ആംആദ്മി നേതാവും ഡെല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാളിന് കഴിഞ്ഞദിവസം മര്‍ദനമേറ്റിരുന്നു. ഡെല്‍ഹിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു രാജേഷ് ചൗഹാന്‍ എന്നയാള്‍ അരവിന്ദിന്റെ മുഖത്തടിച്ചത്. അമിത് ഷായും മോദിയും നിയോഗിച്ച ബിജെപിക്കാരനാണ് തന്നെ മര്‍ദിച്ചതെന്നായിരുന്നു എഎപിയുടെ ആരോപണം.
കാര്യങ്ങള്‍ പക്ഷേ ഇപ്പോള്‍ മാറിമറിഞ്ഞിരിക്കുകയാണ്. സ്വന്തം പാര്‍ട്ടിക്കാരന്‍ തന്നെയാണ് കേജരിവാളിനെ മര്‍ദിച്ചതെന്നതിന്റെ തെളിവുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. രാജേഷ് ചൗഹാന്‍ എഎപിയുടെ സജീവപ്രവര്‍ത്തകനായിരുന്നെന്ന് തെളിയിക്കുന്നതാണ് ഈ ദൃശ്യങ്ങള്‍. എഎപിയുടെ വടക്കന്‍ ഡെല്‍ഹിയിലെ പാര്‍ട്ടി പരിപാടിയില്‍ വേദിയില്‍ ഇരിക്കുന്ന രാജേഷിന്റെ വീഡിയോയാണ് ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടത്.
തെരഞ്ഞെടുപ്പിന് കുറച്ചുദിവസം മാത്രം ബാക്കിനില്‍ക്കേ എഎപിക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ് പുതിയ ദൃശ്യങ്ങള്‍. ഏഴു സീറ്റിലും കോണ്‍ഗ്രസുമായി സഖ്യമില്ലാതെ മത്സരിക്കുന്ന ആംആദ്മിക്ക് കാര്യങ്ങള്‍ അത്ര പന്തിയല്ല. മുസ്ലീം വോട്ടുകളില്‍ കണ്ണുവച്ചിട്ടുള്ള ആപ്പിന് കോണ്‍ഗ്രസിന്റെ സാന്നിധ്യം ദോഷം ചെയ്‌തേക്കും.