ജന്മംകൊണ്ടും കർമംകൊണ്ടും രൂപ-സ്വഭാവ സാദൃശ്യംകൊണ്ടും അഭേദ്യമായ ഹൃദയബന്ധത്തിൽ ജീവിച്ച കലയന്താനി പുളിക്കൽ വാഴക്കുന്നത്ത് വീട്ടിലെ ഇരട്ടസഹോദരൻമാരിൽ ഒരാളായ പി.ടി. സൈമൺ (85) ഇന്നലെ നിത്യതയിലേക്കു യാത്രയായപ്പോൾ ജോണ്സണ് അനുഭവിച്ചത് ഇരട്ടി ദുഃഖം.
ഇരുവർക്കും ഒരേ മുഖഛായയായിരുന്നു. ഒരേനിറവും ഒരേ പൊക്കവും ഒരേ വണ്ണവും ഒരേ ശബ്ദവും. ഇരുവരും ധരിച്ചിരുന്ന വേഷവും സമാനം. സ്വഭാവത്തിന്റെയും ഇഷ്ടത്തിന്റെയും കാര്യം എടുത്താലും ഇരുവർക്കും സമാനഭാവം. ഒരേ വീട്ടിൽ ഇത്രനാളും ഒരുമിച്ചു താമസിച്ച ഇവർ യാത്ര ചെയ്തിരുന്നതുപോലും ഒന്നിച്ചായിരുന്നു.
സ്നേഹവും കരുതലുമായിരുന്നു ഇവരുടെ കൈമുതൽ. ജോണ്‍സനോടു ചോദ്യം ചോദിച്ചാൽ സൈമണായിരിക്കും മറുപടി നൽകുക. ആരെങ്കിലും സംസാരിച്ചാൽ ചിരിച്ചുകൊണ്ടാകും മറുപടി. ഇരുവരും വിവാഹം കഴിച്ചതും ഒരേ മുഖഛായയുള്ള ഇരട്ടകളെയായിരുന്നു.
ത്രേസ്യാമ്മയും റോസമ്മയും എന്ന പേരിലേ ഇവർക്ക് വ്യത്യാസമുണ്ടായിരുന്നുള്ളൂ. ചെറുപ്പം മുതലേ ഇരട്ടകളെ വിവാഹം ചെയ്യണമെന്നും ഒന്നിച്ചു താമസിക്കണമെന്നുമായിരുന്നു ഇവരുടെയും ആഗ്രഹം. ആ മോഹവും സഫലമായി.18 വർഷം മുന്‍പ് ജോണ്‍സന്റെ ഭാര്യ അന്തരിച്ചു. മക്കൾ വിവാഹിതരാണ്.
കലയന്താനി സെന്റ് ജോർജ് എച്ച്എസിലെ അനധ്യാപകരായിരുന്നു ഇരുവരും. അധ്യാപകർക്കും നാട്ടുകാർക്കുമെല്ലാം പലപ്പോഴും ഇവരെ മാറിപ്പോയിട്ടുണ്ട്. എന്തിനേറെ, വീട്ടുകാർക്കും ഇടവകപ്പള്ളിയിലെ വികാരിയച്ചനുപോലും ഇവരെത്തമ്മിൽ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. ജീവിതത്തിൽ ഇന്നേവരെ ഇവർ പിണങ്ങിയിട്ടില്ല. ഇരുവരുടെയും മക്കൾ തമ്മിലും തെല്ലും അകൽച്ചയുണ്ടായിട്ടില്ല.
മക്കൾക്ക് നാലുപേർക്കും കൂടി രണ്ടപ്പച്ചൻമാരും രണ്ടമ്മച്ചിമാരുമാണ് ഉണ്ടായിരുന്നത്. കുട്ടികളെത്രയെന്നു ചോദിച്ചാൽ ഇരുവരും നാലെന്നാകും മറുപടി. ജനപ്രിയൻ എന്ന സിനിമയിൽ ഒരു ഗാനരംഗത്തിൽ ജോണ്‍സനും സൈമണും അഭിനയിച്ചിട്ടുണ്ട്. ജോണ്‍സന്റെ കാഴ്ചശക്തിക്ക് ഇപ്പോൾ മങ്ങലേറ്റിട്ടുണ്ട്.
സഹോദരൻ വിടപറഞ്ഞെങ്കിലും ഹൃദയത്തിൽ ആദ്യം മുളപൊട്ടിയ സ്നേഹത്തിന് അൽപംപോലും കുറവു വന്നിട്ടില്ല. ഇവരുടെ ജീവിതത്തിന്റെ വിജയരഹസ്യം ഏവരിലും വിസ്മയം തീർക്കുന്ന കലർപ്പില്ലാത്ത സ്നേഹംതന്നെയാണ്.