കിഴക്കമ്പലം: കിഴക്കമ്പലം പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ജേക്കബ് രാജിവച്ചതിനെ തുടർന്നു താൽക്കാലിക ചുമതല വൈസ് പ്രസിഡന്റ് ജിൻസി അജിക്ക് കൈമാറി. പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നത് സംബന്ധിച്ച് യാതൊരു തീരുമാനവും ഇതുവരെ ട്വന്റി-ട്വന്റി നേതൃത്വം എടുത്തിട്ടില്ലെന്നാണ് വിവരം.
ട്വന്റി-ട്വന്റി മെമ്പർമാർ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന്റെ വോട്ടെടുപ്പ് നാളെ നടക്കാനിരിക്കെയാണ് കെ.വി. ജേക്കബ് രാജിവച്ചത്. രണ്ടാഴ്ച്ച മുമ്പാണ് പ്രസിഡന്റിനെതിരേ അഴിമതിയാരോപണങ്ങൾ ചൂണ്ടിക്കാട്ടി ട്വന്റി-ട്വന്റിയുടെ 14 പഞ്ചായത്ത് മെമ്പർമാർ ഒപ്പിട്ട അവിശ്വാസ പ്രമേയം അധികൃതർക്ക് കൈമാറിയത്.
പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാൻ ആവശ്യപ്പെട്ടിട്ടും അതിന് തയാറാകാത്തതിനാലാണ് അവിശ്വാസം കൊണ്ടുവന്നതെന്ന് ട്വന്റി-ട്വന്റി നേതൃത്വവും വ്യക്തമാക്കിയിരുന്നു.19 അംഗ പഞ്ചായത്ത് ഭരണസമിതിയിൽ 17 പേരായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ട്വന്റി-ട്വന്റി പാനലിൽ വിജയിച്ചത്. ഇതിൽ രണ്ട് പേർ പിന്നീട് ട്വന്റി-ട്വന്റി അംഗത്വം രാജിവച്ചിരുന്നു. ബാക്കിയുള്ള 15 പേരിൽ 14 പേരാണ് അവിശ്വാസ നോട്ടീസ് നൽകിയത്.
പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കാൻ മാസങ്ങൾ മാത്രം ശേഷിക്കെ ട്വന്റി-ട്വന്റിയിലുണ്ടായിട്ടുള്ള പ്രശ്നങ്ങളെ വോട്ടാക്കി മാറ്റാമെന്ന പ്രതീക്ഷയിലാണ് മറ്റ് രാഷ്ട്രീയ മുന്നണികൾ. എന്നാൽ പിണങ്ങി നിന്നിരുന്ന ഇടതു മുന്നണിയുമായി ട്വന്റി-ട്വന്റി നേതൃത്വം രമ്യതയിലെത്തിയതായും സൂചനയുണ്ട്.
കെ.വി. ജേക്കബിനെ മുൻനിർത്തി ട്വന്റി-ട്വന്റിയെ ജനാധിപത്യ രീതിയിൽ തകർക്കാമെന്ന പ്രതീക്ഷ കോൺഗ്രസ് ക്യാമ്പിലും സജീവമാണ്. എന്നാൽ രാഷ്ട്രീയ മുന്നണികളിലേക്കൊന്നും പോകാൻ ഇപ്പോൾ താൻ ഉദേശിച്ചിട്ടില്ലെന്നും ഇത് സംബന്ധിച്ച യാതൊരു ചർച്ചകളും ഇതുവരെയും നടന്നിട്ടില്ലെന്നും കെ.വി.ജേക്കബ് പറഞ്ഞു.