കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ തന്നെ വേറിട്ട ഒരേടായി രേഖപ്പെടുത്താവുന്നതാണ് കിഴക്കമ്പലത്തെ ജനകീയ കൂട്ടായ്മ ട്വന്റി20യുടെ പഞ്ചായത്ത് ഭരണം.ഇപ്പോഴിതാ ഈ കൂട്ടായ്മ ചാലക്കുടി പാര്‍ലമെന്റ് മണ്ഡലത്തില്‍ മത്സരിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. ഇതോടെ ചാലക്കുടിയിലെ വിജയത്തെ നിശ്ചയിക്കുന്ന ഘടകമായി ഇത് മാറുകയാണ്. കിറ്റെക്സ് ഗാര്‍മെന്റ്സ് എം.ഡി.യും ട്വന്റി 20 ചീഫ് കോ-ഓര്‍ഡിനേറ്ററുമായ സാബു എം. ജേക്കബ് സ്ഥാനാര്‍ത്ഥിയാവാനാണ് സാധ്യത.
ഞായറാഴ്ച കിഴക്കമ്പലത്തു ചേര്‍ന്ന ട്വന്റി 20 പ്രവര്‍ത്തക കണ്‍വെന്‍ഷനാണ് മത്സരത്തിനിറങ്ങാന്‍ തീരുമാനിച്ചത്. ചീഫ് കോ-ഓര്‍ഡിനേറ്റര്‍ മത്സരിക്കണമെന്ന് പ്രവര്‍ത്തകര്‍ ഒന്നടങ്കം ആവശ്യപ്പെട്ടിട്ടുണ്ട്. സാബു മത്സരിച്ചാല്‍ അത് യുഡിഎഫിനാവും തിരിച്ചടിയാവുക. അതുകൊണ്ട് തന്നെ കിറ്റക്സ് ഗ്രൂപ്പിന്റെ നീക്കം ചാലക്കുടിയിലെ വിജയത്തെ നിര്‍ണ്ണയിക്കുന്നതില്‍ പ്രധാന ഘടകമാകും. അതിനിടെ ട്വന്റി 20യെ അനുനയിപ്പിക്കാനും നീക്കം അണിയറയില്‍ സജീവമാണ്.
ട്വന്റി 20-യോട് ഇരു മുന്നണികളും പുലര്‍ത്തുന്ന നയത്തില്‍ പ്രതിഷേധിച്ചാണ് മത്സരിക്കാന്‍ തീരുമാനിച്ചത്. ഞായറാഴ്ച കിഴക്കമ്പലം സെന്റിനറി ഹാളില്‍ കൂടിയ 2200-ഓളം പ്രവര്‍ത്തകരുടെ യോഗമാണ് തീരുമാനം പ്രഖ്യാപിച്ചത്. യു.ഡി.എഫിനും എല്‍.ഡി.എഫിനും വോട്ടു രേഖപ്പെടുത്തേണ്ടതില്ല എന്ന തീരുമാനമാണ് പ്രവര്‍ത്തകര്‍ പ്രകടിപ്പിച്ചത്. വിശദ ചര്‍ച്ചയ്ക്കൊടുവിലാണ് സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി വോട്ടുകള്‍ സ്വരൂപിക്കാന്‍ തീരുമാനിച്ചത്. കിഴക്കമ്പലത്തെ സമഗ്രവികസനം ലക്ഷ്യമിട്ടാണ് കിറ്റക്സ് ഗ്രുപ്പ് രാഷ്ട്രീയ പരീക്ഷണത്തിന് ഇറങ്ങിയത്. ഇത് പഞ്ചായത്തില്‍ വലിയ വിജയമായി മാറുകയും ചെയ്തു. നാട്ടുകാരുടെ പിന്തുണയോടെയാണ് മുന്നോട്ട് പോക്ക്. ലോക്സഭാ മത്സരത്തിന് നായകനെ തന്നെ ഇറക്കുമ്പോള്‍ ട്വന്റി 20 വലിയ തോതില്‍ വോട്ട് നേടുമെന്നും ഉറപ്പാണ്.
