ന്യൂഡൽഹി: ട്വിറ്ററിന്റെ നിയമപരിരക്ഷ ഒഴിവാക്കി കേന്ദ്രസർക്കാർ. പുതിയ ഐടി നിയമങ്ങൾ പാലിക്കാത്തതിനാലാണ് നടപടി.
ഇതോടെ ഉപയോക്താവ് പോസ്റ്റ് ചെയ്യുന്ന ഉള്ളടക്കത്തിന്റെ പേരിൽ ട്വിറ്റർ നിയമനടപടി നേരിടേണ്ടിവരും.
പലതവണ അവസരം നൽകിയിട്ടും ട്വിറ്റർ നിയമങ്ങൾ പാലിക്കാത്തത് ബോധപൂർവമാണെന്ന് ഐടി മന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു.
നിയമത്തിൽനിന്നും ഒഴിവ് തേടുന്നത് പാഴ്വേലയെന്നും മന്ത്രി കൂട്ടിച്ചേർത്തു. എന്നാൽ ഇതു സംബന്ധിച്ച് പ്രതികരിക്കാൻ ട്വിറ്റർ വിസമ്മതിച്ചു.
നിയമപരിരക്ഷ ഒഴിവാക്കിയതിനു പിന്നാലെ ഉത്തർപ്രദേശിലെ ഗാസിയാബാദിൽ അപകീർത്തികരമായ ട്വീറ്റിന്റെ പേരിൽ ട്വിറ്ററിനെതിരെ പോലീസ് കേസെടുത്തു.
ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോ മതസ്പർദ വളർത്താൻ ലക്ഷ്യംവച്ചുള്ളതാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.