, ജില്ലാ ജനറൽ സെക്രട്ടറി ഡി. അശ്വനിദേവ്, എം.വി. ഗോപകുമാർ, ജില്ലാ വൈസ് പ്രസിഡന്റ് പി.കെ. വാസുദേവൻ, ട്രഷറർ കെ. ജി. കർത്ത, നിയോജകമണ്ഡലം പ്രസിഡന്റ് സജു ഇടക്കല്ലിൽ, സതീഷ് ചെറുവല്ലൂർ തുടങ്ങിയവർ പ്രസംഗിച്ചു