പഞ്ചായത്തിലെ 80 ശതമാനം വോട്ടുകളും നേടാനാകുമെന്ന് ട്വന്റി 20 കരുതുന്നു. ഇതോടൊപ്പം സമീപ നിയമസഭാ മണ്ഡലങ്ങളിലെ നല്ലൊരു വിഭാഗം നിഷ്പക്ഷ വോട്ടുകളും ലഭിക്കുമെന്ന് ട്വന്റി 20 കരുതുന്നുണ്ട്. ട്വന്റി 20-യെക്കുറിച്ച് അറിഞ്ഞിട്ടുള്ളവര്‍ ട്വന്റി 20-ക്ക് തന്നെ വോട്ട് നല്‍കുമെന്ന് ചീഫ് കോ-ഓര്‍ഡിനേറ്റര്‍ സാബു എം. ജേക്കബ് പറഞ്ഞു. ഇതാണ് രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് വെല്ലുവിളിയാകുന്നത്. കിഴക്കമ്പലത്തെ വോട്ടുകള്‍ ഇനി മറ്റൊരാള്‍ക്ക് ലഭിക്കാത്ത വിധത്തില്‍ കാര്യങ്ങള്‍ എത്തിക്കുകയാണ് ട്വന്റി 20. അടുത്ത പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സമീപ സ്ഥലങ്ങളിലേക്കും സംഘടനാ പ്രവര്‍ത്തനം ഇവര്‍ വ്യാപിപ്പിക്കാന്‍ സാധ്യതയുണ്ട്.
1968ലാണ് എറണാകുളത്തെ കിഴക്കമ്പലം പഞ്ചായത്തില്‍ കിറ്റെക്സ് കമ്പനി പ്രവര്‍ത്തനമാരംഭിക്കുന്നത്. കമ്പനിയുടെ കോര്‍പറേറ്റ് സാമൂഹ്യ ഉത്തരവാദിത്ത നിര്‍വഹണത്തിനായി 2013ല്‍ സൊസൈറ്റി ആക്റ്റ്(Societies act) പ്രകാരം രജിസ്റ്റര്‍ ചെയ്ത സംരംഭമാണ് ട്വന്റി20 കിഴക്കമ്പലം അസോസിയേഷന്.കിറ്റക്സ് ഗ്രൂപ്പ് ഉടമകളായ ബോബി എം ജേക്കബ്, സാബു എം ജേക്കബ് എന്നിവരാണ് ട്വന്റി20 യ്ക്ക് നേതൃത്വം നല്‍കുന്നത്. 2015-ലെ കേരളാ തദ്ദേശ തെരഞ്ഞെടുപ്പില്‍ കിഴക്കമ്പലം ഗ്രാമപഞ്ചായത്തിലെ 19 സീറ്റുകളില്‍ 17 സീറ്റും ഈ പ്രസ്ഥാനം നേടുകയുണ്ടായി. കമ്പനിയുടെ സാമൂഹ്യപ്രതിബദ്ധത നടപ്പിലാക്കാന്‍ 2013-ല്‍ ഉണ്ടാക്കിയതാണ് ട്വന്റി20. 2020 വര്‍ഷമാകുമ്പോഴേക്കും കിഴക്കമ്പലത്തെ ഇന്ത്യയിലെ ഏറ്റവും മികച്ച ഗ്രാമപഞ്ചായത്ത് ആക്കുക എന്ന ലക്ഷ്യത്തോടെയാണ് ട്വന്റി20 ഉണ്ടാക്കിയത്.
രണ്ടു വര്‍ഷമായി 28 കോടി രൂപയാണ് കമ്പനി പൊതുജനങ്ങളുടെ ഉന്നമനത്തിനായി ചെലവഴിച്ചത്. എന്നാല്‍ വികസന പരിപാടികള്‍ നടപ്പിലാക്കാന്‍ സര്ക്കാന് നൂലാമാലകള്‍ തടസ്സമാവുന്നതായി കമ്പനി പറയുന്നു. വികസനപ്രവര്‍ത്തനങ്ങള്‍ കമ്പനി നടത്തുമ്പോഴും വലിയതോതിലുള്ള ജലമലിനീകരണം കമ്പനിയില്‍ നിന്നും ഉണ്ടാവുന്നതായും ഇതില്‍ കമ്പനിക്കുതന്നെ ഇടപെടാന്‍ വേണ്ടിയാണു രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതെന്നും ആരോപണമുണ്ട്. ഈ സാഹചര്യത്തിലാണ് ലോക്സഭയില്‍ മത്സരിച്ച് മുന്നണികള്‍ക്ക് പണി കൊടുക്കാനുള്ള തീരുമാനം. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള ഭരണ സമിതിയാണ് 2015നു മുമ്പ് കിഴക്കമ്പലം പഞ്ചായത്ത് ഭരിച്ചിരുന്നത്.
