ന്യൂയോർക്ക്: ഐസിസി ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യയുടെ അടുത്ത എതിരാളികൾ ചിരവൈരികളായ പാക്കിസ്ഥാൻ. ഞായറാഴ്ച ഇന്ത്യൻ സമയം രാത്രി എട്ടിന് ഇന്ത്യയും പാക്കിസ്ഥാനും നേർക്കുനേർ കൊന്പുകോർക്കും.
ട്വന്റി-20 ക്രിക്കറ്റിൽ ഇന്ത്യയെ ഏറ്റവും കൂടുതൽ ജയത്തിലേക്ക് നയിച്ച ക്യാപ്റ്റൻ എന്ന റിക്കാർഡുമായാണ് രോഹിത് ശർമ പാക്കിസ്ഥാനെതിരായ മത്സരത്തിൽ ഇറങ്ങുക.
ലോകകപ്പിൽ തങ്ങളുടെ ആദ്യമത്സരത്തിൽ അയർലൻഡിനെ 46 പന്ത് ബാക്കിനിൽക്കേ എട്ട് വിക്കറ്റിനു കീഴടക്കിയതോടെയാണ് ഇന്ത്യയെ ഏറ്റവും കൂടുതൽ ജയത്തിലേക്ക് നയിച്ച ക്യാപ്റ്റൻ എന്ന റിക്കാർഡ് രോഹിത് ശർമയ്ക്ക് സ്വന്തമായത്.
=ധോണിയെ മറികടന്നു
2017ലാണ് ടീം ഇന്ത്യയുടെ ക്യാപ്റ്റനായി രോഹിത് ശർമ നിയോഗിക്കപ്പെട്ടത്. ഇതുവരെ 55 മത്സരങ്ങളിൽ 42 ജയം ഹിറ്റ്മാന്റെ ക്യാപ്റ്റൻസിയിൽ ഇന്ത്യ സ്വന്തമാക്കി. ഒരു മത്സരം ടൈയിൽ അവസാനിച്ചു.
2007 പ്രഥമ ഐസിസി ട്വന്റി-20 ലോകകപ്പ് ഇന്ത്യക്ക് സമ്മാനിച്ച എം.എസ്. ധോണിയുടെ പേരിലുള്ള റിക്കാർഡാണ് രോഹിത് തിരുത്തിയത്. ധോണിയുടെ ക്യാപ്റ്റൻസിയിൽ ഇന്ത്യ 41 ജയം സ്വന്തമാക്കിയിരുന്നു. ധോണിയുടെ കീഴിൽ ഇന്ത്യ ആകെ 72 ട്വന്റി-20 കളിച്ചു. ഒരു മത്സരം ടൈയിൽ കലാശിച്ചെങ്കിലും ബൗൾ ഔട്ടിലൂടെ ജയം സ്വന്തമാക്കി. 28 എണ്ണത്തിൽ പരാജയപ്പെട്ടു.