ജമൈക്ക: വെസ്റ്റ് ഇൻഡീസിനെതിരായ ട്വന്റി 20 മത്സരത്തിൽ ഇന്ത്യക്ക് നാണംകെട്ട തോൽവി. ഒൻപതു വിക്കറ്റിനാണ് വിൻഡീസ് ഇന്ത്യയെ കശക്കിയെറിഞ്ഞത്. ഇന്ത്യ ഉയർത്തിയ 190 എന്ന മികച്ച സ്കോർ 18.3 ഓവറിൽ ലക്ഷ്യം മറികടന്നു. 62 പന്തിൽ 125 റൺസെടുത്ത് പുറത്താകാതെ നിന്ന ഇവാൻ ലൂയിസിന്റെ മിന്നും പ്രകടനമാണ് വിൻഡീസിന് തിളക്കമാർന്ന വിജയം സമ്മാനിച്ചത്.
മർഡലോൺ സാമുവൽസ് 36 റൺസുമായി ലൂയിസിന് മികച്ച പിന്തുണ നൽകി. മത്സരം പുരോഗമിക്കവെ ലൂയിസിന്റെ ബാറ്റിംഗിനെ കമന്റേറ്റർ വിശേഷിപ്പിച്ചത് “ബ്രൂട്ടൽ ബാറ്റിംഗ്’ എന്നായിരുന്നു. അത്രമേൽ മാരകമായിരുന്നു ആ ബാറ്റിംഗ്. കാണേണ്ട കാഴ്ചയായിരുന്നു അത്.
കുട്ടിക്രിക്കറ്റിലെ ബാറ്റിംഗിന്റെ മുഴുവൻ വന്യതയും പുറത്തെടുത്താണ് ലൂയിസ് ഇന്ത്യൻ ബൗളർമാർക്കുമേൽ താണ്ഡവമാടിയത്. ഭുവനേശ്വർ കുമാറും അശ്വിനും ഷമിയുമടങ്ങുന്ന ബോളിംഗ് നിരയെ നിലംതൊടാൻ അനുവദിച്ചില്ല ലൂയിസ്. 12 തവണയാണ് ആ ബാറ്റിൽ നിന്ന് പന്ത് കാണികളുടെ ഇടയിലേക്ക് പറന്നത്. ആറു തവണ പുൽത്തകിടികളെ ഉമ്മവച്ചും പന്ത് ബൗണ്ടറിലൈൻ കടന്നു.
വിൻഡീസ് നിരയിൽ ലൂയിസിനു പുറമെ ബാറ്റെടുത്തവരൊക്കെ വെളിച്ചപ്പാടാവുകയും ചെയ്തതോടെ കാര്യങ്ങൾ എളുപ്പമായി. 20 പന്തിൽ 18 റൺസെടുത്ത ഗെയിലിനും 29 പന്തിൽ 36 റൺസെടുത്ത സാമുവൽസിനും തങ്ങളുടെ ഭാഗം ഭംഗിയാക്കിയാൽ മാത്രം മതിയായിരുന്നു. അടികൊണ്ട് വശംകെട്ട ഇന്ത്യൻ ബൗളർമാർ 15 റൺസ് എക്സട്രാ ഇനത്തിൽ വിട്ടുകൊടുക്കുകയും ചെയ്തു.
മൂന്ന് ഓവറിൽ 46 റൺസ് വഴങ്ങിയ മുഹമ്മദ് ഷമിയാണ് വിൻഡീസ് ബാറ്റ്സ്മാൻ മാരിൽ നിന്ന് കണക്കിനു തല്ലുവാങ്ങിച്ചത്. ഫീൽഡിംഗിലും നീലപ്പട പൂർണ പരാജയമായിരുന്നു. സൂപ്പർ കീപ്പർ ധോണിക്കുപോലും പിഴവ് പറ്റിയപ്പോൾ വിജയം അകന്നതിൽ അത്ഭുതമില്ല.
നേരത്തെ, ആദ്യം ബാറ്റു ചെയ്ത ഇന്ത്യ നിശ്ചിത ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിലാണ് 190 റണ്‍സെടുത്തത്. ദിനേശ് കാർത്തിക്(48), വിരാട് കോഹ്ലി(39), ശിഖർ ധവാൻ(23) എന്നിവരുടെ മികച്ച ബാറ്റിംഗാണ് ഇന്ത്യക്കു ഭേദപ്പെട്ട സ്കോർ നൽകിയത്. റിഷഭ് പന്ത് 38 റണ്‍സ് നേടിയെങ്കിലും 35 പന്തുകളിൽനിന്നായിരുന്നു നേട്ടം.
ധോണി(2), കേദാർ യാദവ്(4) എന്നിവർക്കു തിളങ്ങാൻ കഴിഞ്ഞില്ല.വിൻഡീസിനായി ജെറോം ടെയ്ലർ, കെർസിക് വില്ല്യംസ് എന്നിവർ രണ്ടുവിക്കറ്റ് വീതം നേടി.