2012ല്‍ ഒരു പ്രവര്‍ത്തനസമിതി കമ്പനിക്കെതിരെ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിനു പരാതി നല്കി. ഇത് കാരണം കമ്പനിയുടെ പ്രവര്‍ത്തനാനുമതി പുതുക്കാന്‍ പഞ്ചായത്ത് അധികാരികള്‍ വിസമ്മതിച്ചു. കമ്പനിയുടെ ബ്ലീച്ചിങ് യൂണിറ്റുകളില്‍ നിന്ന് പുറത്തുവിടുന്ന മാലിന്യങ്ങള്‍ പരിസ്ഥിതിക്ക് ദോഷകരമാണ് എന്നായിരുന്നു പരാതി. എന്നാല്‍, പിന്നീടു കേരള ഹൈക്കോടതി പരിശോധിച്ച സാമ്പിളുകളിലും, കോടതി നിയമിച്ച വിദഗ്ദ്ധസമിതിയുടെ പരിശോധനയിലും, കമ്പനി പുറത്തുവിടുന്ന മാലിന്യങ്ങള്‍ നിലവിലുള്ള പാരിസ്ഥിതിക നിയമങ്ങള്‍ ലംഘിക്കുന്നതല്ല എന്ന് കണ്ടെത്തി. എന്നിട്ടും പഞ്ചായത്ത് ലൈസെന്‍സ് പുതുക്കി നല്‍കിയില്ല.
അവസാനം, കോടതിയുടെ അന്ത്യശാസനം കാരണം ലൈസെന്‍സ് പുതുക്കി കിട്ടിയെങ്കിലും ദേശീയ ഗ്രീന്‍ ട്രിബ്യൂണല്‍ കേസ് നടക്കുകയാണ്. പരിസരത്തെ പട്ടികജാതി കോളനിയില്‍ ഒരു പൊതുകിണര്‍ കുഴിക്കുവാനുള്ള കമ്പനിയുടെ ശ്രമവും നിയമത്തിന്റെ നൂലാമാലകള്‍ പറഞ്ഞു പഞ്ചായത്ത് അധികാരികള്‍ അനുവദിച്ചില്ല. ഇതോടെയാണ് ട്വന്റി 20 പഞ്ചായത്ത് മത്സരത്തിന് ഇറങ്ങിയതും വിജയം നേടിയതും. പല തലങ്ങളിലായി 4800ഓളം പേരാണ് ഈ സംരംഭത്തിനായി ജോലിചെയ്യുന്നത്. തങ്ങളുടെ ജീവനക്കാരെ ഉപയോഗിച്ച് നടത്തിയ സര്‍വേക്ക് ശേഷം ട്വന്റി ട്വന്റി, പഞ്ചായത്തിലെ 8600 കുടുംബങ്ങള്‍ക്കായി 4 തരത്തിലുള്ള 7620 കാര്‍ഡുകള്‍ നല്കി. ആളുകളുടെ സാമൂഹ്യ-സാമ്പത്തിക സ്ഥിതി വിലയിരുത്തിയാണ് അവര്‍ക്ക് 4 തരത്തിലുള്ള കാര്‍ഡുകള്‍ നല്‍കിയത്.
സമീപത്തുള്ള പട്ടികജാതി കോളനിയിലെ അന്തേവാസികള്‍ക്ക് സൗജന്യ വൈദ്യുതി കണക്ഷന് നല്‍കുക, ശൗചാലയം,പൊതുകിണര്‍,പൊതു പൈപ്പ് തുടങ്ങിയവ നിര്‍മ്മിച്ചു നല്‍കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് അവര്‍ ആദ്യം നടത്തിയത്. രോഗികള്‍ക്ക് സൗജന്യ ആംബുലന്‍സ് സേവനം, പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ രോഗികള്‍ക്ക് സൗജന്യ ഭക്ഷണം, നിര്‍ധനര്‍ക്ക് വിവാഹങ്ങള്‍,സര്‍ജറി മുതലായ ചികിത്സകള്‍ക്കും അവര്‍ ധനസഹായം നല്കി. കര്‍ഷകര്‍ക്കും സഹായങ്ങള്‍ ചെയ്തുകൊടുത്തു. ട്വന്റി ട്വന്റി കാര്‍ഡ് ഉടമകള്‍ക്ക് കുറഞ്ഞ നിരക്കില്‍ നിത്യോപയോഗ സാധനങ്ങള്‍ വാങ്ങാനായി അഞ്ചു ദിന ചന്തയും സംഘടിപ്പിച്ചു.അങ്ങനെയെല്ലാം പുതിയ മാതൃക കാട്ടി. ഇതിന്റെ പ്രതിഫലനം സമീപ പഞ്ചായത്തുകളിലും ഉണ്ട്. ഇതെല്ലാം വോട്ടാകും എന്ന പ്രതീക്ഷയിലാണ് ട്വന്റി20 മുന്നോട്ടു പോകുന്നത്. ലോക്സഭാ ഇലക്ഷനില്‍ ട്വന്റി20 അട്ടിമറി വിജയം വല്ലതും നേടിയാല്‍ അതിന്റെ പ്രഭാവം കേരളത്തിലുടനീളമുണ്ടാവുമെന്ന് ഉറപ്പാണ്.