ന്യൂയോർക്ക്: തീതുപ്പുന്ന പന്തുകളുമായി ഇന്ത്യൻ പേസർമാർ നടത്തിയ ആക്രമണത്തിൽ ഐറിഷ് പട ചാന്പൽ. ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പ് ഗ്രൂപ്പ് എയിൽ ഇന്ത്യ തങ്ങളുടെ ആദ്യ മത്സരത്തിൽ അയർലൻഡിനെ എട്ട് വിക്കറ്റിനു തോൽപ്പിച്ചു.
സ്കോർ: അയർലൻഡ് 16 ഓവറിൽ 96ന് എല്ലാവരും പുറത്ത്. ഇന്ത്യ 12.2 ഓവറിൽ രണ്ടു വിക്കറ്റിന് 97. ജ സ്പ്രീത് ബുംറയാണ് കളിയിലെ താരം. ടോസ് നേടിയ ഇന്ത്യൻ നായകൻ രോഹിത് ശർമ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
അയർലൻഡ് മുന്നോട്ടുവച്ച ചെ റിയ സ്കോറിലേക്ക് ഇന്ത്യക്കായി രോഹിത് ശർമ തകർപ്പൻ തുടക്കമാണ് നല്‍കിയത്. എന്നാൽ മൂന്നാം ഓവറിൽ ഒരു റണ്‍ മാത്രമെടുത്ത വിരാട് കോഹ്ലിയെ നഷ്ടമായി. തുടർന്ന് രോഹിത്തും ഋഷഭ് പന്തും ഒന്നിച്ച് കൂടുതൽ നഷ്ടമൊന്നും വരുത്താതെ ജയത്തിലേക്കു നയിച്ചു.
പത്താം ഓവറിന്റെ അഞ്ചാം പന്തിൽ ബൗണ്ടറി നേടിക്കൊണ്ട് രോഹിത് അർധ സെഞ്ചുറിയും തികച്ചു. അടുത്ത പന്തിൽ പരിക്കിനെത്തുടർന്ന് ഇന്ത്യൻ നായകൻ റിട്ടയേർഡ് ഹർട്ടായി മടങ്ങി. 37 പന്തിൽ നാലു ഫോറിന്റെയും മൂന്നു സിക്സിന്റെയും അകന്പടിയിൽ 52 റണ്‍സാണ് നേടിയത്.
ജയിക്കാൻ ആറു റണ്‍സ് വേ ണ്ടപ്പോൾ സൂര്യകുമാർ യാദവ് (രണ്ട്) പുറത്തായി. 13-ാം ഓവറിന്റെ രണ്ടാം പന്ത് സിക്സ് പറത്തി പന്ത് കളി ജയിപ്പിച്ചു. 26 പന്തിൽ മൂന്നു ഫോറും രണ്ടു സിക്സും സഹിതം 36 റണ്‍സുമായി പന്ത് പുറത്താകാതെ നിന്നു.
അയർലൻഡിനായി മാർക്ക് അഡെയ്റും ബെൻ വൈറ്റും ഒാ വിക്കറ്റ് വീതം നേടി.തുടക്കം മുതലേ ഇന്ത്യൻ പേസർമാർക്കെതിരേ റണ്‍സ് കണ്ടെത്താൻ ഐറിഷ് ബാറ്റർമാർ ബുദ്ധിമുട്ടി. ആദ്യ രണ്ടോവറിൽ തട്ടിയും മുട്ടിയും നീങ്ങിയ അയർലൻഡിന് മൂന്നാം ഓവറിലെ ആദ്യ പന്തിൽ വിക്കറ്റ് നഷ്ടമായി.
അർഷ്ദീപ് സിംഗിന്റെ പന്തിൽ അയർലൻഡ് ക്യാപ്റ്റൻ പോൾ സ്റ്റിർലിംഗിനെ (രണ്ട്) വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് ഗ്ലൗവിനുള്ളിൽ കുരുക്കി. ആ ഓവറിന്റെ അവസാന പന്തിൽ മറ്റൊരു ഓപ്പണറായ ആൻഡി ബാൽബ്രിനെ (അഞ്ച്) അർഷ്ദീപ് ക്ലീൻബൗൾഡുമാക്കി.
തുടക്കത്തിലെ പ്രഹരത്തിൽനിന്ന് ഉണരാൻ അയർലൻഡിനു സാധിച്ചില്ല. 14 പന്തിൽ 26 റൺസ് നേടിയ ഗാരെത് ഡെൻലിയാണ് ഐറിഷ് ഇന്നിംഗ്സിലെ ടോപ് സ്കോറർ. 13 പന്തിൽ14 റണ്‍സ് നേടിയ ജോഷ് ലിറ്റിലാണ് രണ്ടാമത്തെ ഉയർന്ന വ്യക്തിഗത സ്കോറിന് ഉടമ. 15 റണ്‍സ് എക്സ്ട്രാസായും അയർലൻഡ് സ്കോർബോർഡിൽ എത്തി.
നാല് ഓവറിൽ 27 റൺസ് വഴങ്ങി ഹാർദിക് പാണ്ഡ്യ മൂന്നു വിക്കറ്റ് വീഴ്ത്തി. ജസ്പ്രീത് ബുംറ മൂന്ന് ഓവറിൽ ആറ് റൺസിന് രണ്ടും അർഷ്ദീപ്സിംഗ് നാല് ഓവറിൽ 35ന് രണ്ട് വിക്കറ്റ് വീതവും സ്വന്തമാക്കി. മുഹമ്മദ് സിറാജും അക്സർ പട്ടേലും ഓരോ വിക്കറ്റും വീഴ്ത്തി.
സഞ്ജു ഇല്ല, നാല് ഓൾറൗണ്ടർമാർ
മലയാളി വിക്കറ്റ് കീപ്പർ സഞ്ജു സാംസണ് ഇല്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്. നാല് ഓൾറൗണ്ടർമാർ പ്ലേയിംഗ് ഇലവനിൽ സ്ഥാനം നേടി.
പേസ് ഓൾറൗണ്ടർമാരായി ഹാർദിക് പാണ്ഡ്യ, ശിവം ദുബെ എന്നിവരും സ്പിൻ ഓൾറൗണ്ടർമാരായി രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ എന്നിവരും അവസാന 11ൽ ഇടംപിടിച്ചു. യശസ്വി ജയ്സ്വാളിനെ പുറത്തിരുത്തിയതോടെ രോഹിത് ശർമയ്ക്കൊപ്പം വിരാട് കോഹ്ലി ഓപ്പണിംഗിനെത്തി.