കുട്ടിക്കാലത്ത് സമ്മാനമായി ലഭിക്കുന്ന പണം ശേഖരിച്ച് വയ്ക്കാത്തവരായി ആരും കാണില്ല. ഇത്തരത്തിൽ പണം ശേഖരിച്ച ഒരു കുട്ടിയുണ്ട്. തനിക്ക് കിട്ടിയ പുതിയ ഇരുപതു രൂപ നോട്ടുകൾ ഒമ്പത് വയസുകാരിയായ ഫാത്തിമ നഷ്വ ശേഖരിച്ചു ലക്ഷങ്ങൾ സമ്പാദിച്ചു.
മലപ്പുറം കരുവാരക്കുണ്ടിൽ സ്വദേശിയായ ഫാത്തിമ നഷ്വയുടെ രണ്ടര വർഷത്തെ ഈ സമ്പാദ്യം ലക്ഷങ്ങൾ വരും. തുവ്വൂരിലെ ഓട്ടോ ഡ്രൈവറായ എറിയാട്ടു കുഴിയിൽ ഇബ്രാഹിമിന്റെ മകളാണ് ഫാത്തിമ നഷ്വ.
പിതാവ് വൈകിട്ട് വീട്ടിൽ എത്തുമ്പോൾ പേഴ്സും മൊബൈൽ ഫോണും മേശപ്പുറത്ത് വയ്ക്കും. ഇതിൽ നിന്നും നിഷ്വ സ്ഥിരമായി 20 രൂപ എടുക്കുമായിരുന്നു.
ഇബ്രാഹിമിന്റെ സുഹൃത്ത് കുറച്ചു ദിവസങ്ങൾക്ക് മുൻപ് വീട്ടിൽ വന്നപ്പോഴാണ് നഷ്വയുടെ സമ്പാദ്യം ചർച്ചാ വിഷയമായത്. തുടർന്ന് പണം എണ്ണി നോക്കിയപ്പോൾ ലക്ഷങ്ങൾ മകളുടെ പക്കലുണ്ടെന്ന് തിരിച്ചറിഞ്ഞു.
ശേഖരിച്ച തുക പിതാവിന്റെ കടബാധ്യത തീർക്കാൻ ഉപയോഗിക്കുമെന്ന് നഷ്വ വ്യക്തമാക്കി. സമ്പാദ്യത്തിൽ നിന്ന് ഒരു ഭാഗം ചികിത്സാ ചെലവിന് ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരു കുടുംബത്തിന് നൽകാനും മറന്നില്ല ഈ കുഞ്ഞു മിടുക്കി. തുവ്വൂർ മുണ്ടക്കോട് ജി എം എൽ പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയാണ് നഷ്വ.