കൊച്ചി: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ ട്വന്റി-20 ശക്തമായ സ്വാധീനം അറിയിച്ച മണ്ഡലങ്ങളിലൊന്നാണ് തൃക്കാക്കര.
ഇക്കുറി ആം ആദ്മി പാര്‍ട്ടിയുമായി ചേര്‍ന്ന് സംയുക്ത സ്ഥാനാര്‍ഥിയെ നിര്‍ത്തി മികച്ച പോരാട്ടം കാഴ്ചവയ്ക്കാനാണ് നീക്കം.
സഖ്യസ്ഥാനാര്ഥിയെ മല്‍സരിപ്പിക്കുന്ന കാര്യത്തില്‍ ധാരണയായെങ്കിലും ഏതു പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയാകണമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.
മൂന്നു ദിവസത്തിനുള്ളില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്ന് ട്വന്റി -20 കോ ഓര്‍ഡിനേറ്റര്‍ സാബു ജേക്കബ് ദീപികയോടു പറഞ്ഞു.
ഇക്കുറി ട്വന്റി -20 ഒറ്റയ്ക്കു മല്‍സരിക്കാനില്ലെന്നും ദേശീയതലത്തില്‍ മികച്ചുനില്‍ക്കുന്ന ആം ആദ്മിയുമായി യോജിച്ചുനിന്ന് മല്‍സരിക്കാനാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയാകും മല്‍സരിക്കുകയെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. സംസ്ഥാന കണ്‍വീനര്‍ പി.സി. സിറിയക്കിനെ മല്‍സരിപ്പിക്കാനാണ് കേരള ഘടകത്തിനു താല്പര്യം.
ആം ആദ്മി നേതാവ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ നേരിട്ട് നിയോഗിച്ച ഒരു സംഘം കഴിഞ്ഞ ഒരാഴ്ചയായി മണ്ഡലത്തില്‍ സാധ്യതാപഠനം നടത്തുന്നുണ്ട്. ഇവര്‍ നല്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും സ്ഥാനാര്‍ഥിയെ നിശ്ചയിക്കുക.
ആം ആദ്മി പാര്‍ട്ടിയില്‍ പുതിയതായി മെമ്പര്‍ഷിപ് എടുത്തവരുടെയും വി ഫോര്‍ കൊച്ചി പോലുള്ള മറ്റു സംഘടനകളുടെയും പിന്തുണയോടെ വിജയം സ്വപ്നം കാണുകയാണ് ഈ സഖ്യം. അരവിന്ദ് കേജരിവാള്‍ 15ന് കൊച്ചിയില്‍ കേരളത്തില്‍ എത്തുന്നുണ്ട്.
ബിജെപിക്കു വേണ്ടി എ.എൻ. രാധാകൃഷ്ണന് മത്സരിച്ചേക്കും
കൊച്ചി: തൃക്കാക്കരയില്‍ 2016നെ അപേക്ഷിച്ച് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപി വോട്ടില്‍ കാര്യമായ കുറവുണ്ടായെങ്കിലും ഇത്തവണ ശക്തനായ സ്ഥാനാര്‍ഥിയെതന്നെ രംഗത്തിറക്കി ശക്തി പ്രകടിപ്പിക്കാനാണ് പാര്‍ട്ടി തീരുമാനം.
സംസ്ഥാന വൈസ് പ്രസിഡന്റ് എ.എന്‍. രാധാകൃഷ്ണന്റെ പേരാണ് മുഖ്യ പരിഗണനയില്‍. അടുത്ത കാലത്തായി മണ്ഡലത്തിലെ പാര്‍ട്ടി പരിപാടികളില്‍ അദ്ദേഹം സജീവമായിരുന്നു.
പി.സി. ജോര്‍ജ് എന്‍ഡിഎയുടെ അപ്രതീക്ഷിത സ്ഥാനാര്‍ഥിയായി വന്നേക്കാമെന്നും അഭ്യൂഹങ്ങളുണ്ട്.