ന്യൂയോർക്ക്: ഐസിസി ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിൽ ടീം ഇന്ത്യക്ക് ഇന്ന് ആദ്യ മത്സരം. ഗ്രൂപ്പ് എയിൽ അയർലൻഡിനെതിരേ ഇന്ത്യ ഇറങ്ങും.
ഇന്ത്യൻ സമയം രാത്രി എട്ടിനാണ് മത്സരം ആരംഭിക്കുക. ഐസിസി ട്രോഫി ദൗർഭാഗ്യത്തിന് വിരാമമിടുക എന്ന ഒറ്റ ലക്ഷ്യവുമായി രോഹിത് ശർമയും വിരാട് കോഹ്ലിയുമെല്ലാം ഇറങ്ങുന്ന ടൂർണമെന്റാണിത്. കാരണം, 2013 ചാന്പ്യൻസ് ട്രോഫിക്കുശേഷം ടീം ഇന്ത്യക്ക് ഇതുവരെ മറ്റൊരു ഐസിസി ട്രോഫി നേടാൻ സാധിച്ചിട്ടില്ല.
2014 ട്വന്റി-20 ലോകകപ്പ്, 2017 ചാന്പ്യൻസ് ട്രോഫി, 2019-21, 2021-23 ടെസ്റ്റ് ലോക ചാന്പ്യൻഷിപ്, 2023 ഏകദിന ലോകകപ്പ് എന്നിങ്ങനെ അഞ്ച് ഐസിസി ഫൈനലുകളിൽ ഇക്കാലത്തിനിടെ ഇന്ത്യ പരാജയപ്പെട്ടു.
2024 ട്വന്റി-20 ലോകകപ്പ് നേടി ഇന്ത്യൻ പരിശീലക കുപ്പായം അഴിച്ചുവയ്ക്കാൻ രാഹുൽ ദ്രാവിഡിനു സാധിക്കുമോ എന്നറിയാനും ക്രിക്കറ്റ് ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്നു. ഇന്ത്യൻ മുഖ്യപരിശീലക സ്ഥാനത്തേക്ക് വീണ്ടും അപേക്ഷ സമർപ്പിക്കില്ലെന്ന് ദ്രാവിഡ് വ്യക്തമാക്കി.
☛ ഓപ്പണിംഗ് ആകാംക്ഷ
ടീം ഇന്ത്യയുടെ ഓപ്പണിംഗ് മുതൽ മധ്യനിരവരെ എങ്ങനെ ആയിരിക്കും എന്ന ആകാംക്ഷയിലാണ് ആരാധകർ. ഇന്ത്യൻ ടീമിന്റെ പ്ലേയിംഗ് ഇലവനിൽ ആരൊക്കെയുണ്ടാകുമെന്ന് ആർക്കും ഒരുപിടിയുമില്ലാത്തത് ഇതാദ്യമാണ്. അയർലൻഡ് ടീം ക്യാപ്റ്റൻ പോൾ സ്റ്റിർലിംഗ് പോലും ഇന്ത്യൻ ഓപ്പണിംഗിൽ ആരായിരിക്കും എന്ന ആകാംക്ഷയിലാണെന്നതാണ് വാസ്തവം.
ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയ്ക്കൊപ്പം യശസ്വി ജയ്സ്വാൾ ആയിരിക്കുമോ വിരാട് കോഹ്ലി ആയിരിക്കുമോ ഓപ്പണിംഗ് എന്നാണ് ഏവരും കാത്തിരിക്കുന്നത്. ബംഗ്ലാദേശിനെതിരായ ഏക സന്നാഹ മത്സരത്തിൽ ജയ്സ്വാളിന് ബാറ്റിംഗ് അവസരം നൽകിയില്ല. അതുകൊണ്ട് ഓപ്പണിംഗിൽ യശസ്വി എത്തിയേക്കില്ലെന്ന് വിശ്വസിക്കുന്നവരുണ്ട്.
