കിഴക്കമ്പലം: ഒരു കിലോ അരിക്ക് പത്തു രൂപ! ഒരു പായ്ക്കറ്റ് പാലിനും അതേവില. വിലക്കയറ്റംമൂലം പൊറുതിമുട്ടുന്ന കേരളത്തിൽ ഇങ്ങനെയൊരു വിലവിവരം കേട്ടാൽ ആരും ആദ്യമൊന്ന് അമ്പരക്കും.എന്നാൽ എറണാകുളം ജില്ലയിലെ കിഴക്കന്പലം നിവാസികൾക്ക് ഇതിൽ പുതുമയില്ല. കാരണം കഴിഞ്ഞ മൂന്നു വർഷമായി ഉപ്പു തൊട്ട് കർപ്പൂരം വരെയുള്ള സാധനങ്ങൾ അവർക്ക് നിസാര വിലയ്ക്കാണ് ലഭിക്കുന്നത്. അതിനാൽതന്നെ പട്ടിണിയും വറുതിയും ഇന്നാട്ടുകാർക്ക് അന്യമാണ്.
എന്തിനും ഏതിനും ആശ്രയമായി പഞ്ചായത്തിലെ ജനകീയ കൂട്ടായ്മ ട്വന്റി ട്വന്റി വിളിപ്പുറത്തുണ്ട് എന്നതാണ് അവരുടെ ആശ്വാസം.മൂന്നു വർഷം മുമ്പ് ആരംഭിച്ച താമരച്ചാലിലെ ട്വന്റി ട്വന്റി സ്റ്റാളിൽ നിന്നു ലഭിച്ചുകൊണ്ടിരിക്കുന്ന നിത്യോപയാഗ സാധനങ്ങളുടെ വിലയിൽ ഇന്നും മാറ്റമില്ല. കാലമെത്ര കഴിഞ്ഞാലും ഈ വിലയില്‍നിന്ന് ഒരു രൂപ പോലും കൂട്ടില്ലെന്ന് ട്വന്റി ട്വന്റി ഭാരവാഹികള്‍ പറയുന്നു.44, 50 എന്ന വില നിലവാരത്തിലേക്കു കുതിച്ചു കയറിയ വടി, മട്ട അരി 10, 15 രൂപ നിരക്കിലാണ് ഇവിടെ നിന്നു വിതരണം ചെയ്യുന്നത്.
പാല് പായ്ക്കറ്റിന് 10 രൂപ, മുട്ട മൂന്നു രൂപ, ഒരു കിലോ വെളിച്ചെണ്ണ 90 രൂപ, ഒരു കിലോ പാമോയിൽ 40 രൂപ, ചെറുപയര്‍, വന്‍പയര്‍,പരിപ്പ്, കടല എന്നിവയടങ്ങിയ രണ്ടു കിലോയുടെ ദാല്കിറ്റ് 90 രൂപ, പഞ്ചസാര കിലോ 15 രൂപ, അപ്പപൊടിക്കും പുട്ടുപൊടിക്കും കിലോയ്ക്ക് 25 രൂപ, ഏത്തപ്പഴം കിലോ 25 രൂപ എന്നിങ്ങനെയാണ് വില.
പ്രമുഖ ബ്രാൻഡായ സാറാസിന്റെ മുളകുപൊടി, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, വിവിധ തരം മസാലപ്പൊടികള്‍ എന്നിവ പകുതി വിലയ്ക്കാണ് വില്‍ക്കുന്നത്. ക്രിസ്മസ്, ഓണം നാളുകളില്‍ വിവിധ തരത്തിലുള്ള കേക്കുകള്‍, പായസങ്ങള്‍ എന്നിവയും കുറഞ്ഞ വിലയ്ക്ക് നല്‍കും. ഈ സീസണുകളിൽ തൊഴില്‍ ഇല്ലാതെയും സാമ്പത്തിക പ്രതിസന്ധികളാലും വലയുന്നവർക്ക് സാധനങ്ങള്‍ സൗജന്യമായാണ് വിതരണം ചെയ്യുന്നത്.
അടുത്തഘട്ടത്തില്‍ കൂടുതല്‍ വിഭവങ്ങൾ ട്വന്റി ട്വന്റി സ്റ്റാളില്‍ നിന്നു വിതരണം ചെയ്യുമെന്ന് ട്വന്റി ട്വന്റി ചീഫ് കോ-ഓർഡിനേറ്റര്‍ സാബു എം. ജേക്കബ് പറഞ്ഞു. ഇറച്ചി, മീന്‍ ഉൾപ്പെടെയുള്ള വിഭവങ്ങളും കുറഞ്ഞ വിലയ്ക്ക് നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.
ഒരു കുടുംബത്തിനാവശ്യമായ നിത്യോപയോഗ സാധനങ്ങൾക്കു പുറമെ വീട്ടില്‍ ആവശ്യം വേണ്ട ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, ഫർണിച്ചറുകള്‍ എന്നിവ വരും നാളുകളില്‍ സ്റ്റാളില്‍ നിന്നു വിതരണം ചെയ്യും. എന്നാല്‍ ഇത്തരത്തിലുള്ള ആനുകൂല്യങ്ങള്‍ ട്വന്റി ട്വന്റിയുടെ കാര്‍ഡു ലഭിച്ചിട്ടുവര്ക്കു മാത്രമായിട്ടാണ് നടപ്പാക്കുന്നത്.
2020 ആകുമ്പോഴേയ്ക്കും നിത്യോപയോഗ സാധനങ്ങള്‍ സൗജന്യമായി വിതരണം ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന് സാബു ജേക്കബ് വ്യക്തമാക്കി. പഞ്ചായത്തില്‍ നടപ്പാക്കുന്ന റോഡു വികസനത്തിന് സ്ഥലംവിട്ടു നല്‍കിയവര്‍ക്ക് ഇതിനോടകം ഈ സൗജന്യങ്ങള്‍ നല്‍കുന്നുണ്ട്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ രണ്ടു മുന്നണികളേയും തോല്പിച്ചാണ് കിഴക്കന്പലം പഞ്ചായത്തിൽ ട്വന്റി ട്വന്റിയുടെ നേതൃത്വത്തിൽ ഭരണം പിടിച്ചത്.