ഒരോ ജനനവും വിസ്മയവും കൗതുകവും കലര്‍ന്നതാണ്. ആദ്യമായി ഈ ഭൂമിയിലേക്ക് എത്തുന്ന ഒരു കുഞ്ഞിനെ കാണാനെത്ര കണ്ണുകളാണ് കാത്തിരിക്കുന്നതെന്ന് പറയേണ്ടതില്ലല്ലൊ.
കുട്ടികള്‍ ഇരട്ടകളാണെങ്കില്‍ പറയുകയും വേണ്ട. അവര്‍ക്കായുള്ള കാത്തിരിപ്പിന്റെ ആവേശം വേറൊന്നുതന്നെ ആയിരിക്കും.
എന്നാല്‍ എല്ലാ ജനനങ്ങളും അത്ര സാധാരണമായിരിക്കില്ല. ചില ഗര്‍ഭവതികള്‍ പല കാരണങ്ങളാല്‍ ഏറെ വെല്ലുവിളികളെ നേരിടാറുണ്ട്. അത്തരത്തില്‍ കാനഡയില്‍ സംഭവിച്ച ഒന്നായിരുന്നു അഡിയയും അഡ്രിയലിന്റെയും ജനനം.
ജനനസമയത്ത് അതിജീവിക്കാനുള്ള പൂജ്യം ശതമാനം എന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ കുഞ്ഞുങ്ങളായിരുന്നു ഇവര്‍.
എന്നാല്‍ തങ്ങളുടെ ജനനത്തിലൂടെ ഗിന്നസ് റിക്കാര്‍ഡ് വരെ സ്വന്തമാക്കി അഡിയ ലെയ്ലിനും അഡ്രിയാല് ലൂക്കാ നടരാജയും.
കാലം തികയുംമുമ്പ് പിറന്ന ഇരട്ടകള്‍ എന്ന റിക്കാര്‍ഡാണ് ഇവര്‍ സ്വന്തമാക്കിയത്. 21 ആഴ്ചയും അഞ്ച് ദിവസവും ആയപ്പോഴേക്കും ഇവര്‍ പിറന്നുവീണു. കാലം തികയാന്‍ 126 ദിവസം കൂടി ഉണ്ടായിരിക്കെയാണ് ജനനം.
അമേരിക്കയിലെ കീലിയും കാംബ്രി ഇവോള്ട്ടും സ്ഥാപിച്ച 125 ദിവസം എന്ന റിക്കാര്‍ഡാണ് അഡിയയും അഡ്രിയലും തകര്‍ത്തത്. മാത്രമല്ല “ജനനത്തില്‍ ഏറ്റവും ഭാരം കുറഞ്ഞ ഇരട്ടകള്‍’ എന്ന പദവിയും അഡിയയ്ക്കും അഡ്രിയയ്ക്കുമാണ്.
അഡിയയുടെ ഭാരം 330 ഗ്രാമും അഡ്രിയാലിന് 420 ഗ്രാമും ആയിരുന്നു ഭാരം. രണ്ടുപേര്‍ക്കുമായി ജനന സമയത്ത് ആകെ ഭാരം 750 ഗ്രാം മാത്രമായിരുന്നു.
ടൊറന്റോ യിലെ മൗണ്ട് സിനായ് ആശുപത്രിയിലാണ് ഈ ഇരട്ടകള്‍ ജനിച്ചത്. പ്രസവശേഷം, ഏകദേശം ആറ് മാസത്തോളം ഇരട്ടകള്‍ ആശുപത്രിയില്‍ കഴിയുകയും മസ്തിഷ്ക രക്തസ്രാവം, ദ്രാവകം നിയന്ത്രിക്കല്‍, സെപ്സിസ്, ശ്വസനം എന്നിവയുമായി ബന്ധപ്പെട്ട സങ്കീര്‍ണതകള്‍ നേരിടുകയും ചെയ്തതായി അവരുടെ അമ്മ ഷക്കീന രാജേന്ദ്രം പറയുന്നു.
നിലവില്‍ ഈ കുഞ്ഞുങ്ങള്‍ സാധാരണ ജീവിതത്തിലാണ്. അവര്‍ വിജയകരമായ ഒന്നാംവര്‍ഷം പിന്നീടുമ്പോള്‍ ജീവിതത്തിന് മുന്നില്‍ പകച്ചുനില്‍ക്കുന്ന പലര്‍ക്കും പ്രചോദനം കൂടിയാവുകയാണ്. കാരണം ആരോഗ്യമേഖല രക്ഷപ്പെടാന്‍ പൂജ്യം ശതമാനം സാധ്യത പറഞ്ഞയിടത്ത് നിന്നാണല്ലൊ ഈ കുഞ്ഞുങ്ങള്‍ ഈ 365 ദിവസങ്ങള്‍ പിന്നീട്ടിരിക്കുന്നത്.