☛ സഞ്ജു കളിക്കുമോ
പ്ലേയിംഗ് ഇലവനിൽ സഞ്ജു സാംസണിന് ഇടം ലഭിക്കുമോ എന്നതിനായാണ് മലയാളി ക്രിക്കറ്റ് ആരാധകരുടെ കാത്തിരിപ്പ്. ലോകകപ്പ് പോരാട്ടത്തിനു മുന്പായുള്ള ഏക സന്നാഹമത്സരത്തിൽ സഞ്ജു ഓപ്പണറുടെ റോളിൽ എത്തിയിരുന്നു.
ആറ് പന്തിൽ ഒരു റണ് മാത്രമാണ് ബംഗ്ലാദേശിനെതിരേ സഞ്ജു നേടിയത്. സന്നാഹത്തിൽ സഞ്ജുവിനെ ഉപയോഗിച്ചത് ടോപ് ഓർഡറിൽ താരത്തിന് ഇടം നൽകാനാണെന്ന നിരീക്ഷണവും ശക്തമാണ്. അതേസമയം, വിക്കറ്റ് കീപ്പർ ബാറ്ററായി ഋഷഭ് പന്തിന്റെ സ്ഥാനം ഉറപ്പാണ്. സന്നാഹമത്സരത്തിൽ ഋഷഭ് (32 പന്തിൽ 53) അർധസെഞ്ചുറി നേടിയിരുന്നു.
കഴിഞ്ഞ 10 വർഷത്തിനിടെ മാനസികമായും ശാരീരികമായും കരുത്താർജിച്ച സഞ്ജുവാണ് ഇപ്പോഴുള്ളത് എന്നാണ് മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ ലോകകപ്പ് പോരാട്ടത്തിനു മുന്പ് പറഞ്ഞത്. ഇക്കാലത്തിനിടെ തിരിച്ചടികളുടെ കുത്തൊഴിക്ക് നീന്തിക്കയറിയെന്നും സഞ്ജു മത്സരത്തിനു മുന്പ് പറഞ്ഞുവയ്ക്കുന്നു.
☛ ദുബെയുടെ സ്ഥാനം
രോഹിത് ശർമ, യശസ്വി ജയ്സ്വാൾ, വിരാട് കോഹ്ലി, സൂര്യകുമാർ യാദവ്, ഋഷഭ് പന്ത്, ശിവം ദുബെ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്/യുസ്വേന്ദ്ര ചഹൽ, മുഹമ്മദ് സിറാജ്/അർഷ്ദീപ് സിംഗ്, ജസ്പ്രീത് ബുംറ എന്നതായിരിക്കും അയർലൻഡിന് എതിരേ ഇന്ത്യയുടെ സാധ്യതാ പ്ലേയിംഗ് ഇലവൻ എന്നാണ് കരുതപ്പെടുന്നത്.
അതായത് കൂറ്റൻ അടിക്കാരായ ശിവം ദുബെയും ഹാർദിക് പാണ്ഡ്യയും പേസ് ഓൾ റൗണ്ടർമാരായി ടീമിൽ ഉൾപ്പെടും. സ്പിൻ ഓൾ റൗണ്ടറായി രവീന്ദ്ര ജഡേജയും സ്പെഷലിസ്റ്റ് സ്പിന്നറായി കുൽദീപ് യാദവ്, യുസ്വേന്ദ്ര ചഹൽ എന്നിവരിൽ ഒരാളും പ്ലേയിംഗ് ഇലവനിൽ ഇടം നേടും.
ജസ്പ്രീത് ബുംറയ്ക്ക് ഒപ്പം മുഹമ്മദ് സിറാജ്, അർഷദീപ് സിംഗ് എന്നിവരിൽ ഒരാൾ പേസ് ആക്രമണം നയിക്കും. ദുബെയും ഹാർദിക്കും ഒന്നിച്ച് ഉൾപ്പെടുന്നത് ഇന്ത്യൻ ബാറ്റിംഗ് നിരയുടെ ദൈർഘ്യം എട്ടാം നന്പറിൽ ജഡേജയിൽവരെ എത്തിക്കും. കണക്കുകൂട്ടൽ ഇങ്ങനെയൊക്കെയാണെങ്കിലും ഇന്ത്യയുടെ ‘ക്ലാസ് ഓഫ് 24’ എന്തായിരിക്കും എന്ന് ഇന്ന് രാത്രി അറിയാം.