ഒരുടലും രണ്ടുതലയുമായി ജനിച്ച സയാമീസ് ഇരട്ടകളാണ് ഇപ്പോള്‍ മെക്സിക്കോയിലെ ഒരാശുപത്രിയിലെ ഡോക്ടര്‍മാരെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. കാരണം, ഈ കുട്ടികള്‍ ഇരട്ടകളാണെങ്കിലും രണ്ട് ശരീരമില്ലാത്തതിനാല്‍ ഏതെങ്കിലും ഒരു തല മാത്രമേ ഉടലില്‍ നിലനിര്‍ത്താന്‍ സാധിക്കുകയുള്ളു. അതേതായിരിക്കണം, ഒരു തല വേര്‍പെടുത്തിയാല്‍ കുഞ്ഞിനെന്തെങ്കിലും അത്യാഹിതം സംഭവിക്കുമോ ഇതൊക്കെയാണ് ഡോക്ടര്‍മാരെ കുഴക്കുന്ന സംശയങ്ങള്‍.
ആന്തരികാവവയവങ്ങളെല്ലാം പങ്കുവെക്കുന്ന ഈ രണ്ടുതലകള്ക്കും ആരോഗ്യമുള്ള തലച്ചോറുണ്ട്. രണ്ടുകുട്ടികളെന്ന പോലെ വാശിപിടിച്ച് കരയുകയും ചിണുങ്ങുകയും ചിരിക്കുകയുമൊക്കെ ചെയ്യുന്നു. പക്ഷേ, അതിലൊന്ന് ഉപേക്ഷിച്ചേ പറ്റൂ. കുഞ്ഞിനെ ആരോഗ്യത്തോടെ രക്ഷിക്കുന്നതിന് തലമുറിക്കല്‍ ശസ്ത്രക്രിയയെക്കുറിച്ച് ഡോക്ടര്‍മാര്‍ ആലോചിച്ചു തുടങ്ങിയിട്ടുണ്ട്.
ലക്ഷത്തിലൊരു പ്രസവത്തില്‍ സയാമീസ് ഇരട്ടകള്‍ പ്രസവിക്കാനുള്ള സാധ്യതയുണ്ടെന്നാണ് കണക്കാക്കുന്നത്. എന്നാല്‍, ഒരുടലും രണ്ടു തലയുമായി പിറക്കുന്നത് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണ്. രണ്ടുലക്ഷത്തിലൊന്ന് മാത്രമാണ് ഇതിനുള്ള സാധ്യത. ശരീരം ആവശ്യപ്പെടുന്നതനുസരിച്ച് പ്രതികരിക്കാനാവാതെ വരുന്നതിനാല്‍, ഇത്തരം സയാമീസ് ഇരട്ടകള്‍ അധികകാലം ജീവിച്ചിരിക്കാറില്ല.
ഇത്തരം സംഭവങ്ങളില്‍ 40 ശതമാനത്തിലും കുട്ടികള്‍ പ്രസവത്തോടെ മരിക്കുകയാണ് പതിവ്. 35 ശതമാനത്തോളം ഒന്നോ രണ്ടോ ദിവസത്തിനകവും. എന്നാല്‍, മെക്സിക്കോയിലെ ഈ സയാമീസ് ഇരട്ടകള്‍ ആരോഗ്യത്തോടെ ഇരിക്കുന്നു എന്നതാണ് മറ്റൊരതിശയം.
അതിസങ്കീര്‍ണ്ണമായ ശസ്ത്രക്രിയ നടത്തി തങ്ങളുടെ കുഞ്ഞിന്റെ ജീവനും ജീവിതവും തിരിച്ചുപിടിക്കാന്‍ സഹായവുമായി സുമനസുകള്‍ എത്തുന്നതും കാത്തിരിക്കുകയാണ് മാതാപിതാക്കള്‍.