തലയോലപ്പറന്പ്: വൈക്കം തലയോലപ്പറന്പ് വെട്ടിക്കാട്ട്മുക്ക് പാലത്തിനു സമീപം മൂവാറ്റുപുഴയാറിൽ മുങ്ങി മരിച്ച ഇരട്ട സഹോദരങ്ങൾക്ക് വെട്ടിക്കാട്ടുമുക്ക് ഗ്രാമം ഇന്നു കണ്ണീരോടെ യാത്രാമൊഴിയേകും. തലയോലപ്പറന്പ് വെട്ടിക്കാട്ടു മുക്കിൽ നന്ദനത്തിൽ അനിൽ കുമാർ (സത്യൻ ) റീന ദന്പതികളുടെ മക്കളായ സന്ദീപ് (16) സൗരവ് ( 16) എന്നിവരാണ് ഇന്നലെ ഉച്ചകഴിഞ്ഞ് 2.30നു വെട്ടിക്കാട്ടുമുക്ക് പാലത്തിനു സമീപം മുവാറ്റുപുഴയാറിൽ കുളിക്കുന്നതിനിടയിൽ മുങ്ങി മരിച്ചത്.
ഇന്നു ഉച്ചയ്ക്ക് മൃതദേഹങ്ങൾ വെട്ടിക്കാട്ടുമുക്കിലെ വീട്ടിൽ എത്തിച്ച് മരണാന്തരചടങ്ങുകൾക്ക് ശേഷം സംസ്കാരം മൂന്നിനു ത്രിപ്പൂണിത്തുറയിലെ പൊതുശ്മശാനത്തിൽ നടക്കും. സന്ദീപും സൗരവും അയൽക്കാരനായ എട്ടാം ക്ലാസ് വിദ്യാർഥി അല്ലമീൻ, അല്ലമീന്റെ ബന്ധു ഷൈജു (25) എന്നിവർക്കൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു.
മണൽ വാരി കയമായ പുഴയിൽ മുങ്ങിത്താണ ഇരുവരെയും രക്ഷിക്കാൻ സുഹൃത്തുക്കളും മറ്റും ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. കുട്ടികളുടെ നിലവിളി കേട്ട് ഓടിയെത്തിയ സമീപവാസികൾ പുഴയിൽച്ചാടി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പിന്നീട് വൈക്കം, കടുത്തുരുത്തി എന്നിവിടങ്ങളിൽ നിന്നെത്തിയ ഫയർഫോഴ്സും നാട്ടുകാരും ചേർന്നു നടത്തിയ തെരച്ചിലിൽ ഒരാളുടെ മൃതദേഹം 3.45ഓടെയും മറ്റൊരാളുടെ 4.30ഓടെയും കണ്ടെത്തി. സന്ദീപ് പൂത്തോട്ട കെ പി എം എച്ച് എസിൽ പ്ലസ്ടുവിനും സൗരവ് തലയോലപ്പറന്പ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വണ് വിദ്യാർഥിയുമാണ്.
ലയോലപ്പറന്പ് ഐ സി എം കന്പ്യൂട്ടർ സെന്ററിൽ വിദ്യാർഥിയായ സച്ചിൻ സഹോദരനാണ്. പിതാവ് അനിൽകുമാർ ടൈൽ വ്യാപാര സ്ഥാപനത്തിൽ സെക്യൂരിറ്റി ജീവനക്കാരനാണ്. മാതാവ് റീന തലയോലപ്പറന്പ് ഡിബി കോളേജ് ജീവനക്കാരിയാണ്.
റീനയ്ക്ക് തലയോലപ്പറന്പിൽ ജോലിയായതിനാൽ കഴിഞ്ഞ 10 വർഷമായി തിരുവനന്തപുരം സ്വദേശിയായ സത്യനും കുടുംബവും തലയോലപ്പറന്പ് വെട്ടിക്കാട്ടു മുക്കിലാണ് താമസം. ആദ്യം വാടക വീട്ടിൽ കഴിഞ്ഞിരുന്നവർ പിന്നീട് വെട്ടിക്കാട്ടുമുക്ക് ഗുരുമന്ദിരത്തിനു സമീപം സ്വന്തമായി വീടുവാങ്ങി താമസിച്ചു വരികയായിരുന്നു.